Pages

Sunday, June 23, 2019

സംരംഭകരെ കൊലയ്ക്കുകൊടുക്കുന്ന കരുണയില്ലാത്തഉദ്യോഗസ്ഥവൃന്ദം


സംരംഭകരെ കൊലയ്ക്കുകൊടുക്കുന്ന
കരുണയില്ലാത്തഉദ്യോഗസ്ഥവൃന്ദം

കണ്ണൂർ ആന്തൂര്‍ നഗരസഭാ പരിധിയിൽ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തന അനുമതി നൽകുന്നതിൽ അനാവശ്യ കാലതാമസത്തിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം  കേരളത്തിൽ കോളിളക്കം  സൃഷ്‌ടിച്ചിരിക്കുകയാണ് .ജൂൺ 18നാണ് സാജനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപയാണ് ഈ ഓഡിറ്റോറിയത്തിനായി സാജന്‍ ചെലവഴിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷിച്ചപ്പോള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അത് തടഞ്ഞുവയ്ക്കുകയായിരുന്നു. നിര്‍മ്മാണ് പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നടപടി നഗരസഭാ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പറയുന്നു .

പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രവാസിയായ സാജൻ പാറയിലിന് കെട്ടിട നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന് എഞ്ചിനീയര്‍ ഫയൽ എഴുതിയിരുന്നു . പക്ഷെ സെക്രട്ടറി ഫയലിൽ 15 തടസ്സങ്ങൾ എഴുതി. അനുമതി നിഷേധിക്കാൻ മനപൂര്‍വ്വം ബാലിശമായ വാദങ്ങൾ  സെക്രട്ടറി ഫയലിൽ എഴുതിയതെന്നാണ് മന്ത്രികണ്ടെത്തിയിരിക്കുന്നത് .ഈ  സംഭവത്തിൽ  ആന്തൂർ മുനിസിപ്പാലിറ്റിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു.. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിക്കുക.സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തതോടെ ഈ ആവശ്യത്തിന് ബലമേറിയിട്ടുണ്ട്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.പ്രവാസിയുടെ  ഈ മരണം അതീവ ദുഖമാണ്  കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത് .

ഉദ്യോഗസ്ഥ മനോഭാവത്തിന് ഒരു മാറ്റമുണ്ടാകാൻ  ഈ സംഭവം  നിമിത്തമായി മാറട്ടെ ഈ ദുരന്തം. സ്വന്തം ജീവിതപങ്കാളിയെ നഷ്ടപ്പെടുത്തേണ്ടിവന്ന ഒരു യുവതിയുടെ നീതിക്കായുള്ള നിലവിളി ആരും കേൾക്കാതെ പോകരുത് .സർക്കാർ ഓഫീസുകളിലെ കൊളോണിയൽ ഫയൽനോട്ടരീതി മാറേണ്ടതിനെക്കുറിച്ച് പുതുതായി അധികാരമേറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ബോധിപ്പിച്ചത്‌ 2016 ജൂണിലായിരുന്നു. നമ്മുടെ സർക്കാർ ഓഫീസുകൾ മാറിയേക്കും എന്നൊരു പ്രത്യാശ അതുണ്ടാക്കി. കൃത്യം മൂന്നു  വർഷത്തിനുള്ളിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ മർക്കടമുഷ്ടിയിൽ മനംമടുത്ത് കണ്ണൂരിലെ പ്രവാസി വ്യവസായ സംരംഭകൻ ആത്മഹത്യ ചെയ്തിരിക്കുന്നു. ചുവപ്പുനാട വേണ്ട, ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന അന്നത്തെ പ്രസംഗത്തിന് അറംപറ്റിയിരിക്കുന്നു. ആ ഫയലുകളിൽ നിങ്ങളെഴുതുന്ന കുറിപ്പാകും ഒരുപക്ഷേ, അവരിൽ അപൂർവം ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ  ഓർമപ്പെടുത്തൽ ആരുംചെവിക്കൊണ്ടില്ല എന്നർഥം. അതിനു ചെവിയോർത്തിരുന്നെങ്കിൽ പ്രവാസിവ്യവസായി സാജന്റെ ആത്മഹത്യ ഒഴിവാക്കാനാകുമായിരുന്നു. ഇന്ന് ആ മരണം രാഷ്ട്രീയകേരളത്തെ ഒരു വിചാരണയ്ക്ക്  വിധേയമാക്കുകയാണ്.

 ഇന്നത്തെ സാഹചര്യത്തിൽ  കേരളത്തിൽ വ്യവസായം തുടങ്ങാൻ ആരെങ്കിലും മുന്നോട്ടുവരുമോ ?സംരംഭകനെ മരണത്തിലേക്ക് തള്ളിയിട്ടവർ  മാപ്പ് അർഹിക്കുന്നില്ല .  ആത്മഹത്യ ചെയ്യാൻ വിധിക്കപ്പെട്ട സംരംഭകന്റെ ഭാര്യയുടെ വാക്കുകൾ കണക്കിലെടുക്കാതിരിക്കാൻ ഇനി സർക്കാരിനോ പാർട്ടിക്കോ കഴിയില്ല. നഗരസഭ അധ്യക്ഷ ആ സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതാണ്  ഉചിതം .സാജൻറെ ഭാര്യയുടെ വാക്കുകൾ  കേൾക്കാൻ  അധികാരികൾ തയാറാകണം " ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ചേട്ടനു മുന്നിൽ ഇല്ല എന്നറിഞ്ഞു തന്നെയാണ് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള ടീച്ചറും സെക്രട്ടറി ഗിരീഷും എൻജിനീയർ കലേഷും പാർഥാ കൺവൻഷൻ സെന്ററിന് അനുമതി നിഷേധിച്ചത്." മാത്രമല്ല നഗരസഭാധ്യക്ഷയുടെ വാക്കുകൾ ക്രൂരമായിപ്പോയി "‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ലഎന്ന്.എല്ലാം തുരുമ്പെടുക്കട്ടെ, തൂക്കി വിൽക്കാം" കുറ്റക്കാരെ കണ്ടെത്തി ക്രിമിനൽ കേസെടുക്കണം. സാജൻറെ ആത്മഹത്യയുടെ  ഉത്തരവാദിത്വത്തിൽ നിന്ന് നഗരസഭാധ്യക്ഷക്ക്  പങ്കില്ലെന്ന്  പറയാൻ പറ്റുമോ ? ഉദ്യോഗസ്ഥർക്ക്  പങ്കില്ലെന്ന്  പറയാൻ പറ്റുമോ ?

പ്രൊഫ്. ജോൺ കുരാക്കാർ

No comments: