കേരളത്തിലെ ആശുപത്രികളിൽ നിന്ന് പുറന്തള്ളുന്ന
മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
കേരളത്തിലെ ആശുപത്രികളിൽ നിന്ന് ദിനംപ്രതി പുറന്തള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട് ,നമ്മുടെ ആശുപത്രികൾ പുറന്തള്ളുന്ന മാലിന്യങ്ങൾ 200 ടണ്ണോളം വരുമെന്ന് (അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ) റിപ്പോര്ട്ട്. രാജ്യത്താകെ പുറന്തള്ളുന്ന മാലിന്യത്തിന്റെ മൂന്നിലൊന്നും കേരളത്തിലാണ്. രാജ്യത്താകെ 550 ടണ് ആശുപത്രി മാലിന്യമാണ് ദിവസം പുറന്തള്ളുന്നത്. രണ്ടുവര്ഷത്തിനകം ഇത് 775 ടണ്ണിലധികമാകുമെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്ട്ട് പറയുന്നു.മാലിന്യവിപത്തിന്റെ ഭീഷണിയിൽ കഴിയുന്ന കേരളം നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം ആശുപത്രികളും ക്ലിനിക്കൽ പരീക്ഷണശാലകളും പുറന്തള്ളുന്ന ജൈവ, ജൈവേതര മാലിന്യങ്ങളാണ് .
പന്ത്രണ്ടായിരത്തോളം ചെറുതും വലുതുമായ ആശുപത്രികളും ഒരുലക്ഷത്തോളം കിടക്കകളും നൂറുകണക്കിന് ലാബുകളുമുള്ള കേരളത്തിലെ ആശുപത്രി മാലിന്യത്തിന്റെ അളവ്
ഭയാനകമാണ് .ആരോഗ്യരംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കാൻപോന്ന ആശുപത്രിമാലിന്യത്തിന്റെ സംസ്കരണത്തിന് അടിയന്തര പ്രാധാന്യം
സർക്കാർ നൽകണം.അണുബാധയ്ക്ക് കാരണമാകുന്നവയും പരിസ്ഥിതിക്കു ഹാനികരമാവുന്നവയുമുണ്ട് ആശുപത്രി മാലിന്യങ്ങളിൽ. ഖരമോ ദ്രവമോ ആകാം അവ. ശരീരദ്രവങ്ങൾ, അവയവഭാഗങ്ങൾ, ജൈവതന്മാത്രകൾ, സൂക്ഷ്മാണുക്കൾ, മുറിവുകെട്ടുന്ന തുണി, പഞ്ഞി, കൈയുറ, ഊറ്റുകുഴലുകൾ, സൂചി, കത്തി തുടങ്ങിയ ഒട്ടേറെ വസ്തുക്കൾ അതിലുൾപ്പെടുന്നു. ആശുപത്രി മാലിന്യത്തിൽനിന്നുള്ള ആപത്കരമായ സൂക്ഷ്മാണുക്കളും മൂലകങ്ങളും മനുഷ്യനെയും മറ്റു ജീവികളെയും ബാധിക്കുകമാത്രമല്ല പരിസ്ഥിതിക്കു ദൂഷ്യമുണ്ടാക്കുകയും ചെയ്യും.
ബയോമെഡിക്കൽ വെയ്സ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾപ്രകാരം ആശുപത്രിമാലിന്യം നീക്കം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും കർക്കശമായ വ്യവസ്ഥകളുണ്ട്.അവ എല്ലായിടത്തും കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുപറയാനാവില്ല. സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണബോർഡുകൾക്കാണ് ചട്ടങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം. ദഹിപ്പിച്ചും അണുമുക്തമാക്കിയുമൊക്കെയാണ് ശരീരഭാഗങ്ങളും സംസ്കരിക്കേണ്ടത്. പ്രത്യേക നിറങ്ങളുള്ള ബാഗുകളിൽ വ്യത്യസ്ത മാലിന്യങ്ങൾ കൊണ്ടുപോകണമെന്നും വ്യവസ്ഥയുണ്ട്. പലപ്പോഴും
ആശുപത്രി മാലിന്യങ്ങൾ വേണ്ടവിധം സംസ്ക്കരിക്കാതെ പോകുന്നുണ്ട്.വീട്ടിലെ മാലിന്യങ്ങൾ പോലും കൃത്യമായി സംസ്കരിക്കാൻ ആകാത്തപ്പോഴാണ് ഇത്രയേറെ ആശുപത്രി മാലിന്യങ്ങളും പുറന്തള്ളുന്നത്. പല ആശുപത്രികൾക്കും ആവശ്യത്തിന് സ്ഥലമോ മാലിന്യം സംസ്ക്കരിക്കാനുള്ള സംവിധാനമോയില്ല . അധികാരികളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു രംഗമാണിത് .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment