Pages

Thursday, December 6, 2018

ഓഖിബാധിതര്‍ക്കുംപ്രളയ ബാധിതര്‍ക്കുംകേരള സർക്കാർ വാഗ്‌ദാനം നിറവേറ്റിയോ ?



ഓഖിബാധിതര്ക്കുംപ്രളയ
ബാധിതര്ക്കുംകേരള സർക്കാർ  വാഗ്ദാനം  നിറവേറ്റിയോ ?

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് കേരളത്തിൽ വെള്ളപൊക്കം ഉണ്ടായത് .അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു.നദികൾ കരകവിഞ്ഞൊഴുകി. റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു.
പ്രളയത്തിൽ 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാരിൻറെ കണക്ക് . 483 പേരാണ് പ്രളയത്തില്‍ മരണമടഞ്ഞത്.  ലോക ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവ നാല്‍പതിനായിരം കോടി രൂപയുടെ സ്വത്തു നഷ്ടമാണ് കണക്കാക്കിയതെങ്കിലും പുനര്‍നിര്‍മാണത്തിന് ഇതുവരെ  സർക്കാർ ഒന്നും ചെയ്തില്ല .. കേന്ദ്ര സര്‍ക്കാരില്‍നിന്ന് 600 കോടി ലഭിച്ചതില്‍ ആയിടെ അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും തുകയായ 265.75 കോടി കിഴിച്ചാല്‍ 334.25 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 2700 കോടി രൂപ വരും. ഇതെല്ലാംകൂടി നോക്കുമ്പോള്‍ ഏതാണ്ട് മൂവായിരംകോടി രൂപയാണ് സര്‍ക്കാരിന്റെ പക്കലെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്ന അഞ്ഞൂറോളം കോടിയും ഇതില്‍പെടും.
 എന്നാല്‍ നൂറു ദിനം പിന്നിടുമ്പോള്‍  പ്രളയബാധിതരായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തിരാശ്വാസത്തുകപോലും ഇനിയും പലര്‍ക്കും കിട്ടാനുണ്ട് എന്നതാണ് സത്യം . 700 കോടി രൂപയാണ് പ്രാഥമികാശ്വാസമായി ഇരകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് കഴിച്ചാല്‍ സര്‍ക്കാരിന്റെ കയ്യില്‍ ഇനിയാകെ ഉണ്ടാവുക 2000 കോടി രൂപ മാത്രമാണ്. ചുരുങ്ങിയത് മുപ്പതിനായിരം കോടി വേണ്ടിടത്ത് അതിന്റെ പത്തിലൊരംശംപോലും പ്രാപ്യമല്ലാത്തനിലക്ക് എങ്ങനെയാണ ്‌കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന ചോദ്യം  ഒരു ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുന്നു .കേന്ദ്രസർക്കാരിന്  കേരളത്തെ സഹായിക്കാൻ കാര്യമായൊന്നും കഴിഞ്ഞിട്ടുമില്ല . രാഷ്ട്രീയമായ കാരണങ്ങളാല്‍ യു.എ.ഇ സര്‍ക്കാര്‍ വെച്ചുനീട്ടിയ 700 കോടി രൂപ പോലും വാങ്ങിയെടുക്കാനോ ധനസമാഹാരണത്തിന് വിദേശത്ത് മന്ത്രിമാര്‍ പോകുന്നതിന് അനുമതി നല്‍കാൻ പോലും കേന്ദ്ര  സര്‍ക്കാര്‍ തയ്യാറായില്ല.
പ്രളയ ദിനങ്ങളില്‍ താല്‍ക്കാലിക ക്യാമ്പുകളിലേക്കും വാടകവീടുകളിലേക്കും മാറിത്താമസിച്ചവരുടെ വാടകയും ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞിട്ട് അതുപോലും നിവര്‍ത്തിച്ചുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പതിനായിരം കോടി രൂപയാണ് റോഡ് പുനര്‍നിര്‍മാണത്തിന് മാത്രം വേണ്ടിവരിക. അതിനുള്ള മാർഗ്ഗവും കണ്ടെത്താനായില്ല .നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഓഖി ദുരന്തം കാരണം ജീവനും വീടും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ഇനിയും പലര്‍ക്കും കിട്ടിയിട്ടില്ല. പ്രളയബാധിതര്‍ക്ക് പലിശ രഹിതമായി നാലു ലക്ഷംരൂപ വീതം ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും വെള്ളത്തിലെ വരയായി. ഓഖി ബാധിതര്‍ക്കുംപ്രളയബാധിതര്‍ക്കും സഹായം  നൽകാൻ  സർക്കാർ അമാന്തം കാണിക്കരുത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: