Pages

Saturday, June 8, 2019

തെറ്റുപറ്റുന്ന നമ്മുടെ ലബോറട്ടറികൾ-2


തെറ്റുപറ്റുന്ന നമ്മുടെ ലബോറട്ടറികൾ

യോഗ്യതയില്ലാത്തവരോ അംഗീകാരമില്ലാത്ത ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഉള്ളവരോ ആണ് പല സ്വകാര്യ ലാബുകളിലും ജോലിക്കുള്ളത് . സർക്കാരിൻറെ  നിയന്ത്രണം ഇല്ലാത്തതാണ് ഏറ്റവുംവലിയ പ്രശ്‌നം.ഇടുക്കിയിലെ  ഒരു ഡോക്ടരുടെ  അനുഭവം നോക്കൂ  " ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗിയോട് ഷുഗറും കൊളസ്ട്രോളുമൊക്കെ പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചു. ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള സ്വകാര്യ ലാബിലെത്തി. മൂന്നു മണിക്കൂറിനുള്ളിൽ പരിശോധനാഫലം റെഡി. റിസൽറ്റ് പരിശോധിച്ച ഡോക്ടറുടെ കണ്ണുതള്ളി, നോർമലായി ഒന്നുംതന്നെയില്ല; ഈ മനുഷ്യൻ എങ്ങനെ ജീവിച്ചിരിക്കുന്നു! ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു.അവിടെ നടത്തിയ വിശദ പരിശോധനയിൽ സ്വകാര്യ ലാബിലെ ഫലം തെറ്റാണെന്നു തെളിഞ്ഞു. ഇടുക്കിയിലെ അതിർത്തിപ്രദേശങ്ങളിലുള്ള പല ലാബുകളും ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നു പരാതിയുണ്ട്. പിഴവുകൾ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ലാബുകാരുമുണ്ട്.
രാജ്യാന്തര, ദേശീയ അംഗീകാരം ഉണ്ടെന്നു കാണിച്ച് തട്ടിപ്പു നടത്തുന്നവരിൽ വൻകിട ലാബുകളുമുണ്ട്. ഐഎസ്ഒ, നാഷനൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ), നാഷനൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) എന്നിവയാണ് ലാബുകളുടെ സൗകര്യം വിലയിരുത്തി അംഗീകാരം നൽകുക.ലാബുകളിൽ 400തരം പരിശോധനകൾവരെ നടത്താറുണ്ട്. പത്തിൽത്താഴെ പരിശോധനകളുടെ അംഗീകാരത്തിനുവേണ്ടി അപേക്ഷിക്കും. അതു പരിശോധിച്ച് അംഗീകാരവും നൽകും. ലാബുകളാകട്ടെ എല്ലാ പരിശോധനകൾക്കും അംഗീകാരം ഉണ്ടെന്നു പ്രചരിപ്പിക്കുകയും ചെയ്യും. അങ്ങനെ ചെയ്യരുതെന്നാണ് അംഗീകാരം നൽകുന്ന സ്ഥാപനങ്ങളുടെ വ്യവസ്ഥ. ആരോടു പറയാൻ?
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമംനടപ്പിലാക്കുകമാത്രമാണ് ലബോറട്ടറികളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള  ഏകമാർഗം .ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ആരോഗ്യമേഖലയിലെ എല്ലാ സ്ഥാനങ്ങളും റജിസ്റ്റർ ചെയ്യണം. മെഷീനുകൾ, പരിശോധനാരീതികൾ, ജീവനക്കാരുടെ യോഗ്യത എന്നിവയെക്കുറിച്ച് ലാബ് ഉടമ സത്യവാങ്മൂലം നൽകണം. അതിനുശേഷം, വിദഗ്ധസംഘത്തിന്റെ പരിശോധന. മനുഷ്യജീവന്‌  പല സ്വകാര്യ  ലാബുകൾ നിസ്സാരവിലയാണ്  കൽപ്പിക്കുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ


















No comments: