പരീക്ഷാ ക്രമക്കേടുകൾ
ഒരു തുടർക്കഥ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ആശങ്കാജനകമായ റിപ്പോർട്ടുകളാണ് ദിവസവും കേൾക്കുന്നത് .സ്കൂളുകളിലെയും കോളജുകളിലെയും സർവകലാശാലകളിലെയും പരീക്ഷകളിൽ മാത്രമല്ല, വിവിധ മത്സരപ്പരീക്ഷകളിലും നിരവധി ക്രമക്കേടുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ കാട്ടുന്നു. ദേശീയതലത്തിൽ ലക്ഷക്കണക്കിനു വിദ്യാർഥികൾ പങ്കെടുക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(സിബിഎസ്ഇ) കഴിഞ്ഞദിവസം നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അക്കൗണ്ടൻസി ചോദ്യപേപ്പർ ചോർന്നതായി പരാതിയുണ്ടായി. സിബിഎസ്ഇ അധികൃതർ ഇതു നിഷേധിച്ചു. എന്നാൽ, ചോദ്യങ്ങൾ ചോർന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണു
ഡൽഹി വിദ്യാഭ്യാസമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്. വാട്സ് ആപ് വഴിയാണത്രേ ചോദ്യങ്ങൾ ചോർന്നത്.സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ(എസ്എസ്സി) കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതു സംബന്ധിച്ചു കേന്ദ്രസർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചോർച്ച പരസ്യമായതിനെത്തുടർന്നു എസ്എസ്സി പരീക്ഷ വീണ്ടും നടത്തി. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്കൂൾ, കോളജ്
പരീക്ഷകളിൽ വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ആഗ്രയിൽ അംബദ്കർ സർവകലാശാലയുടെ കീഴിലുള്ള ഒരു കോളജിൽ ഒന്നാം വർഷ ബിഎ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു കോപ്പിയടിക്കാൻ സംരക്ഷണം നൽകുന്ന ഒരു ചെറുപ്പക്കാരൻ പരീക്ഷാഹാളിലൂടെ അരയിൽ തിരുകിയ തോക്കുമായി കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ എൻഡിടിവി പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ ഇത്തരം പരീക്ഷാ ക്രമക്കേടുകളുടെ ദൃശ്യങ്ങളും റിപ്പോർട്ടുകളും ബിബിസിയിലും വന്നിട്ടുണ്ട്. ഇതൊക്കെ നമ്മുടെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചു
ലോകത്തിനു നൽകുന്ന സാക്ഷ്യമെന്താണെന്ന് ഊഹിക്കാമല്ലോ.
ഉത്തർപ്രദേശിലെ അട്രോളിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ചതിന് അറുപതു പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തു. ബോർഡ് പരീക്ഷകളിൽ ക്രമക്കേടു വ്യാപകമായപ്പോൾ ചിലയിടങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു പോലീസ് നിരീക്ഷണം നടത്തി. ഇതെത്തുടർന്നു ലക്ഷക്കണക്കിനു വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിൽനിന്നു വിട്ടുനിന്നത്രേ. എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച ആഗ്രയിലെ കോളജിൽ പരീക്ഷാ മാഫിയയുടെ ജോലിക്ക് ഒരു തടസവുമുണ്ടായില്ല. ഇതേക്കുറിച്ച് അന്വേഷണത്തിനു വൈസ് ചാൻസലർ ഉത്തരവിട്ടിട്ടുണ്ട്. ബിഹാറിൽ 2016ൽ പത്താം ക്ലാസ്
പരീക്ഷയെഴുതിയ എട്ടു ലക്ഷം പേരാണു തോറ്റത്. കോപ്പിയടിയൊക്കെ നടന്നിട്ടും ഇതായിരുന്നു സ്ഥിതി. വ്യാജബിരുദ റാക്കറ്റുകളും അവിടെ സജീവമാണ്. അധ്യാപകരുടെ നിലവാരവും ശോചനീയം. ഛത്തീസ്ഗഡിലും ഹരിയാനയിലുമൊക്കെ സ്ഥിതി ഭിന്നമല്ല.
മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ രാജ്യത്തുണ്ട്. അവയുടെ
പേരിനു കളങ്കം സൃഷ്ടിക്കുകയാണു ക്രമക്കേടുകളും തട്ടിപ്പുകളും തടയാൻ മിനക്കെടാത്ത സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും. കോപ്പിയടി നടന്ന ആഗ്രാ കോളജിൽ വിദ്യാർഥികൾ ഒന്നാം വർഷ ഡിഗ്രി പരീക്ഷ എഴുതിയതു നിലത്തിരുന്നാണ്. അരയിൽ തോക്കുമായി ഒരാൾ പരീക്ഷാഹാളിൽ ചുറ്റിത്തിരിയുന്പോൾ നിസഹായയായി നിൽക്കുന്ന അധ്യാപികയെയും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഹരിയാനയിലെ ജജ്ജറിൽ പരീക്ഷാഹാളിൽ വിദ്യാർഥികൾക്കു കോപ്പിയടിക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്ന അധ്യാപികയുടെയും ജാർഖണ്ഡിലെ ഹയർ സെക്കൻഡറി സ്കൂളിൽ ബോർഡ് പരീക്ഷയ്ക്കു കുട്ടികൾക്കു കോപ്പിയടിക്കാനുള്ള സാമഗ്രികളുമായി കൂറ്റൻ മതിൽ ചാടിക്കടക്കുന്ന രക്ഷിതാക്കളുടെയുമൊക്കെ ദൃശ്യങ്ങൾ“ടൈംസ് നൗ’’ പോലുള്ള ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. ബിഹാറിലെ ഒരു സ്കൂളിന്റെ ബഹുനില മന്ദിരത്തിലെ ജനാലകളിൽ കോപ്പിയടിക്കാർക്കു നൽകാനുള്ള കടലാസുകളുമായി ആളുകൾ കയറി നിൽക്കുന്ന ചിത്രം കുറെനാൾമുന്പു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ സിലബസ് ലഘൂകരിക്കാനും ചരിത്രവസ്തുതകളെയും ശാസ്ത്രീയസത്യങ്ങളെയും വളച്ചൊടിക്കാനും വിദ്യാഭ്യാസ വിദഗ്ധരെ അണിനിരത്തുന്ന ഭരണകൂടം വിദ്യാഭ്യാസനിലവാരം അല്പമെങ്കിലും മെച്ചപ്പെടുത്താൻ താത്പര്യം കാണിക്കുന്നില്ല. വിഡ്ഢിത്തങ്ങളും വിഭാഗീയതയും പരത്തുന്നതാണു രാഷ്ട്രീയനേട്ടത്തിനുള്ള വഴിയെന്നു ചിന്തിക്കുന്നവർ പലരുമുണ്ടായിരിക്കാം.വിദ്യാഭ്യാസരംഗത്തു മെച്ചപ്പെട്ട നിലവാരം പുലർത്തുന്നുവെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലും സ്ഥിതി വഷളായി വരുകയാണ്. സാങ്കേതിക സർവകലാശാല നടത്തിയ ഒരു പരീക്ഷയുടെ ചോദ്യങ്ങൾ കഴിഞ്ഞവർഷം വാട്സ് ആപ്പിലൂടെ ചോർന്നു. സർവകലാശാലകളിലെ നിലവാരത്തകർച്ച മറികടക്കാൻ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കുറ്റമറ്റതാക്കണമെന്നു ഗവർണർ പി. സദാശിവം ഈയിടെ പറയുകയുണ്ടായി. രാജ്യത്തിനും ലോകത്തിനും വേണ്ട പ്രതിഭകളാണു സർവകലാശാലകളിൽ രൂപമെടുക്കേണ്ടത്. പരീക്ഷകൾ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും യഥാർഥ വിജ്ഞാനവും കഴിവും വിലയിരുത്തുന്നതാകണം. അതിൽ ക്രമക്കേടുണ്ടായാൽ സമർഥരുടെ അവസരങ്ങളാണു നഷ്ടമാകുന്നത്. അത് അനീതിയാണ്. തുടരെയുള്ള
പരീക്ഷാക്രമക്കേടുകൾ രാജ്യത്തിനുതന്നെ നാണക്കേടാണ്
.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment