Pages

Tuesday, April 10, 2018

രാജ്യത്ത് ആളിപ്പടരുന്ന ദളിത് രോഷാഗ്നി സർക്കാർ കാണാതെപോകരുത്


രാജ്യത്ത് ആളിപ്പടരുന്ന ദളിത് രോഷാഗ്നി സർക്കാർ കാണാതെപോകരുത്. 

ഭാരതത്തിൽ ദളിതർക്രൂരതകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്   പല സംസ്ഥാനങ്ങളിലും ദളിതരെ മൃഗീയമായി  കൊലചെയ്യപ്പെടുന്നു , കൗമാരക്കാരെയടക്കം പലരെയും  ജീവനോടെ ചുട്ടുകൊല്ലുന്നു. വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നു ;  കൂട്ടബലാൽസംഗങ്ങളും കൊള്ളയും കൊള്ളിവെപ്പും നടത്തുന്നു . ദളിതർ നിത്യേന, നിരന്തരമായ അപമാനവും സഹിക്കേണ്ടി വരുന്നതിനാൽ, ഭയത്തിന്റെ അന്തരീക്ഷത്തിലാണ് പലപ്പോഴും അവർ ജീവിക്കുന്നത്. ചായക്കടകളിൽ നിന്നും അവർക്കായി കപ്പുകൾ നൽകാത്തതിനാൽ, ചായ കുടിക്കണമെങ്കിൽ ദളിത് സ്ത്രീകൾക്ക് സ്വന്തം കപ്പുമായി പോകേണ്ടി വരുന്നു. പലയിടത്തും പൊതുകിണറുകളിൽ നിന്നും വെള്ളം കോരാൻ അനുവാദമില്ല. മറ്റേതെങ്കിലും സ്ത്രീകൾ അറിയാതെ അവരെ തൊട്ടുപോയാൽ അവർ കൈകഴുകേണ്ടി വരുന്നു. ചത്ത മൃഗങ്ങളുടെ തോലുരിക്കാൻ അവർ വിസമ്മതിച്ചാൽ പ്രാദേശികപ്രമാണിമാരുടെ കോപവും അവർ സഹിക്കേണ്ടിവരുന്നു. ഇനി അങ്ങനെ ചെയ്യാൻ പോയാലും പശുരക്ഷകരുടെ ക്രൂരത നേരിടേണ്ടി വരുന്നു. സമൂഹത്തോടും തന്നോടു തന്നെയും അവർക്കു ചോദിക്കേണ്ടി വരുന്നു, മറ്റുള്ളവരെപ്പോലെ ഞങ്ങളും മനുഷ്യരല്ലേ?
പണ്ടു മുതലേ  ഇന്ത്യയിൽ ദളിതർക്കെതിരേയുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട് ,ഇപ്പോൾ അത്  വർദ്ധിച്ചിരിക്കുന്നു . ഇന്ന്,ഈ ഡിജിറ്റൽ ഇന്ത്യ യുഗത്തിലും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗത്തെ  സമൂഹത്തിൽ ദളിതർ എന്ന് മുദ്രകുത്തി   പഴഞ്ചൻ ജാതിവ്യവസ്ഥ ഇന്നും അടിച്ചേൽപ്പിച്ച് ചൂഷണം ചെയ്യുന്ന സമ്പ്രദായം തുടരുന്നു.സവർണ്ണരുടെ നിരന്തരപീഡനം കാരണം ധാരാളം  ദളിതർ  ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനായുള്ള ദളിത് പ്രക്ഷോഭം അടിച്ചമർത്താൻ വിവിധ സംസ്ഥാനങ്ങളിലെ  സർക്കാരുകളും കേന്ദ്രസർക്കാരും ഇറങ്ങിത്തിരിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കണ്ടത്. ഇതിന്റെ ഫലമായാണ് 11 പേർ കൊല്ലപ്പെട്ടത്.
ദളിതർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ അയവ് വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ 150 ദളിത് സംഘടനകൾ ഭാരത ബന്ദ് സംഘടിപ്പിച്ചത്. സുപ്രീംകോടതി കേസ് വന്നപ്പോൾ അഡീഷണൽ സോളിസിറ്റ് ജനറൽ നിശ്ശബ്ദത പാലിച്ചു. അതേത്തുടർന്നാണ് പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്.ദളിത് സംഘടനകളുടെ ആഹ്വാനപ്രകാരമുള്ള ഭാരത ബന്ദിന്റെ അലയടികാരണം കോടതിവിധി പുനഃപരിശോധിക്കാൻ ഹർജി നൽകുന്നതിന് കേന്ദ്ര സർക്കാർ നിർബന്ധിതമായി.  പക്ഷേ, വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും  ഇന്നും ദളിതർ അടിച്ചമർത്തപ്പെട്ടവരാണ്. കേരളമൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതാണ് അവസ്ഥ.  എത്രയോ കാലമായി ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഔദ്യോഗിക അവഗണനയുടെയും എരിതീയിൽ ഹോമിക്കപ്പെട്ടവരാണ് ദളിതർ. 18 മുതൽ 20 കോടിവരെ വരും ഇവരുടെ സംഖ്യ. സവർണവിഭാഗത്തിൽനിന്ന് അവരിലെ സ്ത്രീകളുടെ മാനം രക്ഷിക്കാനും അവരുടെ പുരുഷന്മാരുടെ ജീവൻ രക്ഷിക്കാനുംവേണ്ടിയാണ് പാർലമെന്റ് പട്ടികവിഭാഗ അതിക്രമം തടയാനുള്ള നിയമം കർക്കശമാക്കിയത്.
എന്നാൽ,സവർണ്ണ പ്രമാണിമാർ ഭരണഘടനാ വ്യവസ്ഥകളെയും ആശയങ്ങളെയും അട്ടിമറിക്കാൻ തക്കംപാർക്കുകയാണ്. അതിന് ഇണങ്ങുന്നതായി സുപ്രീംകോടതി വിധി. അതുകൊണ്ടാണ് കോടതി വിധിക്കെതിരെ ദളിത്പ്രക്ഷോഭം ആളിക്കത്തിയത്. പട്ടികജാതി‐ വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനെയുള്ള അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച്  വിധിച്ചത്. പരാതി ഉദ്യോഗസ്ഥർക്കെതിരെയാണെങ്കിൽ നിയമനാധികാരികളിൽനിന്ന് അനുമതി വാങ്ങണമെന്നും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പ്രഥമാന്വേഷണത്തിനുശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും വിധിയിൽ വ്യക്തമാക്കി. ഇതോടെ പട്ടികവിഭാഗ പീഡന നിരോധനനിയമം പ്രയോജനമില്ലാതായി .രാജ്യത്ത് ദളിത് വിഭാഗങ്ങൾ കടുത്ത അക്രമങ്ങളെയും വിവേചനങ്ങളെയും നേരിടുകയാണ്. ഓരോ 18 മിനിറ്റിലും ദളിതർക്കെതിരെ ഒരക്രമം ഉണ്ടാകുന്നു. ചത്ത പശുക്കളുടെ തോലെടുത്ത് ഉപജീവനം നടത്തിയ ദളിത് വിഭാഗം തൊഴിൽരഹിതരായി ഭരണഘടന അനുവദിച്ച സംവരണം ഇല്ലാതാക്കുക എന്നതാണ്  സവർണ്ണരുടെ ആഗ്രഹം .കേരളത്തിൽ ദളിത വിഭാഗങ്ങൾ പൊതുവെ മെച്ചപ്പെട്ട ജീവിതനിലവാരം പുലർത്തുന്നവരാണ് .വിദ്യാഭാസത്തിലും മറ്റും ഇനിയും ഉയരേണ്ടിയിരിക്കുന്നു .രാജ്യത്ത് പട്ടികജാതി‐ വർഗ അതിക്രമനിരോധനനിയമപ്രകാരമുള്ള കേസുകളിൽ 90.5 ശതമാനവും മുടങ്ങിക്കിടക്കുകയാണ്. വിചാരണചെയ്യപ്പെടുന്ന കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് 15.4 ശതമാനംമാത്രമാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2017ലെ വാർഷിക റിപ്പോർട്ടിലെ കണക്കാണ് ഇത്.
രാജ്യത്ത് ഇന്ന് , ദലിതുവിഭാഗങ്ങളുടെ  വന്പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഡസന് പേര് പൊലീസിന്റെ തോക്കിനും മര്ദനത്തിനും ഇരയായി നടുറോഡില് മരിച്ചുവീണിരിക്കുന്നു. . സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭത്തെ സമാനമായി നേരിടുന്നതിനുപകരം പൊലീസിനെ വിട്ട് സമരക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നുസമൂഹത്തിലെ എല്ലാ അധികാര ശ്രേണിയിലും ദളിതര്‍ക്ക് പ്രാധിനിധ്യം നൽകണം  എന്നല്ലാതെ വേറൊരു മാര്‍ഗ്ഗം നമ്മുടെ മുന്നില്‍ ഇല്ല.ദളിത് വിഭാഗങ്ങൾ മറ്റുള്ളവരോടൊപ്പം എത്തുന്നതുവരെ സംവരണംതുടരുകതന്നെവേണം .രാജ്യത്ത് ആളിപ്പടരുന്ന ദളിത് രോഷാഗ്നി സർക്കാർ കാണാതെ പോകരുത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: