Pages

Saturday, March 17, 2018

ഭാരതത്തിൽ മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നു


ഭാരതത്തിൽ മതപരമായ അസഹിഷ്ണുത  വർദ്ധിക്കുന്നു

ഭാരതത്തിൽ മതപരമായ അസഹിഷ്ണുതകൂടുതൽ അതിക്രമങ്ങളിലേക്കും നീതിനിഷേധത്തിലേക്കും വളരുകയാണ്. ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങൾ കേവലം യാദൃച്ഛികമെന്നോ ഒറ്റപ്പെട്ടതെന്നോ പറയാനാവില്ല. നിരന്തരമായി ഒരു സമൂഹം വേട്ടയാടപ്പെടുന്പോൾ അതു കരുതിക്കൂട്ടിയുള്ളതുതന്നെയെന്നു കരുതേണ്ടിവരും. ക്രൈസ്തവ പള്ളികൾ നശിപ്പിക്കുക , ക്രൈസ്തവർ നടത്തുന്ന ആശുപത്രികൾ തകർക്കുക , മറ്റു സ്ഥാപനങ്ങൾ ഇല്ലാതാക്കുക  ഇത്തരം സംഭവങ്ങൾ  അനുദിനം വാർത്തകളിൽ നിറയുകയാണ് .

ഉത്തരേന്ത്യയിൽ പലേടത്തും ക്രൈസ്തവ ദേവാലയങ്ങൾക്കും ക്രൈസ്തവർ നടത്തുന്ന ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കുമെതിരേ ഏതാനും വർഷങ്ങൾക്കുള്ളിൽ അക്രമങ്ങൾ പലമടങ്ങു വർധിച്ചിരിക്കുന്നു. രാജ്യം ഭരിക്കുന്നവരും സംസ്ഥാന ഭരണാധികാരികളും ഇതൊന്നും അറിയുന്നതായി ഭാവിക്കുന്നില്ല. ക്രൈസ്തവ സ്ഥാപനങ്ങളെയും പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കുന്നവരെയും ഇല്ലാതാക്കാൻ ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. നൂറുകണക്കിന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അറിവിന്റെ വെളിച്ചം പകരുകയും ആതുരശുശ്രൂഷ നടത്തുകയും ചെയ്യുന്ന മിഷനറിമാരുടെ സേവനങ്ങളെല്ലാം മറന്നുകൊണ്ടാണു ചില സങ്കുചിത താത്പര്യക്കാർ അവർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിലെ ബഹുഭൂരിപക്ഷവും അസഹിഷ്ണുതയെ അംഗീകരിക്കുന്നില്ലെങ്കിലും ചില പിന്തിരിപ്പൻ സംഘടനകളും വ്യക്തികളും അറിവില്ലാത്ത കുറെയാളുകളെ ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഇടുങ്ങിയ മതചിന്തകളും തീവ്രവർഗീയതയും പ്രചരിപ്പിച്ചു ചിലർക്കു നേട്ടങ്ങളുണ്ടാക്കാനായേക്കും. പക്ഷേ, അതു രാജ്യത്തിനു വിപത്കരമാണ്.

ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഇത്തരം സംഭവങ്ങൾ കടുത്ത മങ്ങലുളവാക്കുമെന്നതിനു സംശയമില്ല. വേൾഡ് വാച്ചിന്റെ കണക്കനുസരിച്ചു ക്രൈസ്തവർ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ പതിനഞ്ചാമതാണ് ഇന്ത്യ. മൂന്നു വർഷം മുന്പു 31-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2016ൽ ക്രൈസ്തവർക്കു നേരേ 441 വലിയ അക്രമങ്ങളുണ്ടായി. 2017 ന്റെ ആദ്യത്തെ ആറുമാസത്തിനുള്ളിൽ നടന്നത് 410 ആക്രമണങ്ങൾ. ഇതൊക്കെ കേസ് രജിസ്റ്റർ ചെയ്ത സംഭവങ്ങളാണ്. അല്ലാത്തവ അനേകമുണ്ടാവാം. ആക്രമിക്കപ്പെടുന്നവർ പരാതിപ്പെട്ടാൽ അപമാനിക്കപ്പെടുകയും അക്രമികൾ അധികൃതരാൽ സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ ഏറെ. മതത്തിന്റെ പേരിൽ ആരും ആക്രമിക്കപ്പെടാൻ അനുവദിക്കില്ലെന്നു കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചതു രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷം ആശ്വാസത്തോടെയാണു കേട്ടത്. പക്ഷേ, മാസങ്ങൾക്കു ശേഷവും ക്രൈസ്തവപീഡനം നിർവിഘ്നം തുടരുന്നു.

പ്രകോപനങ്ങളോട് അതേ രീതിയിൽ പ്രതികരിക്കുക ക്രൈസ്തവ രീതിയല്ല. പരമാവധി സംയമനമാണു ക്രൈസ്തവികത. അതു ഭയംകൊണ്ടുള്ളതോ കീഴടങ്ങലോ അല്ല. കത്തേോലിക്കാസഭയുടെ ശൂശ്രൂഷകൾക്ക് ഉദാത്തമായ ഉദ്ദേശ്യങ്ങളാണുള്ളത്. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുള്ള സേവനങ്ങൾക്കു സഭ വലിയ പ്രാധാന്യമാണു നൽകുന്നത്. അതേസമയം ഭരണകൂടത്തോട് പരമാവധി സഹകരിക്കാനും സഭ ശ്രമിക്കുന്നു.ഉത്തർപ്രദേശിലെ അലിഗഡിലും ആഗ്രയിലും ക്രിസ്മസ് ആഘോഷത്തിനെതിരേ കഴിഞ്ഞ വർഷം കടുത്ത ഭീഷണിയുയർന്നു. ക്രിസ്ത്യൻ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരേയായിരുന്നു ഹിന്ദു ജാഗരൺ മഞ്ചിന്റെ ഭീഷണി. രാജ്യത്ത് നടക്കുന്ന ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രധാനമന്ത്രി നടപടിയെടുക്കണം .



പ്രൊഫ്. ജോൺ കുരാക്കാർ




No comments: