നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഒരു
ജനവിഭാഗത്തെ കൂടുതൽ ദയനീയാവസ്ഥയിലേക്ക് തള്ളിയിടരുത്
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ
ആളിക്കത്തിയ ദളിത് പ്രതിഷേധം തുടരുകയാണ് . ചരിത്രപരമായി അടിച്ചമർത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തെ കൂടുതൽ ദയനീയമായ അവസ്ഥയിലേക്കു വീണ്ടും തള്ളിയിടരുത് . ജനസംഖ്യയിൽ നാലിലൊന്നു വരുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെക്കൂടി മുഖ്യധാരയിലെത്തിക്കാതെ എങ്ങനെയാണു നാം വികസിതരാജ്യമാകുക? ദളിതരെയും ആദിവാസികളെയും രണ്ടാംകിട പൗരന്മാരായി കാണുന്ന മനോഭാവം ഭരണകർത്താക്കളിലും രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ഇല്ലാതാവണം. ദളിതരുടെയും ആദിവാസികളുടെയും ആവശ്യങ്ങൾക്കും ആവലാതികൾക്കും സർക്കാരും നീതിന്യായ കോടതികളും ഭരണസ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധയോടെ ചെവികൊടുക്കേണ്ടിയിരിക്കുന്നു. ദളിത് വിഭാഗങ്ങൾക്കു നിർണായക സ്വാധീനമുള്ള യുപി, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വന്പിച്ച പ്രതിഷേധമാണുയർന്നത്.
രാജ്യത്തെ ദളിത് വിഭാഗങ്ങൾ നൂറ്റാണ്ടുകളായി അനുഭവിച്ചുപോന്ന പിന്നോക്കാവസ്ഥയും ദുരിതങ്ങളും സ്വതന്ത്ര ഇന്ത്യയിൽ അതേ തോതിലല്ലെങ്കിലും തുടർന്നുവെന്നതാണു വസ്തുത. ദളിതരുടെ ഉന്നമനം സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല നേതാക്കളിൽ മിക്കവരും ആത്മാർഥമായി ആഗ്രഹിച്ചു. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ
ദളിത് വിഭാഗത്തിൽപ്പെട്ടയാളായിരുന്നു.
ദളിത്-പിന്നോക്ക വിഭാഗങ്ങൾക്കു നീതി ലഭ്യമാക്കാനുതകുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയിൽ രൂപപ്പെട്ടത്. നിയമനിർമാണ സഭകളിലും സർക്കാർ ജോലികളിലുമൊക്കെ സംവരണം ഏർപ്പെടുത്തി ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്കു
കൊണ്ടുവരാൻ ശ്രമമുണ്ടായി. പക്ഷേ, സ്വാതന്ത്ര്യത്തിന്റെഎഴുപതാണ്ടുകൾ
പിന്നിട്ടിട്ടും രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ സ്ഥിതിയിൽ കാര്യമായ അഭിവൃദ്ധിയുണ്ടായിട്ടില്ല.ദളിതർക്കു സ്വന്തംകാലിൽ നിൽക്കാനുള്ള സാഹചര്യം വളർന്നുവന്നു. പതിറ്റാണ്ടുകൾ പിന്നിട്ട സംവരണനയവും പിന്നീടുണ്ടായ മണ്ഡൽ പ്രക്ഷോഭവുമൊക്കെ രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ വിവിധ ജാതി, മത വിഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്.
പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരേയുള്ള
കുറ്റകൃത്യങ്ങൾ ഓരോ വർഷവും വർധിക്കുന്നു. 2006 മുതൽ 2016 വരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുപരിശോധിക്കുന്പോൾ അന്പതു ശതമാനം വർധനയാണു കാണുന്നത്. ഈ കാലയളവിൽ മൊത്തം
4,22,799 അക്രമങ്ങളാണു
പട്ടികജാതിക്കാർക്കെതിരേ
നടന്നതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികവർഗക്കാർക്കെതിരേ
81,322 അക്രമങ്ങളുണ്ടായതായും
കണക്കുണ്ട്.കൊലപാതകം, മാനഭംഗം എന്നിവയ്ക്കിരയാകുന്ന ദളിതരുടെ എണ്ണം ഏറെയാണ്.
ദളിതർ ഏറ്റവും കൂടുതലായി കൊലചെയ്യപ്പെടുന്നതും മാനഭംഗത്തിനിരയാകുന്നതും ഉത്തർപ്രദേശിലാണെന്നു കണക്കുകൾ കാട്ടുന്നു.കോടതിയിൽ വിചാരണകാത്തുകിടക്കുന്ന കേസുകൾ ഏറെയാണ്. വൈകിയെത്തുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണ്. ദളിതരുടെ ഹർജികളിൽ എത്രയുംവേഗം തീർപ്പു കല്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാരും ജുഡീഷറിയും ശ്രദ്ധപതിക്കണം. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന
ഒരു ജനവിഭാഗത്തെ കൂടുതൽ ദയനീയാവസ്ഥയിലേക്ക് തള്ളിയിടരുത് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment