Pages

Friday, March 29, 2019

കേരളം കൊടുംവരൾച്ചയിലേക്ക് അതിവേഗം നീങ്ങുന്നു.ഉത്തരവാദി ആര് ? .


കേരളം കൊടുംവരൾച്ചയിലേക്ക് അതിവേഗം നീങ്ങുന്നു.ഉത്തരവാദി ആര് ? .

കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടുംചൂട് എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു . ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ എല്‍ നിനോ തകിടംമറിക്കും. ഇതിന്റെ ആഘാതം മനസിലാകുന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.സംസ്ഥാനത്തെ നിലവിലെ താപസൂചിക പലയിടത്തും 50ന് മുകളിലാണ്. അതിനാലാണ് കൂടുതല്‍പേര്‍ക്ക് സൂര്യതാപമേല്‍ക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ചൂടാണെങ്കിലും അന്തരീക്ഷത്തില്‍ വേനല്‍മഴയ്ക്ക് അനുകൂലസാഹചര്യമില്ല. അതിനാല്‍, ചൂട് ഇനിയുംകൂടാനാണ് സാധ്യത.

ഏപ്രില്‍ പകുതിയോടുകൂടിയെങ്കിലും വേനല്‍ മഴ  കിട്ടിയില്ലെങ്കില്‍ കേരളം ഉഷ്ണതരംഗത്തിലേക്കും കൊടുംവരള്‍ച്ചയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പാണ്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്. അനിയന്ത്രിതമായി സംസ്ഥാനത്ത് ചൂട് കൂടാനുള്ള കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഘടികാരദിശയില്‍ വായുസഞ്ചാരമുണ്ടായാലേ മഴമേഘങ്ങള്‍ക്ക് സാധ്യതയുള്ളൂ. നിലവില്‍ സംസ്ഥാനത്ത് ഘടികാരദിശയ്ക്ക് എതിരായുള്ള വായുസഞ്ചാരമാണുള്ളത്. ഇത് മേഘങ്ങള്‍ ഉണ്ടാകാന്‍ തടസം നില്‍ക്കുന്നു. ഇതുകൂടാതെ അറബിക്കടലിന്റെ പലഭാഗങ്ങളിലും താപനില ഒന്നുമുതല്‍ മൂന്നുശതമാനംവരെ കൂടി. കടലില്‍നിന്ന് ഉഷ്ണക്കാറ്റ് കരയിലേക്കടിക്കുന്നതും ചൂട് കൂടാനുള്ള കാരണങ്ങളിലൊന്നാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുന്നതിനാല്‍ യഥാര്‍ഥത്തിലുള്ള താപനിലയേക്കാള്‍ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വര്‍ധിക്കും. ഇത് കൂടുതല്‍പേര്‍ക്ക് സൂര്യതാപം ഏല്‍ക്കാന്‍ കാരണമാകുന്നു.

മനുഷ്യന്റെ ശരീരോഷ്മാവിനെക്കാള്‍ കൂടുതലായി അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂടുകൂടുതലായി അനുഭവപ്പെടാന്‍ ഇടയാക്കും. ഇതുകൂടാതെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ പലയിടത്തും ഭൂമിയിലെ മേല്‍മണ്ണ് നഷ്ടമായത് കാരണം ചൂട് ആഗിരണംചെയ്യുന്നത് കുറഞ്ഞു. കാഠിന്യമേറിയ മണ്ണ് ചൂട് പുറത്തേക്ക് വമിപ്പിക്കുകയാണ് ചെയ്യുക.ആരെയും അദ്ഭുതപ്പെടുത്തുന്നതും കൊതിപ്പിക്കുന്നതുമായിരുന്നു കേരളത്തിന്റെ ജലസമൃദ്ധി കുറച്ചുകാലംമുമ്പുവരെ. ഉപയോഗത്തിലെ ധൂർത്തും ജലസ്ഥിരത ഇല്ലാതാക്കുന്ന വികസനപ്രവർത്തനങ്ങളും വനനശീകരണവും തണ്ണീർത്തടം നികത്തലും ഖനനവും മാലിന്യം തള്ളലുമൊക്കെ ഈ സമൃദ്ധി നഷ്ടപ്പെടുത്തി. എന്തുചെയ്താലും എന്നും വെള്ളം സമൃദ്ധമായി ഉണ്ടാകുമെന്ന മനോഭാവമാണ് നമ്മെ ഇപ്പോഴത്തെ ദുരവസ്ഥയിലെത്തിച്ചത്. പ്രകൃതിസംരക്ഷണ യത്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുമെന്നുപറയുന്ന സർക്കാർതന്നെ അതിന്‌ വിരുദ്ധമായ നിലപാടെടുക്കുന്ന വിചിത്രമായ കാഴ്ചകളാണ് നമുക്ക് കാണാൻ കഴിയുന്നത് .

പണ്ടൊക്കെ ജലസമൃദ്ധമായ വർഷകാലം കഴിഞ്ഞ് വേനൽ വന്നാലും രണ്ടുമൂന്നുമാസം കൊണ്ടേ കിണറിലെ ജലനിരപ്പ് താഴുമായിരുന്നുള്ളൂ. എന്നാലിപ്പോൾ നാടുമുഴുവൻ മുക്കിയ പ്രളയത്തിനുശേഷവും രണ്ടാഴ്ച കഴിഞ്ഞപ്പോൾതന്നെ കിണറുകളിൽ വെള്ളം താണു, പുഴകൾ ശോഷിച്ചുതുടങ്ങി. തോടുകളും അരുവികളുമൊക്കെ വറ്റി. ജലം കരുതിവെക്കാനുള്ള മണ്ണിന്റെ കഴിവ് കുറെക്കാലമായി കുറഞ്ഞുവരുകയാണെന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതിസ്നേഹികളുമൊക്കെ മുന്നറിയിപ്പുനൽകിയിരുന്നതാണ്. പ്രളയത്തിലുണ്ടായ ശക്തമായ ഒഴുക്കും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമൊക്കെ ഈ കഴിവ് വീണ്ടും ശോഷിപ്പിച്ചുവെന്നുവേണം അനുമാനിക്കാൻ. പ്രളയത്തിനുമുമ്പ് വെള്ളം സമൃദ്ധമായിരുന്ന കുഴൽക്കിണറുകളിൽ ഇപ്പോൾ അതില്ല. ഭൂഗർഭജലലഭ്യതയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. മണ്ണിനടിയിലൂടെ കടുത്ത സമ്മർദത്തിൽ വെള്ളമൊഴുകിയതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാം.ഭൂഗർഭജലചൂഷണം ഇന്ന് വൻതോതിൽ നടക്കുകയാണ് .കുഴൽകിണർ നിർമ്മാണം നിയന്ത്രിക്കാൻ ആരും തയ്യാറല്ല. അമിതമായി താഴ്ത്തിയതുമൂലം തീരദേശത്തെ പല കുഴൽക്കിണറുകളിലും ഉപ്പുവെള്ളംകയറി. അങ്ങനെ അവ ഉപയോഗശൂന്യമായി. 600-700 അടിയാണിപ്പോൾ കുഴിക്കുന്നത്. എന്നിട്ടും പുഴയുടെ തീരത്തുപോലും ഭൂഗർഭജലമില്ലാത്ത അവസ്ഥയുണ്ട്. ജലസ്രോതസ്സുകൾ മലിനമാക്കപ്പെട്ടത് ശുദ്ധജലലഭ്യതയെ ബാധിച്ചു, പ്രത്യേകിച്ച് നഗരങ്ങളിൽ. മണ്ണിന്‌ പൊന്നിനെക്കാൾ വിലയുള്ള ഇവിടെ ജലനിക്ഷേപമുണ്ടായിരുന്ന നീർത്തടങ്ങൾ വേഗത്തിൽ നികത്തപ്പെട്ടു, കെട്ടിടങ്ങളായി. കിണഞ്ഞുശ്രമിച്ചിട്ടും നികത്താൻ പറ്റാത്തവയിൽ മുഴുവൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ നിറച്ചു. ഉണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളെയെല്ലാം നശിപ്പിച്ചശേഷം ഇപ്പോൾ ആരോ എങ്ങുനിന്നോ ടാങ്കറിൽ എത്തിച്ചുകൊടുക്കുന്ന വെള്ളം കുടിക്കാൻ വിധിക്കപ്പെട്ടവരായി നഗരവാസികൾ മാറി.

ഈ വെള്ളം ഏത്‌ സ്രോതസ്സിൽനിന്ന്‌ കൊണ്ടുവരുന്നതാണെന്നോ ഗുണനിലവാരം എങ്ങനെയാണെന്നോ ഉപയോഗിക്കുന്നവർക്ക് അറിയില്ല. വെള്ളം വിതരണം ചെയ്യുന്നവർക്കുമേൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല. ജലത്തെ അമൂല്യമായിക്കണ്ട് ഉപയോഗിക്കാനും സംരക്ഷിക്കാനും ജലലഭ്യതയും സ്ഥിരതയും ഉറപ്പുവരുത്താനുമുള്ള യത്നങ്ങൾക്ക് ഇനിയെങ്കിലും ആത്മാർഥമായ ശ്രമങ്ങൾ ഉണ്ടാകണം. അതിന് നല്ലൊരു ജലനയമുണ്ടാകണം. ജലസ്രോതസ്സുകൾ പരിപാലിക്കാനുള്ള സംവിധാനമുണ്ടാകണം.  ഭൂമിയെ എത്ര സമൃദ്ധമായാണോ നമുക്ക് ലഭിച്ചത് അതുപോലെ അടുത്തതലമുറയ്ക്ക് കൈമാറാനുമുള്ള ഉത്തരവാദിത്വവുമുണ്ട്.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: