Pages

Wednesday, May 9, 2018

ചോരക്കൊതി മാറാതെ വീണ്ടും കണ്ണൂർ


 
ചോരക്കൊതി മാറാതെ
വീണ്ടും കണ്ണൂർ
കണ്ണൂരിൽ വീണ്ടും ചോര വീണിരിക്കുന്നു .പക ആയുധമെടുത്തപ്പോൾ ഒരുമണിക്കൂറിനുള്ളിൽ പൊലിഞ്ഞുവീണ ആ രണ്ടു ജീവൻ .രണ്ട് കുടുംബങ്ങളെ തകർത്ത ഈ കൊലപാതകങ്ങൾ ഭീകരവും  പൈശാചികമാണ് . ഫെബ്രുവരി 12ന് എടയന്നൂരിലെ ഷുഹൈബ് വധത്തിനു ശേഷം  ശാന്തമായെന്ന് കരുതിയിരുന്ന കണ്ണൂര് വീണ്ടും പകയിലേക്കു കടക്കുകയായിരുന്നു . കേന്ദ്ര ഭരണപ്രദേശമായ മാഹിയില് തിങ്കളാഴ്ച നടന്നത് വീണ്ടും സമാനമായൊരു കിരാതഹത്യ. പള്ളൂരില് വൈകീട്ട് ഏഴരയോടെ വീട്ടിലേക്ക് തിരിച്ചയാള് മുറ്റത്ത് കാലൂന്നുന്നതിന് മിനിറ്റുകളുടെ ഇടവേളയില് കഴുത്തറുത്ത് കൊല ചെയ്യപ്പെട്ടു. എട്ടംഗ സംഘം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് നിമിഷങ്ങള്ക്കുശേഷം ആറു പേരുടെ ആക്രമണത്തില് മറ്റൊരു മനുഷ്യജീവന്കൂടി ചോരയില് അലിഞ്ഞില്ലാതായി.

ചോരക്കൊതി മാറാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ ഇരുണ്ട അറകള്ക്കുള്ളില് കത്തികളും ബോംബുകളും അടുക്കിവച്ചിരിക്കുന്ന കണ്ണൂരിലെ രാഷ്ട്രീയക്കാരെ ജനം വെറുക്കുകയാണ് .ഭർത്താവ് നഷ്‌ടപ്പെട്ട ഭാര്യയുടെ നിലവിളി ,പിതാവ് നഷ്‌ടപ്പെട്ട മക്കളുടെ രോദനം ,മാതാപിതാക്കളുടെ കണ്ണുനീർ  ഇവകൊണ്ട് ശാപപങ്കിലമാണ് കണ്ണൂർ.മനുഷ്യത്വം മരിച്ചവർ പോർവിളികളും ആയുധങ്ങളുമായി രംഗത്തിറങ്ങിയപ്പോൾ മാഹി മേഖലയിൽ കഴിഞ്ഞദിവസം ഇല്ലാതായതു രണ്ടു ജീവനാണ്; അനാഥമായതു രണ്ടു കുടുംബങ്ങളും. ഓരോ കൊലപാതകത്തിനുശേഷവും തോരാതെ പെയ്യുന്ന കണ്ണീരിന്റെ കണക്ക് ഒരു രാഷ്ട്രീയകക്ഷിയുടെ സ്കോർ ബോർഡിലുമുണ്ടാവില്ല. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയും അകാലവൈധവ്യം പേറേണ്ടിവരുന്ന യുവതികളുടെയും അനാഥരാക്കപ്പെടുന്ന കുരുന്നുകളുടെയും  നഷ്ടങ്ങൾക്കു പകരംവയ്ക്കാൻ ക്രൂരരാഷ്ട്രീയത്തിന്റെ കയ്യിൽ എന്താണുള്ളത്?



പ്രൊഫ്. ജോൺ കുരാക്കാർ


No comments: