Pages

Sunday, April 1, 2018

സത്യസന്ധതയും നീതിബോധവും എവിടെ ?


സത്യസന്ധതയും നീതിബോധവും എവിടെ ?
ഇന്ന് ജീവിതത്തിൻറെ നാനാമേഖലകളിലും  അവസരവാദവും അധാർമികതയും കൊടികുത്തിവാഴുകയാണ്  ഏതുവിധേനയും സന്പത്തും പദവിയുംനേട്ടങ്ങളും ഉണ്ടാക്കുകയാണ് ജീവിതലക്ഷ്യം എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്.വ്യക്തിതലത്തിൽ തുടങ്ങി സമൂഹജീവിതത്തിലും ഭരണതലത്തിലും എന്നുവേണ്ട ആധ്യാത്മികരംഗത്തുപോലും വീക്ഷണം വളർന്നിട്ടുണ്ട്. കുറുക്കുവഴികളിലൂടെ ലോകം പിടിച്ചടക്കാനുള്ള ത്വര ഇന്ന് എല്ലാ മേഖലകളിലും കാണാൻ കഴിയും .

ലക്ഷക്കണക്കിനു കുട്ടികൾ പങ്കെടുക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(സിബിഎസ്ഇ) പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്ന സംഭവം നേട്ടങ്ങൾക്കുവേണ്ടിയുള്ള കുത്സിത നീക്കങ്ങൾക്ക് ഉദാഹരണമാണ്. പന്ത്രണ്ടാം ക്ലാസിലെ സാന്പത്തികശാസ്ത്രം, പത്താം ക്ലാസിലെ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണു ചോർന്നത്. ഇതേത്തുടർന്നു പരീക്ഷ റദ്ദാക്കി..

വിദ്യാഭ്യാസരംഗത്ത് ഇത്തരം ക്രമക്കേടുകൾ വർധിച്ചുവരുകയാണ്. ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകളിലും യോഗ്യതാനിർണയ പരീക്ഷകളിലുംപോലും ക്രമക്കേടുകൾ നടക്കുന്നതായി വാർത്തകൾ വരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷാ ചോദ്യങ്ങൾ ചോർന്നതു സംബന്ധിച്ചു കേന്ദ്രസർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. ഒരു ഉത്തരേന്ത്യൻ സർവകലാശാലയുടെ ബിരുദപരീക്ഷയിൽ കോപ്പിയടിക്കാരെ സംരക്ഷിക്കാൻ ഒരാൾ തോക്കുമായി പരീക്ഷാഹാളിൽ കറങ്ങിനടക്കുന്ന ദൃശ്യം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യയിൽ വ്യാപകമായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾ ബിബിസി ടെലിവിഷനിലും വാർത്തയായി. പരീക്ഷ ജയിക്കാൻ ഏതു കുത്സിത മാർഗവും സ്വീകരിക്കാനുള്ള തത്രപ്പാട് സമൂഹത്തിന്റെ അടിസ്ഥാനപരമായ മൂല്യച്യുതിയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഭാവിയിലേക്കുള്ള വാതിൽ എന്നനിലയിലാണ് പരീക്ഷകളെ ജനം കാണുന്നത് .മാറ്റിവച്ച പരീക്ഷകൾ ഒരിക്കൽക്കൂടി എഴുതേണ്ടിവരുന്ന വിദ്യാർഥികളുടെ സമ്മർദവും മാനസികാവസ്ഥയും സങ്കടകരമാണ്.

.നമ്മുടെ  ജുഡീഷറിയോടുള്ള ജനങ്ങളുടെ വിശ്വാസവും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ജുഡീഷറിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നുവെന്നു സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റീസ് ജെ. ചെലമേശ്വർ കഴിഞ്ഞദിവസം ആരോപിച്ചു. ജുഡീഷറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരുടെയും യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ടു ജസ്റ്റീസ് ചെലമേശ്വർ ചീഫ് ജസ്റ്റീസിനു കത്തു നൽകി. നാലു സുപ്രീംകോടതി ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെതിരേ പരസ്യമായി രംഗത്തുവന്നതും ഏറെ വിവാദങ്ങൾക്കിടയാക്കിയ സംഭവമാണ്.തെരഞ്ഞെടുപ്പു സംവിധാനങ്ങളിൽ പോലും ഇന്ന് സംശയം ബാക്കി നിൽക്കുകയാണ് .ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ചുമാത്രം എല്ലാക്കാര്യങ്ങളും നടന്നാൽ മതി എന്നൊരു ചിന്തഗതി വളർന്നുവരികയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: