Pages

Sunday, March 18, 2018

രോഗവും ദുരിതവുംവിലയ്ക്കുനൽകുന്ന കുപ്പിവെള്ളക്കച്ചവടം


രോഗവും ദുരിതവുംവിലയ്ക്കുനൽകുന്ന
കുപ്പിവെള്ളക്കച്ചവടം



വിഷമയം  സർവ്വത്ര വിഷമയം . ഇന്ത്യൻ  വിപണിയിലെ കുപ്പിവെള്ളത്തെക്കുറിച്ചു പുറത്തുവന്ന വെളിപ്പെടുത്തലുകൾ.ഞെട്ടിപ്പിക്കുന്നതാണ് . ഇന്ത്യയിൽ വിൽക്കുന്ന ഓരോ പത്തുകുപ്പി വെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമാണെന്നു വെളിപ്പെടുത്തിയത് ലോക്സഭയിൽ കേന്ദ്രസർക്കാരാണ്. ശുദ്ധജലം ഉറപ്പാക്കാൻ ബാധ്യസ്ഥമായ ഭരണകൂടംതന്നെ ജലം ശുദ്ധമല്ലെന്നു പറയുന്ന വൈപരീത്യം! ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഇന്ത്യ, യു.എസ്., ബ്രസീൽ, ചൈന, ഇൻഡൊനീഷ്യ, തായ്ലാൻഡ്, ലെബനൻ, മെക്സിക്കോ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുപ്പിവെള്ള മാതൃകകൾ പരിശോധിച്ചു കണ്ടെത്തിയിരിക്കുന്നതും പേടിപ്പിക്കുന്ന വിവരങ്ങളാണ്. പ്രമുഖ കമ്പനികളുടെ തന്നെ കുപ്പിവെള്ളത്തിൽ സൂക്ഷ്മമായ പ്ലാസ്റ്റിക് തരികൾ അവർ കണ്ടെത്തി. മനുഷ്യ ശരീരത്തിന് ആപത്തുണ്ടാക്കുന്ന രാസവസ്തുക്കളാണ് അവയിൽ അടങ്ങിയിട്ടുള്ളത്.
വീട്ടിൽനിന്ന് കുടിവെള്ളം കൈയിൽ കരുതുന്നതിനുപകരം സൗകര്യത്തിന്റെ പേരിൽ വിലകൊടുത്ത് കുപ്പിവെള്ളം വാങ്ങുന്ന ശീലം ഇന്ത്യയിൽ പടർന്നുപിടിച്ചിട്ട് അധികം കാലമായിട്ടില്ല. ആകർഷകമായ പ്ലാസ്റ്റിക് കുപ്പിയിൽ കിട്ടുന്ന കുടിവെള്ളം പരിശുദ്ധവും ധാതുസമ്പൂർണവുമാണെന്ന വിശ്വാസത്തോടെയാണ് ആളുകൾ ഉപയോഗിക്കുന്നത്. കുപ്പിവെള്ളഭ്രമം പടർന്നതോടെ ആഗോള കുത്തകക്കമ്പനികൾ വരെ ഇന്ത്യൻ വിപണിയിലെത്തി. കുടിവെള്ളത്തിനു വലിയ ക്ഷാമമൊന്നുമില്ലായിരുന്ന കേരളവും ഈ കമ്പോളഭ്രമത്തിനടിപ്പെട്ടു. അറുന്നൂറിലേറെ കുപ്പിവെള്ള നിർമാണ യൂണിറ്റുകളാണ് ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നത്. 

അവയിൽ 142 എണ്ണത്തിനു മാത്രമേ ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അനുമതിയുള്ളൂ. ദിവസേന 35 കോടി രൂപയുടെ കുടിവെള്ളക്കച്ചവടം നടക്കുന്ന കേരളത്തിലെ സ്ഥിതി ഇതാണെങ്കിൽ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. കുപ്പിയിലടച്ച വെള്ളത്തിനു പുറമേയുമുണ്ട് കുടിനീർക്കച്ചവടം. ഒരുതരത്തിലുള്ള ശുചിത്വമാനദണ്ഡവും പരിശോധനയും കൂടാതെ ടാങ്കർലോറികളിൽ കൊണ്ടുവന്നു നടത്തുന്ന കുടിനീർവ്യാപാരമാണത്.
 രോഗവും ദുരിതവും വിലയ്ക്കുനൽകുന്ന ഈ കള്ളക്കച്ചവടം അവസാനിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾക്കു ബാധ്യതയുണ്ട്.കുടിവെള്ളം, ഭക്ഷ്യവസ്തു, ഔഷധം എന്നിവയിലെ കലർപ്പും മാലിന്യവും സർക്കാർ ഗൗരവമായി കണക്കാക്കുന്നില്ല .ലാഭക്കണ്ണ് മാത്രമുള്ള കമ്പനികൾക്കുമുന്നിൽ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ആ നിലപാട് സ്വീകരിക്കാൻ കഴിയണം. വീട്ടിൽനിന്നുതന്നെ കുടിവെള്ളം കൊണ്ടുപോകുന്ന പഴയ ശീലത്തിലേക്കു മടങ്ങാനും നമുക്ക് കഴിയണം. സ്വന്തം വീട്ടിലെ  തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: