സ്റ്റീഫൻ ഹോക്കിംഗ്- ഒരു അദ്ഭുതപ്രതിഭാസം
ആൽബർട്ട് ഐൻസ്റ്റൈനുശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രപ്രതിഭയായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്. ഭൗതികശാസ്ത്രത്തിന്റെ പല ഇരുണ്ടകോണുകളിലേക്കും വെളിച്ചം വിതറുകയും
അനന്യമായ ആത്മബലത്തോടെ ജീവിതത്തെ നേരിടുകയും ചെയ്ത അദ്ഭുതപ്രതിഭാസമായിരുന്നു അന്തരിച്ച
സ്റ്റീഫൻ ഹോക്കിംഗ്. തമോഗർത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവു മാത്രമല്ല, ഊർജതന്ത്രത്തിന്റെ അപ്രാപ്യമേഖലകളെ സാധാരണക്കാരന്റെയും ചിന്തകളിലേക്കു പകർന്നുകൊടുത്ത അസാമാന്യ പ്രതിഭാശാലികൂടിയായിരുന്നു അദ്ദേഹം.
ഇരുപത്തൊന്നാം വയസിൽ അപൂർവരോഗം പിടിപെടുകയും അല്പായുസെന്നു വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്ത ഹോക്കിംഗ് എഴുപത്താറാം വയസിലാണു ലോകത്തോടു വിടപറയുന്നതെന്നതുതന്നെ അസാധാരണം. ജീവിതത്തിൽ ഏറിയ പങ്കും വീൽ ചെയറിലായിരുന്നുവെങ്കിലും അസാമാന്യമായ ഇച്ഛാശക്തിയോടെ അദ്ദേഹം ജീവിതത്തെ നേരിടുകയും ഭൗതികശാസ്ത്രത്തിലെ സുപ്രധാനമായ ചില കണ്ടെത്തലുകൾക്കും നിരവധി പഠനങ്ങൾക്കും വഴിതുറക്കുകയും ചെയ്തു.
സാധാരണഗതിയിൽ, ഒരു ജീവിതത്തെ പാടേ തകർക്കാമായിരുന്ന രോഗമാണ് അദ്ദേഹത്തെ ബാധിച്ചത്. ശാരീരികമായി അദ്ദേഹത്തെ രോഗം എന്നേക്കുമായി തളർത്തിക്കളയുകയും ചെയ്തു. പക്ഷേ, മനസ് ഒട്ടും തളർന്നില്ല. അത്യസാധാരണമായിരുന്നു ആ മനസിന്റെ ബലം.
അത്യദ്ഭുതകരമായിരുന്നു
ആ പ്രജ്ഞ. നർമബോധമോ, അതും അസാധാരണം. മനോഹരമായൊരു മനസുള്ള മഹാനായ ഈ ശാസ്ത്രജ്ഞൻ താൻ
കണ്ടിട്ടുള്ളവരിൽ ഏറ്റവും നർമബോധമുള്ളയാളായിരുന്നുവെന്നാണു
ടെലിവിഷൻ ഷോയിലും സിനിമയിലും സ്റ്റീഫൻ ഹോക്കിംഗിനെ അവതരിപ്പിച്ച ഓസ്കർ ജേതാവായ നടൻ എഡ്ഡി റെഡ്മെയ്ൻ അനുസ്മരിച്ചത്.
1942 ജനുവരി എട്ടിന് ഓക്സ്ഫഡിലായിരുന്നു സ്റ്റീഫൻ ഹോക്കിംഗിന്റ ജനനം. ഓക്സ്ഫഡ് സർവകലാശാലയിൽ ഭൗതികശാസ്ത്രപഠനം കഴിഞ്ഞു ഗവേഷണ പഠനത്തിലേക്കു കടക്കുന്പോഴാണ് 21-ാം വയസിൽ അത്യപൂർവമായ
ആമിയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന മോട്ടോർ ന്യൂറോൺ രോഗം അദ്ദേഹത്തെ ബാധിച്ചത്. ശരീരത്തിന്റെ ചലനശേഷി നിയന്ത്രിക്കുന്ന പേശികൾക്കു ബലക്ഷയം സംഭവിക്കുകയാണു ഫലം. രണ്ടുമൂന്നു വർഷത്തിൽക്കൂടുതൽ ജീവിക്കില്ലെന്നു ഡോക്ടർമാർ വിധിച്ചു. എന്നാൽ ഹോക്കിംഗിന്റെ കാര്യത്തിൽ രോഗം അല്പം വ്യത്യസ്തമായ രീതി സ്വീകരിച്ചു. വളരെ സാവകാശമേ രോഗം പേശികളെ ബാധിച്ചുള്ളൂ. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതനാളുകൾ നീണ്ടുപോയി.
പിന്നീടൊരിക്കൽ അണുബാധയുണ്ടായി ഹോക്കിംഗ് ആശുപത്രിയിലായി. യന്ത്രസഹായത്തോടെയേ ജീവൻ നിലനിൽക്കൂ എന്നുവന്നു. സ്ഥിതി കൂടുതൽ വഷളായതോടെ വെന്റിലേറ്റർ മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചെങ്കിലും ഭാര്യ ജെയ്ൻ വിസമ്മതിച്ചു. കേംബ്രിഡ്ജിലെ ആഡൻബ്രൂക്ക് ആശുപത്രിയിലേക്ക് ഹോംക്കിംഗിനെ വിമാനമാർഗം എത്തിച്ചു. അവിടെ വലിയൊരു ശസ്ത്രക്രിയയ്ക്കു വിധേയനായ ഹോക്കിംഗിനു സംസാരശേഷിയും നഷ്ടപ്പെട്ടു. അതിനുശേഷം വോയ്സ് സിന്തസൈസർ ഉപയോഗിച്ചാണ് അദ്ദേഹം ആശയവിനിമയം നടത്തിപ്പോന്നത്.
ജീവിതത്തെ ഇരുൾവന്നു മൂടിയപ്പോൾ തനിക്കുതന്നെ അദ്ഭുതമുളവാക്കിക്കൊണ്ട്, ജീവിതത്തെ കൂടുതൽ ആസ്വദിക്കാനുള്ള അഭിവാഞ്ഛ തന്നിൽ വളർന്നുവെന്നു ഹോക്കിംഗ് പറഞ്ഞിട്ടുണ്ട്. പുതിയൊരു ലക്ഷ്യബോധം അദ്ദേഹത്തിൽ ബലപ്പെട്ടു. ശരീരം ദുർബലമാകുന്പോൾ അദ്ഭുതകരവും അഭൂതപൂർവവുമായ ഒരു കരുത്ത് ഉള്ളിൽ വളർന്നുകൊണ്ടിരുന്നു. ശാസ്ത്രഗവേഷണത്തിൽ കൂടുതൽ മുഴുകാൻ അദ്ദേഹം തീരുമാനിച്ചു. പ്രപഞ്ചരഹസ്യങ്ങൾ അറിയാൻ ശ്രമിക്കുക. അരനൂറ്റാണ്ടോളം ഹോക്കിംഗ് നടത്തിയതു നിരന്തരമായ അന്വേഷണമാണ്. അതു ലോകത്തിനു നൽകിയതു വളരെ വിലപ്പെട്ട അറിവുകളും.
1960-കളുടെ തുടക്കത്തിൽത്തന്നെ അദ്ദേഹം ക്രച്ചസ് ഉപയോഗിച്ചുതുടങ്ങിയിരുന്നു.
വിവാഹവേളയിൽ ക്രച്ചസുമായാണു വധു ജെയ്നിനോടൊപ്പം നിന്നത്. പ്രപഞ്ചത്തെക്കുറിച്ചു വിശാലമായി ചിന്തിക്കാൻ തനിക്കു സ്വാതന്ത്ര്യം നൽകിയത് ഈ അസ്വാതന്ത്ര്യമാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഗണിതശാസ്ത്രജ്ഞനായ റോജർ പെൻറോസുമൊത്തുള്ള ഗവേഷണത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചു നടത്തിയ കണ്ടെത്തലുകളാണു ഹോക്കിംഗിനെ ലോകപ്രശസ്തനാക്കിയത്. ക്വാണ്ടം ഫിസിക്സിലെ ചില നിയമങ്ങളെ തമോഗർത്തസിദ്ധാന്തത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു. എന്നാൽ, മൂന്നു ദശകത്തിനുശേഷം സ്വയം തിരുത്താൻ അദ്ദേഹം മടിച്ചില്ല. പല ശാസ്ത്രജ്ഞരും സ്വന്തം
നിഗമനങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കുന്പോൾ
ഹോക്കിംഗിന് താനാണ് അവസാനവാക്ക് എന്ന തോന്നൽ ഒരിക്കലുമുണ്ടായില്ല.
ഹോക്കിംഗ് 32-ാം വയസിൽ ബ്രിട്ടനിലെ
റോയൽ സൊസൈറ്റിയിൽ അംഗമായി. അഞ്ചുവർഷത്തിനുശേഷമാകട്ടെ അദ്ദേഹത്തിനു കേംബ്രിജിൽ ഐസക് ന്യൂട്ടൺ വഹിച്ചിരുന്ന ലൂക്കാസിയൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് എന്ന സ്ഥാനവും ലഭിച്ചു. ബ്രിട്ടനിലെ ഏറ്റവും ഉന്നതമായ ശാസ്ത്ര പദവിയായിരുന്നു അത്.
നിരവധി ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഹോക്കിംഗിന്റെ “എ ബ്രീഫ് ഹിസ്റ്ററി
ഓഫ് ടൈം’’ എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ജനപ്രിയ ശാസ്ത്രഗ്രന്ഥമാണ്. പ്രശസ്തമായ പല പുരസ്കാരങ്ങളും ഹോക്കിംഗ്
നേടിയിട്ടുണ്ടെങ്കിലും
നൊബേൽ പുരസ്കാരം വിട്ടുനിന്നു.
ഏറെ വിവാദങ്ങൾ ഹോക്കിംഗിനെ കേന്ദ്രീകരിച്ച് ഉണ്ടായിട്ടുണ്ട്. ഇസ്രയേലിൽ നടന്നൊരു പ്രധാനപ്പെട്ട ശാസ്ത്രസമ്മേളനം പലസ്തീൻ അക്കഡേമിക്കുകളുടെ ഉപദേശമനുസരിച്ചു ബഹിഷ്കരിച്ചതായിരുന്നു ഒരു വിവാദത്തിന്റെ വിഷയം. 2010ൽ ഹോക്കിംഗ് പുറത്തിറക്കിയ
“ഗ്രാൻഡ് ഡിസൈൻ’’ എന്ന ശാസ്ത്രഗ്രന്ഥം മതത്തെയും ദൈവത്തെയുമൊക്കെ തള്ളിപ്പറയുന്നതായിരുന്നു.
മനുഷ്യകുലത്തിന്റെ നിലനില്പിനു ബഹിരാകാശത്തേക്കുകൂടി കടക്കേണ്ടതുണ്ടെന്ന അഭിപ്രായമായിരുന്നു ഹോക്കിംഗിന്. അതേസമയം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന യന്ത്രബുദ്ധിയുടെ ദുരുപയോഗത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്തു. മരണത്തെ ഭയമില്ലെങ്കിലും മരിക്കാൻ ധൃതിയില്ലെന്നു പറഞ്ഞ ഹോക്കിംഗ് ഏതാണ്ടൊരു പൂർണജീവിതം ജീവിച്ചു കടന്നുപോകുന്പോൾ ശാസ്ത്രലോകത്തിൽ വലിയൊരു ഗർത്തമാണുണ്ടാവുന്നത്.
Prof. John Kurakar
No comments:
Post a Comment