Pages

Saturday, June 22, 2019

തൊണ്ട വരണ്ടു കേഴുന്ന ചെന്നൈ നഗരം


  തൊണ്ട വരണ്ടു കേഴുന്ന ചെന്നൈ നഗരം

തമിഴ് നാട്ടിൽ  ജലക്ഷാമം അതിരൂക്ഷമായി തീർന്നിരിക്കുകയാണ് .  വറ്റി വരണ്ട മണ്ണില്‍ കുടിവെള്ളത്തിനായി  ജനങ്ങള്‍ വലയുകയാണ്. തലസ്ഥാന നഗരമായ ചെന്നൈയില്‍ ചില ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചിട്ടു. കനത്ത ചൂടിനോടൊപ്പം ജല സോത്രസ്സുകള്‍ വറ്റിയതും ഭൂഗര്‍ഭ ജലനിരക്ക് കുറഞ്ഞതും വരള്‍ച്ച രൂക്ഷമാക്കി.ചെന്നൈ തൊണ്ട വരണ്ടു കേഴുന്നതു രാജ്യത്തിന്റെ മുഴുവൻ ആശങ്കയായിത്തീർന്നിരിക്കുന്നു. സമീപ ചരിത്രത്തിലെ  ഏറ്റവും കടുത്ത ജലക്ഷാമത്തിലൂടെയാണ് ആ മഹാനഗരം ഇപ്പോൾ കടന്നുപോകുന്നത്. മഴപെയ്‌തിട്ടു അവിടെ ആറ് മാസത്തിലേറെയായി. സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവും കുറച്ചു. മുന്‍പ് ദിവസവും 83 ലിറ്റര്‍ വെള്ളം നല്‍കിയിരുന്നടത്ത് ഇപ്പോള്‍ 52 ലിറ്റര്‍ വെള്ളം മാത്രമേ കൊടുക്കുന്നുള്ളൂ.
 വെള്ളമില്ലാതെ ജനജീവിതവും താറുമാറായി. വന്‍ തോതില്‍ വെള്ളം ആവശ്യമായി വരുന്ന ഐടി കമ്പനികള്‍ ജീവനക്കാരോട് ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളിലും സ്ഥിതി മോശമാണ്.ആളുകള്‍ താമസസ്ഥലങ്ങള്‍ മാറിത്തുടങ്ങി.ഹോസ്റ്റലുകള്‍ പലതും  അടച്ചു.സ്‌കൂളുകളില്‍  പ്രവര്‍ത്തനസമയം കുറച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുകയാണ്.   ഡിപോസിബില്‍ പ്ലേറ്റിലാണ് പല ഹോട്ടലുകളും ഭക്ഷണം വിളമ്പുന്നത്. ആശുപത്രികളുടെ സ്ഥിതിയാണ് ഏറെ ആശങ്കാജനകം. ഭൂഗർഭ ജലനിരപ്പു വൻതോതിൽ കുറഞ്ഞും ജലസ്രോതസ്സുകൾ വറ്റിവരണ്ടും അതിരൂക്ഷമായ വരൾച്ചയിൽ ചെന്നൈ നഗരം പകച്ചുനിൽക്കുമ്പോൾ ലക്ഷക്കണക്കിനുപേർ ജലക്ഷാമത്തിന്റെ പിടിയിലമർന്നുകഴിഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, ദിനംപ്രതി ആളോഹരി വേണ്ട കുറഞ്ഞ ജലം 150 ലീറ്ററാണെന്നിരിക്കെ, ചെന്നൈയിൽ ലഭിക്കുന്നത് 10 ലീറ്റർ മാത്രമാണ് .ചെന്നൈ നഗരം ശുദ്ധജലത്തിന് ആശ്രയിക്കുന്ന നാലു തടാകങ്ങളും വറ്റിവരണ്ടു കഴിഞ്ഞു. നഗരത്തിലെ പകുതിയിലധികം കുഴൽക്കിണറുകളിലും വെള്ളം വറ്റിയിരിക്കുന്നു.നഗരത്തിലെ ശുദ്ധജലക്ഷാമം അനുദിനം വഷളാകുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണു കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.നഗരത്തിലെ ശുദ്ധജലക്ഷാമം ഒരു ദിവസം കൊണ്ടു തുടങ്ങിയതല്ലെന്നും ഇതു സംഭവിക്കുമെന്നു സംസ്ഥാന സർക്കാരിനു നല്ല ധാരണയുണ്ടായിരുന്നുവെന്നുമാണു  കോടതി പറഞ്ഞത്.

അനതിവിദൂരഭാവിയിൽ   കേരളത്തിൻറെ സ്ഥിതിയും ഇതുതന്നെയാണ് എന്ന് ഓർക്കുന്നത് നല്ലത് കേരളത്തിലെ ഓരോ നദിയും ശ്വാസംമുട്ടി മരിക്കുന്നതു നമ്മുടെ കൺമുന്നിലാണ്. വനനശീകരണം, കയ്യേറ്റം, മണൽവാരൽ, ഒഴുക്കു തടയൽ, കുന്നിടിക്കൽ തുടങ്ങി കാരണങ്ങളാൾ നമ്മുടെ ജലശ്രോതസുകൾ നശിക്കുകയാണ് .നമുക്കുള്ള 44 നദികളെല്ലാം ചേർന്നു നൽകുന്നതിനെക്കാൾ ജലമൊഴുകിയിരുന്ന ഗോദാവരി നദിയുടെ തീരത്തുള്ള ജനമാണ് മഹാരാഷ്ട്രയിൽ 2016ൽ വരൾച്ചക്കാലത്തു കൊടുംദുരിതം അനുഭവിച്ചതെന്നുകൂടി മലയാളികൾ മനസ്സിലാക്കണം .മഴവെള്ളം സംഭരിക്കുകയും  കിണറ്റിലേക്കു മഴവെള്ളം ഇറക്കി റീചാർജ് ചെയ്യുന്നതുമെല്ലാം നാം  വ്യാപകമാക്കേണ്ടതുണ്ട്. ചെന്നൈയിൽ  നിന്ന്  പലതും കേരളത്തിന് പഠിക്കാനുണ്ട്  വേലികെട്ടി താഴിട്ട് പൂട്ടി സുരക്ഷയൊരുക്കിയ കിണർ. പൂട്ട് തുറക്കുന്നതും കാത്ത് മണിക്കൂറുകളോളം അക്ഷമയോടെ കാത്തിരിക്കുന്ന ജനക്കൂട്ത്തെ  മലയാളികൾ കാണണം .അവിടെ ‘‘കുടിക്കാൻ വെള്ളമില്ല. കുളിക്കാനും വെള്ളമില്ല. പാത്രം കഴുകാനും അലക്കാനും വെള്ളമില്ല. ഞങ്ങൾ എവിടെ പോകും’’  കൈക്കുഞ്ഞുമായി  നിലവിളിക്കുന്ന അമ്മമാരെ ചെന്നൈയിൽ കാണാം . വെള്ളത്തിനായി കലഹിക്കുന്ന  സ്ത്രീകളുടെ നീണ്ടനിര  അവിടെ കാണാം . മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും കൊടുംവരൾച്ച ബാധിച്ചു .വെള്ളമില്ലാതെ മീനുകൾ ചത്തുപൊങ്ങുകയാണ്..
2003-ൽ ചെന്നൈയിൽ വരൾച്ച ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ ഭയാനകമാണ് നിലവിലെ സ്ഥിതിയെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എണ്ണൂറടി കുഴിച്ചാലും കുഴൽക്കിണറുകളിൽ വെള്ളം കിട്ടുന്നില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളത്തിന് ദിവസങ്ങൾ കാത്തിരിക്കണം. ടാങ്കറുകളിൽ നിറയ്ക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്.ജലക്ഷാമം ജനജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്. കുഴല്‍ കിണറുകളില്‍ പോലും വെള്ളം ഇല്ല. ചെന്നൈയ്ക്ക് പുറമേ മധുര കാഞ്ചീപുരം വെല്ലൂര്‍ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: