കെ എം മാണി -കേരള രാഷ്ട്രീയത്തിലെ അതികായൻ
രാഷ്ട്ര തന്ത്രജ്ഞനായ മാണിസാർ മികച്ച പാര്ലമെന്റേറിയനും നിയമജ്ഞനുമായിരുന്നു.ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാംഗം, ഏറ്റവും കൂടുതല്‍ മന്ത്രിസഭകളിലെ അംഗം, തുടര്ച്ചയായി 11 നിയമസഭകളില്‍ അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്നിങ്ങനെ അദ്ദേഹത്തിന്റെ റെക്കോഡുകള്‍ പലതാണ്. 1964ല്‍ രൂപീകൃതമായ പാലാ മണ്ഡലത്തില്‍ നിന്നാണ് കെ എം മാണി തുടര്ച്ചയായി വിജയിച്ചത്.ഒട്ടുമിക്ക വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയും ദീര്ഘകാലം നിയമസഭാംഗവുമെന്ന നിലയില്‍ മികച്ച പാര്ലമെന്റേറിയനും ഭരണാധികാരിയുമാണ് അദ്ദേഹം .പാലായിലെ മാണിക്യം എന്നാണു അനുയായികൾ അദ്ദേഹത്തെ വിളിക്കുന്നത് .
ആഢ്യത്വവും അതിവിനയവുമുള്ള , കര്ഷകന്റെയും സാധാരണക്കാരന്റെയും പാവങ്ങളുടെയും കരംകവര്ന്ന കറകളഞ്ഞ മനുഷ്യസ്നേഹിയാണ് കെ.എം മാണി .കേരളത്തെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെപോലും പലപ്പോഴും തന്നിലേക്ക് ആകര്ഷിപ്പിക്കുംവിധം നേതാക്കളുമായുള്ള ഇഴമുറിയാത്ത അടുപ്പവും വാക്ചാതുരിയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം . മാറിമറിയുന്ന കേരള രാഷ്ട്രീയ ഭൂമികയില്‍ കര്‍ഷകരുടെ നട്ടെല്ലായി കേരള കോണ്ഗ്രസിനെ പാര്ട്ടി ചിഹ്നമായ രണ്ടില പോലെ എന്നെന്നും ഹരിതാഭമാക്കി നിര്ത്തി.കോട്ടയംജില്ലയിലെ പാലായില്‍ ജനിച്ച് പാലാക്കാരനായി നിറഞ്ഞുനില്ക്കുമ്പോള്തന്നെ കേരളത്തിലും രാജ്യതലസ്ഥാനത്തും അനുനായികളുടെയും നേതാക്കളുടെയും ‘മാണിസാര്‍’ എന്നെന്നും തിളങ്ങിനിന്നു. കര്ഷകത്തൊഴിലാളി പെന്ഷന്പദ്ധതിയും പാവപ്പെട്ട രോഗികള്ക്കുള്ള കാരുണ്യ ലോട്ടറിയും മാണിസാറിൻറെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപെടുന്നവയാണ് .
ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച റെക്കോര്ഡിനുടമയായ കെ.എം മാണി. നിയമസഭയിലേക്ക് തന്റെ വിഖ്യാതമായ സ്യൂട്ട്കെയ്സുമായി കയറിവരുന്ന ചിത്രം മലയാളിയുടെ സ്മരണകളില്‍ ഇന്നുമുണ്ടാകും.മന്ത്രിയെന്ന നിലയില്‍ വിവിധ ആവശ്യങ്ങളുമായി തന്നെ കാണാന്‍ വരുന്നവരോട് സൗമ്യമായാണ് അദ്ദേഹം ഇടപെട്ടത്. സാഹിത്യ അക്കാദമി അധ്യക്ഷനെന്ന നിലയില്‍ പണത്തിന്വേണ്ടി ധനകാര്യ മന്ത്രിയായിരുന്ന മാണിയെ സമീപിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തടസ്സവാദങ്ങള്‍ പറയാതെ തുക അനുവദിച്ചത് ജ്ഞാനപീഠം ജേതാവ് തകഴി ഓര്ക്കുകയുണ്ടായിട്ടുണ്ട്.
സമാനതകളില്ലാത്ത നേട്ടങ്ങളുടെ തൂവൽകൊണ്ട് അലങ്കരിക്കപ്പെട്ട ധന്യമായ 86 വർഷത്തിന്റെ ഒരു യുഗം കഴിഞ്ഞിരിക്കുന്നു. കൃഷിക്കാരന്റെ കണ്ണീരുറഞ്ഞ ഫയലുകളിൽനിന്ന് പരിഹാരങ്ങളെ നിർധാരണംചെയ്ത ഗണിതപാടവം. പതിമ്മൂന്ന് ബജറ്റുകളിലൂടെയും എണ്ണംപറഞ്ഞ പദ്ധതികളിലൂടെയും കർഷകന്റെ ജീവിതപ്രശ്നങ്ങൾക്ക് ആശ്വാസം പകർന്നതാണ് മാണിയുടെ വിജയത്തിന്റെ രഹസ്യം
1933 ജനുവരി 30-ന് മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തോമസ് മാണിയുടെയും എലിയാമ്മയുടെയും മകനായി ജനിച്ച മാണി അഭിഭാഷകനായിരിക്കേയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.ആർ. ബാലകൃഷ്ണപിള്ളയും പി.ജെ. ജോസഫും ടി.എം. ജേക്കബുമൊക്കെച്ചേർന്ന് കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ബലാബലങ്ങളിൽ കക്ഷിയായപ്പോഴും കെ.എം. മാണി അവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. നിത്യം ധരിച്ചിരുന്ന ഖദർജുബ്ബയുടെ വെണ്മ ജീവിതത്തിലും നിലനിർത്തിയ കെ.എം. മാണിക്ക് സമനായി അദ്ദേഹം മാത്രം. മാണിസാർ എന്ന മനുഷ്യസ്നേഹിയുടെ വിയോഗത്തില് എല്ലാ മനുഷ്യസ്നേഹികള്ക്കുമൊപ്പം" window of knowledge " പങ്കുചേരുന്നതോടൊപ്പം .കേരള രാഷ്ട്രീയത്തിലെ അതികായനായ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അർപ്പിക്കുകയും ചെയ്യുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment