Pages

Tuesday, May 8, 2018

ശുചിത്വം പ്രസ്താവനയിൽ മാത്രം ഒതുക്കുന്ന റെയിൽവേ


ശുചിത്വം പ്രസ്താവനയിൽ മാത്രം ഒതുക്കുന്ന  റെയിൽവേ

കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ കാര്യത്തിൽ ശുചിത്വം പ്രസ്താവനയിൽ മാത്രം ഒതുങ്ങുകയാണ് .കാലപ്പഴക്കമുള്ള ബോഗികളാണ് കൂടെകൂടെയുള്ള തകരാറുകൾക്കു കാരണം .കേരളത്തിലോടുന്ന  ട്രെയിനുകൾക്കുള്ളിലാകട്ടെ ശുചിത്വം തീരെയില്ല. ഏറ്റവും മോശപ്പെട്ടതും പഴകിയതുമായ ബോഗികളാണു കേരളത്തിലേക്കുള്ള ട്രെയിനുകളിലുള്ളത്. എത്രയോ തവണ ഇതേക്കുറിച്ചു പരാതിപ്പെട്ടിട്ടുള്ളതാണ്. പക്ഷേ കാര്യമായ പ്രയോജനമൊന്നുമുണ്ടാകുന്നില്ല. ട്രെയിനുകളിലെ ശുചിമുറികളുടെ കാര്യത്തിൽ പരാതികൾ നിരവധിയാണ്. വെള്ളം ആവശ്യത്തിനു കിട്ടാത്ത സാഹചര്യവുമുണ്ട്. ശുചിമുറിയിൽനിന്നുള്ള വെള്ളം ട്രെയിനിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചതായി വാർത്തയുണ്ടായിരുന്നു. ഉന്നതാധികാരികൾ ഇതൊന്നും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. എങ്ങനെയും യാത്ര പൂർത്തിയാക്കി വീടെത്താനുള്ള തിരക്കിൽ യാത്രക്കാർ പ്രതികരണവും പ്രതിഷേധവുമൊക്കെ മനസിൽ ഒതുക്കുകയാണു പതിവ്. പക്ഷേ യാത്രാസുരക്ഷയുടെ കാര്യത്തിൽ റെയിൽവേയ്ക്കും സർക്കാരിനും വലിയ ഉത്തരവാദിത്വമാണുള്ളത്. അതിൽ നിന്ന് ഇരുകൂട്ടർക്കും ഒഴിയാനാവില്ല.

കേരളത്തിലെ  റെയിൽവേ സ്റ്റേഷനുകൾ മിക്കവയും വൃത്തിയായി സൂക്ഷിക്കുന്നവയാണ് .രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള റെയില്വേ സ്റ്റേഷനുകളില് ഒന്നാം സ്ഥാനത്ത് കോഴിക്കോട് റെയില്വേ സ്റ്റേഷനാണ് രാജ്യത്തെ റെയില്വേ സ്റ്റേഷനുകളുടെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിന് വേണ്ടി നടത്തിയ സര്വേയിലാണ് കോഴിക്കോട് റെയില്വേ സ്റ്റേഷന് ഒന്നാമതെത്തിയത്. സുരക്ഷയുടെ കാര്യത്തിൽ നമ്മുടെ റെയിൽവേ വളരെ പിന്നിലാണ് ചെറുതും വലുതുമായ ട്രെയിൻ അപകടങ്ങൾ അടുത്തകാലത്തും ഉണ്ടായി. സിഗ്നലിംഗിനും മറ്റും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. സ്ത്രീസുരക്ഷയും കൂടുതൽ ഫലപ്രദമാകണം . സ്ത്രീസുരക്ഷയുടെ ഭാഗമായി ശതാബ്ദി, രാജധാനി, തുരന്തോ ട്രെയിനുകളിൽ ഓരോ കോച്ചിലും നാലു സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കുന്നതിനു 2017-18 വർഷത്തെ ബജറ്റിൽ മൂവായിരം കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. നമ്മുടെ ട്രെയിനുകൾ ആധുനീകരിക്കേണ്ടിയിരുന്നു .

എല്ലാ ദിവസവും നിറയെ യാത്രക്കാരുമായി ഓടുന്ന കേരള എക്സ്പ്രസ് പോലുള്ള ദീർഘദൂര ട്രെയിനുകളുടെ സ്ഥിതി എത്രയോ ദയനീയം. ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനമാണു കേരളം. എന്നിട്ടും കേരളത്തെ റെയിൽവേ തീർത്തും അവഗണിക്കുന്നു. പാലക്കാട് കോച്ച് ഫാക്ടറിക്ക് ഇത്തവണ ബജറ്റിൽ നീക്കിവച്ച തുച്ഛമായ തുക കേരളത്തോടുള്ള റെയിൽവേയുടെ നിലപാടു വ്യക്തമാക്കുന്നതാണ്.റെയില്വേ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ  അധികാരികൾക്ക് കഴിയണം .



പ്രൊഫ് .ജോൺ കുരാക്കാർ


No comments: