Pages

Monday, April 9, 2018

ഓഖിദുരന്തം -ഇതുവരെ ചെയ്തതും ചെയ്യാത്തതും


ഓഖിദുരന്തം -ഇതുവരെ 
 ചെയ്തതും  ചെയ്യാത്തതും
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തു ദുരന്തം വിതച്ചിട്ടു നാലുമാസം പിന്നിടുന്നു. ഔദ്യോഗിക കണക്കുപ്രകാരം ദുരന്തത്തിൽ മരിച്ചത് 52 പേർ. 91 പേർ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും സർക്കാർ സ്ഥിരീകരണം. സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങൾ ഇനിയും നൽകിയില്ലെന്നു ദുരന്തബാധിതർ തന്നെ പരാതിപ്പെടുന്നു.ഓഖി ദുരന്തത്തിൽ മരിച്ച 52 പേരുടെ ആശ്രിതർക്കായി പ്രഖ്യാപിച്ച 22 ലക്ഷം രൂപ വീതം നഷ്ടപരിഹാരത്തുക നൽകി. കാണാതായ 91 പേരുടെ കുടുംബങ്ങൾക്ക് 20 ലക്ഷ രൂപ ഉടനെ ൽ വിതരണം ചെയ്യുമെന്ന് അധികൃതർ പറയുന്നു ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ, ചികിൽസ, കൗൺസലിങ് ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ.ദുരന്തബാധിതരായ 1.66 ലക്ഷം മത്സ്യതൊഴിലാളികൾക്ക് 2000 രൂപ വീതം അടിയന്തരസഹായം നൽകി. ഇതിനായി ദുരന്ത പ്രതികരണ നിധിയിൽനിന്ന് 33.95 കോടി രൂപ അനുവദിച്ചു. മരിച്ചവർക്കും ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം പ്രകാരം നൽകുവാൻ 7.88 കോടി രൂപ അനുവദിച്ചു. വീടുതകർന്നവർക്ക് താൽക്കാലിക ആശ്വാസമായി 47.06 ലക്ഷം രൂപ വിതരണം ചെയ്തു.
2000 കോടി രൂപയുടെ തീരദേശപാക്കേജ് ആണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബോട്ടുകളെയും മത്സ്യഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഉപഗ്രഹ സംവിധാനത്തിനു 100 കോടി രൂപയും  മാറിത്താമസിക്കുന്ന കുടുംബങ്ങൾക്കു 10 ലക്ഷം രൂപ നൽകുന്ന പദ്ധതിക്കായി 150 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. തീരത്തിന് 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ച് അവിടെ കണ്ടലും മരങ്ങളും വച്ചുപിടിപ്പിക്കുമെന്നും തീരദേശത്തെ ഓരോ കുടുംബത്തിന്റെയും ആരോഗ്യ മൈക്രോ പ്ലാൻ തയാറാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 150 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തു ദുരന്തം വിതച്ചിട്ടു നാലുമാസം കഴിയുമ്പോൾ ദുരന്തനിവാരണരംഗത്തും ദുരന്തപ്രതിരോധരംഗത്തും ഒട്ടേറെ കാര്യങ്ങൾ ചെയ്തെങ്കിലും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയപ്പോയ കാര്യങ്ങളുമുണ്ട്. ചുഴലിക്കാറ്റിൽ ബോട്ടും വലയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര  വിതരണം വൈകുന്നു. 384 ബോട്ടുകളും 450 വലകളും നശിച്ചുവെന്നാണ് സർക്കാരിന്റെ കണക്ക്. നഷ്ടപരിഹാരം നൽകാനായി 9.88 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം ചെയ്തിട്ടില്ല.കടലാക്രമണമേഖലകളിൽ തീരസുരക്ഷയ്ക്കായി ശാസ്ത്രീയമായ പുലിമുട്ട്, കടൽഭിത്തി എന്നിവയുടെ നിർമാണം. മഴക്കാലമാകുന്നതോടെ കടലാക്രമ ണം രൂക്ഷമാകുമെന്നിരിക്കേ അടിയന്തരപ്രാധാന്യത്തോടെ ചെയ്തുതീർക്കേണ്ട പ്രവൃത്തി പണമില്ലാതെ മുടങ്ങിക്കിടക്കുന്നു.
ഓഖി ദുരിതബാധിതരായ 143 കുടുംബങ്ങളിലെ ആശ്രിതർക്കു തൊഴിൽ നൽകാനുള്ള പദ്ധതി വൈകുന്നു. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു തൊഴിൽ നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. തിരുവനന്തപുരം മുട്ടത്തറയിലെ മൽസ്യഫെഡിന്റെ വലനിർമാണ ഫാക്ടറിയിൽ ഏതാനും പേർക്കു ജോലി നൽകാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങിയെങ്കിലും അന്തിമതീരുമാനമായില്ല. ഗുരുതരമായി പരുക്കേറ്റവരുടെ കുടുംബത്തിനു ബദൽജീവനോപാധി നൽകാനുള്ള അഞ്ചുലക്ഷം രൂപയുടെ പദ്ധതി ഇപ്പോഴും ഫയലിൽ. ദുരിതബാധിതരായ കുടുംബങ്ങളിലെ സ്ത്രീകൾക്കു മൽസ്യവിഭവങ്ങൾ തയാറാക്കി വിപണനം ചെയ്യാനുള്ള അഞ്ചുകോടി രൂപയുടെ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയും നടപ്പായിട്ടില്ല.
കടലിൽ മൽസ്യത്തൊഴിലാളികൾക്ക് ആശയവിനിമയത്തിനുള്ള നാവിക് സംവിധാനം പരീക്ഷണം പൂർത്തിയായെങ്കിലും ബോട്ടുകളിൽ ഘടിപ്പിച്ചുതുടങ്ങിയിട്ടില്ല.ദുരിതബാധിത കുടുംബങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.മൽസ്യത്തൊഴിലാളികളായ 15 വീതം യുവാക്കളെ ഉൾപ്പെടുത്തി മൽസ്യബന്ധന സ്ക്വാഡ് രൂപവൽക്കരിക്കുമെന്ന പ്രഖ്യാപനം ഫയലിൽ.ഓഖി ദുരന്തത്തിനു ശേഷം കടലിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. കേരള തീരത്ത് അടിക്കടി ചുഴലിക്കാറ്റുണ്ടാകുന്നതിനെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്ന നിർദേശത്തിലും അന്തിമതീരുമാനമായില്ല.  പരുക്കേറ്റവരുടെ വായ്പ എഴുതിത്തള്ളുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും കടലാസിൽ മാത്രം.തീരസുരക്ഷയ്ക്ക് 323 കോടി രൂപയുടെ പദ്ധതിജിയോ ട്യൂബ് കടൽഭിത്തികൾ കടലാക്രമണം രൂക്ഷമായ മേഖലകളിൽ നിർമിക്കാനാണു പ്രധാന നിർദേശം. പക്ഷേ, പദ്ധതിക്ക് ഇതുവരെ പണം അനുവദിച്ചിട്ടില്ല..

പ്രൊഫ്. ജോൺ കുരാക്കാർ

No comments: