ശുഭവാർത്തകൾക്കായി കാതോർത്ത് ലോകം
അറുപത്തഞ്ചു വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ഉത്തരകൊറിയ തലവൻ ദക്ഷിണകൊറിയയിൽ കാലുകുത്താൻ പോകുന്നു – ഈ മാസം 27ന്.
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഒരു യാത്രാവിമാനം ഇസ്രയേലിലേക്കു പറക്കുന്നു – കഴിഞ്ഞ മാസം 23ന് എയർ ഇന്ത്യ
വിമാനം. അതിനും മുൻപേ കഴിഞ്ഞ മേയിൽ സൗദി അറേബ്യയിൽനിന്ന് ഒരു വിമാനം നേരിട്ട് ഇസ്രയേലിലേക്കു പറന്നു – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എയർഫോഴ്സ് വൺ. ഇസ്രയേൽ ജനതയ്ക്ക് സ്വന്തം രാജ്യത്തിന് അവകാശമുണ്ട് എന്നു സൗദി അറേബ്യ ഇതാദ്യമായി നിലപാടെടുക്കുന്നു. ‘കിറുക്കൻ ഡാഡിയും മകനും’ എന്നു നയതന്ത്രലോകം പരിഹസിച്ച ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും പരസ്പരം കൂടിക്കാണാൻ പോകുന്നു – മിക്കവാറും അടുത്ത മാസം തന്നെ.
ലോകത്തു സംഭവിക്കില്ല എന്നു കരുതിയ പല കാര്യങ്ങളും പൊടുന്നനെ
യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. നയതന്ത്രരംഗത്തെ ഈ നിശ്ശബ്ദ അട്ടിമറിയിലൂടെ
ഏറ്റവുമധികം പ്രതിച്ഛായ മെച്ചപ്പെട്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ്. രൂപത്തിലും ഭാവത്തിലും ഡയലോഗിലും പ്രവചനാതീത നീക്കങ്ങളിലും മാത്രമല്ല, ഹെയർ സ്റ്റൈലിൽ പോലും ട്രംപും കിം ജോങ് ഉന്നും തമ്മിൽ ചില സമാനതകളും യാദൃച്ഛികതകളുമുണ്ട്. മിസൈലെങ്കിൽ അതിനെക്കാൾ വലിയ മിസൈൽ, അണ്വായുധ ബട്ടണെങ്കിൽ അതിനെക്കാൾ വലിയ ബട്ടൺ എന്നു പരസ്പരം പോർവിളിച്ചവർ പെട്ടെന്നു ചർച്ചയിലേക്ക് അടുക്കുന്നു. ട്രംപിനെ പേടിച്ച് ഉൻ സ്വരം മാറ്റിയതാണെന്ന്
ഒരു കൂട്ടർ; ഉന്നിന്റെ ഭീഷണിയിൽ ട്രംപിന്റെ മുട്ട് വിറച്ചതാണെന്നു മറുകൂട്ടർ. ഏതായാലും, പരസ്പരം പോർവിളിച്ചു ഗോദയിലിറങ്ങിയവർ കൈകൊടുത്ത് ചായകുടിക്കാനൊരുങ്ങുന്നു.
അവസാനം പറയേണ്ടത് ആദ്യം പറയുന്നതാണ് ട്രംപിന്റെ നയതന്ത്രം. ചുട്ടുചാമ്പലാക്കും എന്നു പറഞ്ഞ ശേഷമേ ചർച്ചയെക്കുറിച്ചു പറയൂ. ഭൃത്യന്റെ കയ്യിൽ വിലകൂടിയ തളിക കൊടുക്കുമ്പോൾ താഴെയിട്ടു പൊട്ടിക്കരുതെന്നു പറഞ്ഞ് നല്ലൊരു അടി പൊട്ടിച്ചുകൊടുത്ത മുല്ലാക്കഥയോടാണ് ഇതിനെ നയതന്ത്രവിദഗ്ധർ ഉപമിക്കുന്നത്. തളിക പൊട്ടിയ ശേഷം അടിച്ചിട്ടു കാര്യമില്ലല്ലോ!ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിൽ നടന്ന യുദ്ധം 1953ൽ അവസാനിച്ചെങ്കിലും സാങ്കേതികമായി ഇരു
കൊറിയകളും ഇന്നും യുദ്ധത്തിലാണ്. യുദ്ധവിരാമക്കരാർ ഇല്ല എന്നതാണ് കാരണം. അതു വീണ്ടും ഒരു യഥാർഥ യുദ്ധത്തിലേക്കു കൊണ്ടുപോകും എന്ന ആശങ്കയാണ് ഉൻ ആദ്യവർഷങ്ങളിൽ സൃഷ്ടിച്ചത്.
