Pages

Friday, December 7, 2018

കേരളത്തിലെ കുടുംബ വ്യവസ്ഥയും വയോജനങ്ങളുടെ ദുരിതവും


കേരളത്തിലെ കുടുംബ വ്യവസ്ഥയും
വയോജനങ്ങളുടെ ദുരിതവും

ലോകത്തിൽ  58 കോടി വയോജനങ്ങളുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു . ഇതിൽ  60 ശതമാനത്തിലധികവും വികസ്വര രാജ്യങ്ങളിലാണ്‌.ചൈനയ്‌ക്കുശേഷം, ലോകത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 60 വയസ്സിനു മുകളിലുള്ള പത്തരക്കോടിയോളം പേർ ഇന്ത്യയിൽ . രാജ്യാന്തര സർവേഫലപ്രകാരം ലോകത്തു വയോജനങ്ങളെ ഏറ്റവും കൂടുതൽ അവഗണിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. മെച്ചപ്പെട്ട ആരോഗ്യ പരിപാലനം, ശുചിത്വ-പാർപ്പിട-ആഹാര കാര്യങ്ങളിലുള്ള പുരോഗതി എന്നിവയുടെയൊക്കെ ഫലമായി ഈ രാജ്യങ്ങളിൽ വാർധക്യത്തിൽ എത്തുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്‌.വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളം മാറികഴിഞ്ഞു .
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ യു എന്‍ എഫ് പിയുടെ സഹായത്തോടെ നടത്തിയ സര്‍വേയിലാണ് പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളത്തെ കണ്ടെത്തിയത്. 60 വയസ്സെത്തിയവരെ വൃദ്ധരും 80 വയസ്സെത്തിയവരെ വയോവൃദ്ധരുമായാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച ജീവിത സാഹചര്യങ്ങളും കൃത്യമായ ശുശ്രൂഷയുമെല്ലാം ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതായി പഠനം  വ്യക്തമാക്കുന്നു .വയോജനങ്ങൾ എന്നും സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്നവരാണ്. ജീവിതത്തിലെ നല്ലകാലം അവർ ചിലവഴിച്ചത് നമ്മുടെ നാടിനും വീടിനും വേണ്ടിയാണ്  അണുകുടുംബാങ്ങൾ വ്യപകമായതോടെ  വയോജനങ്ങൾ കടുത്ത അവഗണനയിലും ദുരിതത്തിലുമാണ് . കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുളള പരിവര്‍ത്തനം ഏറ്റവും കൂടുതലായി നടക്കുന്നത് കേരളത്തിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
 ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനവും  കേരളം തന്നെയാണ് . പത്ത്‌  ശതമാനതിലധികം  വയോജനങ്ങൽ ദുരിതത്തിലാണു് കഴിയുന്നത്  .  ഏതെങ്കിലും വിധത്തിലുള്ള പര സഹായത്താലാണ് ഇവർ  ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.അണുകുടുംബ വ്യവസ്ഥിതിയും വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കേരളത്തിലെ വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണമായി കണക്കാവുന്നതാണ് .കേരളത്തില്‍ അറുപത് വയസ്സ് കഴിഞ്ഞവര്‍ 40.2 ലക്ഷം പേരാണെന്ന് കണ്ടെത്തിയിരുന്നു. ആകെ ജനസംഖ്യയുടെ 12.5 ശതമാനമാണിത്.സമൂഹത്തെ കൂടുതൽ  ബലപ്പെടുത്താന്‍ വയോജനങ്ങളുടെ അറിവും അനുഭവവും  ഉപയോഗിക്കാൻ കേരളത്തിന് കഴിയുന്നതുമില്ല .
മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ടവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു വരികയാണ് . പല കാരണങ്ങളാൽ സ്വയം സംരക്ഷിക്കാനാവാത്തവരെ ഏറ്റെടുക്കാൻ സർക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നു  ഹൈക്കോടതി പറഞ്ഞു . വാര്‍ധക്യം ജീവിതത്തിന്റെ ഒരവസ്ഥ മാത്രമാണ്. സാധാരണഗതിയില്‍ എല്ലാവരും കടന്നുപോകേണ്ട ഒരവസ്ഥ. തങ്ങളുടെ സ്വത്ത് മക്കളുടെ പേരില്‍ .എഴുതിക്കൊടുത്തിട്ട് ശിഷ്ടകാലം അവരുടെകൂടെ സുഖമായി കഴിയാമെന്ന് വിചാരിച്ച മാതാപിതാക്കള്‍ വഞ്ചിക്കപ്പെടുന്ന  അവസ്ഥ.അതിദയനീയും തന്നെ .അണുകുടുംബങ്ങൾ  വ്യപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്  വൃദ്ധസദനങ്ങൾ പോലെയുള്ള സംവിധാനങ്ങൾ ഒരുപരിധിവരെ അനിവാര്യവും ആശ്വാസവുമാണ്. എന്നാൽ, വാർധക്യം പല കുടുംബങ്ങളിലും ബാധ്യതയാകുന്നു എന്നതാണു സമൂഹത്തിന്റെ പുതിയ രോഗം.ജീവിതസന്ധ്യയിലെത്തിയവർക്കു ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടംവീട്ടലില്ലെന്നു നാംമാനസ്സിലാക്കണം .ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ ചുമതല സർക്കാർ ഏറ്റെടുക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: