TAMBARAM EXPRESS
ദീർഘകാലത്തെ കാത്തിരപ്പിനൊടുവിലാണ് ആ തീവണ്ടി TAMBARAM EXPRESS കൂകിപ്പാഞ്ഞെത്തിയത്- ചെന്നൈയിലെ താംബരത്തുനിന്നു പുറപ്പെട്ട് ചെങ്കോട്ട വഴി കേരളത്തിലേക്കു കടന്ന് ആര്യങ്കാവും തെന്മലയും പുനലൂരും കൊട്ടാരക്കരയും താണ്ടി ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ താംബരം എക്സ്പ്രസ്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത, ബ്രോഡ്ഗേജാക്കി വികസിപ്പിക്കുന്ന ജോലി പൂർത്തിയായതോടെയാണ് വീണ്ടും ഈ വഴിക്കു തീവണ്ടിയെത്തിയത്. കൊല്ലം-ചെന്നൈ വഴിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ മീറ്റർഗേജ് ദൂരമായ പുനലൂർ-ചെങ്കോട്ട പാതയിൽ 2010-ൽ തീവണ്ടിഗതാഗതം അവസാനിപ്പിച്ചതു മുതൽ നേരിട്ടുള്ള ചെന്നൈ-കൊല്ലം സർവീസ് മുടങ്ങിക്കിടക്കുകയായിരുന്നു. രാജ്യത്തെ മീറ്റർഗേജ് പാതകളെല്ലാം ബ്രോഡ്ഗേജായി നവീകരിക്കുന്ന പദ്ധതിയനുസരിച്ചാണ് ഈ ചരിത്രപാതയും പരിഷ്കരിച്ചത്. ആദ്യഘട്ടം പൂർത്തിയായപ്പോൾ 2010 മേയ് 12-ന് കൊല്ലം-പുനലൂർ പാതയിൽ ഗതാഗതം പുനരാരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔപചാരികമായ ഉദ്ഘാടനം കഴിയുന്നതോടെ കൊല്ലം-ചെന്നൈ പാതയിൽ സ്ഥിരമായി തീവണ്ടി ഓടിത്തുടങ്ങും. ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് തെക്കൻകേരളത്തിന്റെ എളുപ്പമാർഗങ്ങളിലൊന്നാണ് കൊല്ലത്തുനിന്ന് ചെങ്കോട്ട വഴിയുള്ള തീവണ്ടി. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ റെയിൽപ്പാതയാണിത്. നിലവിൽ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു രണ്ട് റെയിൽപ്പാതകളാണുള്ളത്; പാലക്കാട്, കാട്പാടി, സേലം വഴിയുള്ളതും നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴിയുള്ളതും. കൊല്ലം-ചെങ്കോട്ടപ്പാത തുറന്നതോടെ ഒരു പാതകൂടിയായെങ്കിലും ഇനി വേണ്ടത് ആവശ്യത്തിനു തീവണ്ടികളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭവർഷത്തിലാണ് കൊല്ലത്തുനിന്ന് ചെങ്കോട്ട(അന്നവിടം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു, ഇന്ന് തമിഴ്നാട്ടിലും)യിലേക്കുള്ള മീറ്റർഗേജ് തീവണ്ടിപ്പാതയുടെ നിർമാണം തുടങ്ങിയത്. കൊല്ലം-ചെങ്കോട്ട-വിരുതുനഗർ മീറ്റർ പാത പൂർത്തിയായതോടെ 1902-ൽ ആദ്യത്തെ ചരക്കുവണ്ടിയും രണ്ടുവർഷം കഴിഞ്ഞ് 1904-ൽ ആദ്യത്തെ യാത്രാവണ്ടിയും ഓടി.
കൊല്ലത്തുനിന്ന് കശുവണ്ടിയും സുഗന്ധദ്രവ്യങ്ങളും വനവിഭവങ്ങളും വേഗത്തിൽ എത്തിക്കുന്നതിനുവേണ്ടിയാണ് 1870കളിൽ പുതിയൊരു തീവണ്ടിപ്പാതയെക്കുറിച്ച് ബ്രിട്ടീഷ് ഭരണകൂടം ആലോചിച്ചത്. 1888-ൽ ഇതിനായി സർവ്വേ നടത്തി. 1900-ൽ സൗത്ത് ഇന്ത്യ റെയിൽവേ കമ്പനിയും തിരുവിതാംകൂർ സ്റ്റേറ്റും മദ്രാസ് പ്രസിഡൻസിയും ചേർന്നു പണിയും തുടങ്ങി.
മദ്രാസ് സർക്കാർ അനുവദിച്ച 17 ലക്ഷം രൂപയും റെയിൽവേ അനുവദിച്ച ഏഴു ലക്ഷം രൂപയും തിരുവിതാംകൂർ അനുവദിച്ച ആറുലക്ഷം രൂപയുമായിരുന്നു മൂലധനം. നിർമാണം ആരംഭിച്ചതു മുതൽ വെല്ലുവിളികൾ കൊല്ലം-ചെങ്കോട്ട റെയിൽപ്പാതയ്ക്കൊപ്പമുണ്ടായിരുന്നു. ഭൂപ്രകൃതിയിലുള്ള വൈരുധ്യങ്ങളാണ് ആദ്യം റെയിൽപ്പാതാനിർമാണത്തിന് ഒരു കടമ്പയായി മാറിയത്. തീരപ്രദേശത്തു തുടങ്ങി ഇടനാടിലൂടെ മലനാടിലേക്ക് നീളുന്ന ഈ പാതയിൽ ആര്യങ്കാവ് ഭാഗത്തെ മലകൾക്കിടയിലൂടെ തുരങ്കങ്ങളും ഒട്ടേറെ പാലങ്ങളും നിർമിക്കേണ്ടിവന്നത് നിർമാണം വൈകിപ്പിച്ചു. 1902-ൽ നിർമാണം പൂർത്തിയായി. 1904 നവംബർ 26-ന് കൊല്ലം-ചെങ്കോട്ട റെയിൽപ്പാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ, ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂർ വരെ മാത്രമാണ്.
യന്ത്രഭാഗങ്ങൾ തൂത്തുക്കുടിയിൽനിന്ന് പത്തേമാരിയിൽ കൊച്ചുപിലാമൂട് തുറമുഖത്തെത്തിച്ച് അവിടെനിന്നു കാളവണ്ടിയിലും മറ്റും കൊല്ലത്തെത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് അന്നു തീവണ്ടി ഓടിച്ചത്. 1918-ൽ കൊല്ലത്തുനിന്ന് ചാക്കയിലേക്ക് തീവണ്ടിസേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്കു നീട്ടി. ഇപ്പോഴത്തെ പാതപരിഷ്കരണത്തിൽ റെയിൽവേക്ക് ശരിക്കും വെല്ലുവിളിയുയർത്തിയത് പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള ഗേജ്മാറ്റമായിരുന്നു. ആര്യങ്കാവിനും പുളിയറയ്ക്കുമിടയിൽ അഞ്ചു തുരങ്കങ്ങൾ. ഇതിൽ ഒന്നിന് നീളം അരക്കിലോമീറ്ററിലധികം. 147 വളവുകൾ. കൂടാതെ 23 വലിയ പാലങ്ങളും 178 ചെറിയ പാലങ്ങളും. സമയബന്ധിതമായി ഇവയെല്ലാം പൂർത്തിയാക്കാൻ വേണ്ടത്ര പണം ലഭ്യമാകാത്ത അവസ്ഥയുണ്ടായിരുന്നു.
75.23 കോടി രൂപയുടെ പദ്ധതിയായി 2009-2010ലാണ് 43 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ-ചെങ്കോട്ട ഗേജ് മാറ്റത്തിന് രൂപംനൽകിയത്. എന്നാൽ, തുച്ഛമായ തുക മാത്രമേ ആദ്യവർഷങ്ങളിൽ അനുവദിച്ചുള്ളൂ. കൊല്ലം എം.പി. എൻ.കെ.പ്രേമചന്ദ്രൻ ഈ ഘട്ടത്തിൽ വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്. 2014-18 വർഷത്തിൽ 274.98 കോടി രൂപ ഗേജ് മാറ്റത്തിനായി ലഭിച്ചു. മൊത്തം 327.16 കോടി രൂപയ്ക്ക് ഗേജ് മാറ്റം പൂർത്തീകരിക്കുകയും ചെയ്തു. കൂടുതൽ തീവണ്ടികളാണ് ഇനി പാതയ്ക്ക് ആവശ്യം. കലയനാട് പോലെയുള്ള ചെറുപട്ടണങ്ങളിൽ ഹാൾട്ട് സ്റ്റേഷനടക്കമുള്ള പ്രാദേശിക ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. തെന്മല ഇക്കോ ടൂറിസം പദ്ധതിപോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിക്കാനും കൂടുതൽ തീവണ്ടികൾ വേണം. ഉദ്ഘാടനം നടക്കുന്ന ഏപ്രിൽ 10 മുതൽ മൂന്നു തീവണ്ടികൾ സർവീസ് നടത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. ബ്രോഡ്ഗേജ് പണി ആരംഭിക്കുന്നതിനു മുൻപുണ്ടായിരുന്ന മുഴുവൻ സർവീസും പുനരാരംഭിക്കണമെന്നാണ് പൊതുവായ ആവശ്യം.
Prof. John Kurakar

No comments:
Post a Comment