സ്വന്തം അമ്മാവനെപ്പോലും വേട്ടപ്പട്ടികൾക്കിട്ടുകൊടുത്തും
എതിർപ്പിന്റെ ചെറുവിരലനക്കുന്നവരെ കൊന്നൊടുക്കിയും ഉൻ ലോകമാകെ ഭീതി
സൃഷ്ടിച്ചു. അതേ മനുഷ്യനാണ്, 65 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ‘ശത്രുരാജ്യത്തേക്ക്’ സമാധാനചർച്ചയ്ക്കെത്തുന്നത്.
ദക്ഷിണകൊറിയയിൽ നടന്ന ശൈത്യകാല ഒളിംപിക്സിൽ ഉത്തരകൊറിയൻ സംഘത്തിന്റെയും ഒപ്പം കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിന്റെയും സാന്നിധ്യം,
ഉത്തരകൊറിയൻ തലസ്ഥാനത്തേക്കു ദക്ഷിണകൊറിയൻ ഗായകസംഘത്തിനു ക്ഷണവും അവിടെ കാണിയായി കിം ജോങ് ഉന്നും... ഇങ്ങനെ വളർന്നുവന്ന ബന്ധമാണ് ഈ മാസം 27ന്
ഉത്തര–ദക്ഷിണ
കൊറിയ ഉച്ചകോടിയിലേക്കെത്തുന്നത്.
ഇരുകൊറിയകൾക്കുമിടയിലെ
സൈനികരഹിത മേഖലയായ പാൻമുൻജോം ഗ്രാമത്തിൽ, ദക്ഷിണകൊറിയയുടെ ഭാഗത്താണ് ഉച്ചകോടി. ഇവിടേക്ക് ഉത്തരകൊറിയൻ ഭാഗത്തുനിന്ന് ഉൻ കാറിലെത്തുമോ അതല്ല,
നടന്നെത്തുമോ എന്നതാണു പ്രധാന ആകാംക്ഷകളിലൊന്ന്. നടന്നുതന്നെ എത്തിയേക്കാം എന്ന സൂചനകളുമുണ്ട്.
ഇതിനു പിന്നാലെ ട്രംപ് – ഉൻ കൂടിക്കാഴ്ച അടുത്ത
മാസമാണ്. ഇതിന്റെ തീയതിയും വേദിയും തീരുമാനിച്ചിട്ടില്ല. വിമാനയാത്രപ്പേടിയും രാജ്യാന്തരയാത്രകളിലെ പരിചയക്കുറവുമുള്ള ഉൻ വാഷിങ്ടനിലേക്കു പോകാൻ സാധ്യത
കുറവാണ്. ഇരുകൊറിയകൾക്കുമിടയിലെ സൈനികരഹിത മേഖലയിൽ തന്നെയാകും ഈ ഉച്ചകോടിയുമെന്നാണ് സൂചന. ഉത്തരകൊറിയൻ
തലസ്ഥാനമായ പ്രോങ്യാങ്ങിലേക്കു പറന്നെത്തി ട്രംപ് ഒരു സർപ്രൈസ് കൂടി സൃഷ്ടിച്ചേക്കുമെന്നു കരുതുന്നവരുമുണ്ട്.കൊറിയ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ഉത്തരകൊറിയ വിട്ടുകൊടുത്തിട്ടില്ല. ട്രംപ്–ഉൻ ഉച്ചകോടിയിൽ ഇതു
വിട്ടുനൽകിയേക്കാം. കൊറിയ യുദ്ധത്തിൽ (1950 – 1953) ഏകദേശം 7800 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. ഇതിൽ 5300 പേർ ഉത്തര കൊറിയയിലാണ്. ഉച്ചകോടിക്കു മുൻപുതന്നെ ഏതാനും മൃതദേഹാവശിഷ്ടങ്ങൾ വിട്ടുനൽകി ഉൻ ശുഭസന്ദേശം നൽകുമെന്ന
പ്രതീക്ഷയുമുണ്ട്.
പരസ്പരം പിഴച്ചുങ്കം ചുമത്തി ഇപ്പോൾ നടക്കുന്ന യുഎസ് – ചൈന വ്യാപാരയുദ്ധത്തിലും ഒടുവിൽ നേട്ടം യുഎസിനായിരിക്കുമെന്നാണു നിഗമനം. ചൈന ഏർപ്പെടുത്തിയ പിഴച്ചുങ്കം ചൈനയിലേക്കുള്ള യുഎസ് കയറ്റുമതിയുടെ 40 ശതമാനത്തെ ബാധിക്കും. ഇത് യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.3% വരും. യുഎസ് ഏർപ്പെടുത്തിയ പിഴച്ചുങ്കം കാരണം ചൈന ഇത്രവലിയ തിരിച്ചടി നേരിടില്ല. പക്ഷേ, യുഎസ് പിഴ ചുമത്തുന്നവയിൽ സോയബീൻ ഉണ്ട് എന്നതു പ്രധാനമാണ്. ചൈനയിലേക്ക് ഏറ്റവുമധികം സോയബീൻ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണു യുഎസ്. ഇതിനു പകരം മറ്റൊരു രാജ്യം കണ്ടെത്തുക എളുപ്പമല്ല. സ്വന്തം രാജ്യത്തു ഭക്ഷ്യസാധനങ്ങൾക്കു വില ഉയരുന്ന സാഹചര്യം ചൈനയ്ക്ക് ഒഴിവാക്കിയേ തീരൂ.
അതേസമയം, ചൈനീസ് ഉൽപന്നങ്ങൾ യുഎസിൽ വിലക്കുന്നതിനു ന്യായമായി ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ മുദ്രാവാക്യമുണ്ട്. പുറത്ത് വ്യാപാരയുദ്ധനാടകം അരങ്ങേറുമ്പോഴും അണിയറയിൽ യുഎസ്–ചൈന വ്യാപാരചർച്ചകൾ സജീവമാണ്. ചൈനീസ് വിപണിയിൽ യുഎസിനു കൂടുതൽ ഇടം ലഭിക്കുംവിധം അതു പര്യവസാനിക്കാനുള്ള സാധ്യതയുമുണ്ട്. മണ്ടൻ എന്ന പേരുദോഷത്തിൽനിന്നു കൗശലക്കാരൻ എന്ന പ്രതിച്ഛായയിലേക്ക് ട്രംപ് അതിവേഗം അടുക്കുകയാണ്.
ഇസ്രയേൽ ജനതയ്ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ട് എന്നു സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ പ്രഖ്യാപനവും അപ്രതീക്ഷിതമായിരുന്നു.പലസ്തീൻ, ഇസ്രയേൽ എന്നിങ്ങനെ രണ്ടു രാജ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ഫോർമുല അറബ്–ഇസ്ലാമിക രാജ്യങ്ങൾക്കു നേരത്തേ തന്നെ തത്വത്തിൽ സ്വീകാര്യമാണ്. എന്നാൽ, ഇസ്രയേലും ഹമാസും ഈ നിലപാടിലേക്ക് ഇതുവരെ
എത്തിയിട്ടില്ല എന്നതാണു വാസ്തവം. പശ്ചിമേഷ്യൻ സമാധാനശ്രമങ്ങളിലെ ഏറ്റവും വലിയ പ്രതിബന്ധവും ഇതുതന്നെയാണ്. സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിച്ചും രാജ്യത്തു സിനിമാ തിയറ്ററുകൾ തുറക്കാൻ പച്ചക്കൊടി കാട്ടിയും വിപ്ലവം സൃഷ്ടിച്ച സൗദി രാജകുമാരൻ, പുതിയ പ്രഖ്യാപനത്തിലൂടെ പശ്ചിമേഷ്യ ചർച്ചയ്ക്കു പുതിയൊരു വാതിൽ തുറന്നിരിക്കുകയാണ്.
പലസ്തീനെ അംഗീകരിച്ചുള്ള സമാധാന ചർച്ചയിലേക്കു വരാൻ ഇത് ഇസ്രയേലിനു മേൽ സമ്മർദം വർധിപ്പിക്കും. ട്രംപും മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള അടുപ്പം അതിനു വഴിയൊരുക്കുകയും ചെയ്തേക്കാം. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിനു ട്രംപ് തിരഞ്ഞെടുത്തത് സൗദി അറേബ്യയെ ആയിരുന്നു. അവിടെനിന്ന് അദ്ദേഹം യാത്ര ചെയ്തത് ഇസ്രയേലിലേക്കും.
ട്രംപ് ഭരണകൂടത്തിലെ മുഖ്യതന്ത്രജ്ഞനായ മരുമകൻ ജാറേദ് കുഷ്നറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അടുത്ത സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്. കുഷ്നർ തന്റെ കീശയിലായിരുന്നു എന്നാണ് മുഹമ്മദ് ബിൻ സൽമാൻ ഈയിടെ പറഞ്ഞത്. ഇസ്രയേലിനെ ഏറ്റവുമധികം സ്വാധീനിക്കാവുന്ന യുഎസ് പ്രസിഡന്റാണു ട്രംപ്. കുഷ്നറിനാകട്ടെ, ജൂത മതവിശ്വാസി എന്ന അധികയോഗ്യതയും. കൊറിയയിൽ സംഭവിച്ചപോലെ പശ്ചിമേഷ്യയിലും അപ്രതീക്ഷിത സമാധാനവാതിൽ തുറന്നുവരുമോ എന്ന ആകാംക്ഷയിലും പ്രതീക്ഷയിലുമാണു ലോകം.
Prof. John Kurakar
No comments:
Post a Comment