Pages

Wednesday, May 9, 2018

നമ്മുടെ പൊലീസിൻറെ കാട്ടുനീതി



നമ്മുടെ പൊലീസിൻറെ കാട്ടുനീതി

മനുഷ്യത്വമില്ലാത്തവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരികയാണ് .പൊലീസ്‌സേനയിലും ഇത്തരത്തിലുള്ള ആളുകൾ ധാരാളമുണ്ട് .ഭരണാധികാരികളുടെ പ്രീതി കിട്ടാൻ രാജാവിനെക്കാൾ രാജഭക്തിയുള്ള ഇവർ നടത്തുന്ന മനുഷ്യത്വഹീനമായ ഒരു പ്രവൃത്തി നോക്കുക .കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന ഒരു പോലീസ് നടപടി. മൂന്നുവർഷം മുൻപുനടന്ന ഒരു മോഷണക്കേസിലെ പ്രതിയായി പോലീസ് ഒരു തമിഴ്നാട്ടുകാരിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവമാണത്. ഒമ്പതുമാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മയാണെന്ന വിവരം മറച്ചുവച്ചാണ് പോലീസ് അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിച്ചത്. മോഷണക്കുറ്റം തെളിയിക്കുന്നതിനുവേണ്ടിയുള്ള നിയമാനുസൃതമായ പോലീസ് നടപടികളിൽ ആർക്കും പരാതിയുണ്ടാവില്ലെങ്കിലും അത് മനുഷ്യത്വശൂന്യവും മനുഷ്യാവകാശ ലംഘകവുമാകാൻ പാടില്ല.

 പോലീസിൽനിന്നു വിരമിച്ച ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടിൽ മൂന്നുവർഷം മുൻപ് മോഷണം നടത്തിയെന്ന കുറ്റത്തിനാണ് കോയമ്പത്തൂരുകാരിയായ ജയ എന്ന ഇരുപത്തിമൂന്നുകാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.അവരെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കുമ്പോൾ ഒമ്പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മയാണെന്ന വിവരം പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. മലപ്പുറം ജില്ലയിലെ തിരൂരിൽ താമസിക്കുന്ന ജയ-മാണിക്കം ദമ്പതിമാർ സുഖമില്ലാതായ ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴാണ് പോലീസ് ജയയെ പിടികൂടി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

പോലീസുകാർ നൽകിയ മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷന്റെ മേൽവിലാസവുമായി കുഞ്ഞുങ്ങളെയുമെടുത്ത് തീവണ്ടി കയറി കോഴിക്കോട്ടെത്തി റെയിൽവേ സ്റ്റേഷനിൽ നിസ്സഹായനായി കരഞ്ഞുകൊണ്ടിരുന്ന മാണിക്കത്തെ ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ചൈൽഡ് ലൈനുമായി ബന്ധപ്പെടുത്തിയപ്പോഴാണ് അന്ധമായ നീതിനിർവഹണത്തിന്റെ ഈ കഥ ലോകമറിഞ്ഞത്. നിയമവിരുദ്ധവും മര്യാദാശൂന്യവുമായി പെരുമാറുന്ന പോലീസുകാർക്കെതിരേ നിർദാക്ഷിണ്യം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഒരിക്കൽകൂടി ആവർത്തിച്ച അതേദിവസമാണ് കോഴിക്കോട്ട് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ ഒരു അതിസാധാരണക്കാരിയെ തടവറയിലടയ്ക്കാൻ പോലീസ് അത്യുത്സാഹം കാണിച്ചത്.

മകന്റെ മരണത്തെപ്പറ്റി പരാതി പറയുന്നതിനുവേണ്ടി മുഖ്യമന്ത്രിയെക്കാണാൻ തലസ്ഥാനത്തെത്തിയ ഒരമ്മയെ, അവരുടെ വൈകാരികസ്ഥിതിയും സങ്കടവും മനസ്സിലാക്കാൻ പോലും തുനിയാതെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും അതു ചോദ്യംചെയ്യാൻ ശ്രമിച്ച പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്തുമൊക്കെകൂടുതൽ കുഴപ്പങ്ങളിലേക്കാണു പിന്നീടു നീങ്ങിയത്.ഉന്നതവിദ്യാഭ്യാസവും ആധുനികപരിശീലനവും നേടിയ നമ്മുടെ  പോലീസ് ഇങ്ങനെയായിത്തീരുന്നതെന്താണ് ? പരിശീലനത്തിൻറെ പാളിച്ചയാണോ ?പാവപ്പെട്ടവന് കിട്ടുന്ന നീതി പരമദയനീയം തന്നെയാണ് .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: