Pages

Monday, March 12, 2018

ചരിത്രത്തെയും ശാസ്ത്രത്തെയും അട്ടിമറിക്കരുത്



ചരിത്രത്തെയും ശാസ്ത്രത്തെയും അട്ടിമറിക്കരുത്

ചരിത്രത്തെയും ശാസ്ത്രസത്യങ്ങളെയും വളച്ചൊടിക്കുകയോ അട്ടിമറിക്കുകയോ ചെയ്യരുത് .ആർഎസ്എസ് ആഗ്രഹിക്കുന്ന രീതിയിൽ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സമിതിയെ നിയോഗിച്ചതായുള്ള റിപ്പോർട്ട് വലിയ ഉത്കണ്ഠ ഉളവാക്കുന്നതാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പന്ത്രണ്ടായിരം വർഷത്തെ ഇന്ത്യാചരിത്രം പുരാണഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തി സ്കൂൾ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും എഴുതിച്ചേർക്കുന്നതിനാണീ സമിതി രൂപവത്കരിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്. സമിതിയെ നിയോഗിച്ചതു ചരിത്രം തിരുത്തിയെഴുതാനല്ലെന്നും രാജ്യത്തിന്റ ചരിത്രവും സംസ്കാരവും ശരിയായ രീതിയിൽ പരിശോധിക്കാനാണെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ പറയുന്നു.
എന്നാൽ, ചരിത്രത്തിലെ ചില ഏടുകൾ മാറ്റിയെഴുതുകയാണു തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യമെന്നു നിർദിഷ്ട സമിതിയുടെ ചെയർമാൻ കെ.എൻ. ദീക്ഷിത് വെളിപ്പെടുത്തി.രാജ്യത്തെ ആദിമ മനുഷ്യർ ഹിന്ദുക്കളായിരുന്നുവെന്നും ഹിന്ദുപുരാണങ്ങൾ മിത്തുകളല്ല സത്യമാണെന്നും സ്ഥാപിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നു റോയിട്ടേഴ്സ് വിലയിരുത്തുന്നുണ്ട്.വളരെ അപകടകരമായ ഈ നീക്കം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണം .തങ്ങൾക്ക്‌ എന്തുമാകാം എന്ന അഹങ്കാരം  കേന്ദ്രസർക്കാർ ഉപേക്ഷിക്കണം
.അംഗീകൃതവും അടിസ്ഥാനപരവുമായ ചരിത്രവസ്തുതകളെ തമസ്കരിച്ചുകൊണ്ട്, വ്യക്തമായ ലക്ഷ്യങ്ങളോടെ ചരിത്രത്തിന്റെ പുനർനിർമിതിക്കുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്.ചരിത്രത്തോടും ശാസ്ത്രത്തോടും വിശ്വസ്തതയും പ്രതിബദ്ധതയും പുലർത്തുന്ന തലമുറയെ അതിൽ നിന്ന്  വ്യതിചലിപ്പിക്കാൻ  ഇടയാകരുത് .പാഠപുസ്തകങ്ങൾ സത്യമായ അറിവു പകർന്നുകൊടുക്കുന്നതാവണം. വരുംതലമുറയുടെ ബോധമണ്ഡലത്തിലേക്കു കടത്തിവിടുന്ന വിജ്ഞാനം അബദ്ധജടിലവും അടിസ്ഥാനമില്ലാത്തതുമാണെങ്കിൽ അതുളവാക്കുന്ന അപകടം ഗുരുതരമായിരിക്കും .ഓരോ സർക്കാരും അവർക്ക് ഇഷ്‌ടപ്പെട്ട രീതിയിൽ ചരിത്രം തിരുത്തിയാൽ എന്തായിരിക്കും ഭാരതത്തിൻറെ സ്ഥിതി .

പ്രൊഫ്.ജോൺ കുരാക്കാർ

No comments: