കരുണയും മനുഷ്യത്വവുമില്ലാത്ത മനുഷ്യർ
ഒരു കാക്കയ്ക്ക് മുറിവേറ്റാൽ മറ്റു കാക്കകൾ ഒത്തുകൂടി സഹായിക്കുന്നതു കാണാം .സഹജീവിക്ക് ഒരപകടം നേരിട്ടതു കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന കാട്ടുപോത്തുകൾ ഓടിയെത്തുകയും സിംഹങ്ങളുടെ ആക്രമണത്തിൽ നിന്ന് മുറിവേറ്റ ആ കാട്ടുപോത്തിനെ രക്ഷപ്പെടുത്തുന്ന വീഡിയോ
ചാനലുകളിൽ ഏറെ പ്രചരിക്കപ്പെട്ടതായി കണ്ടു .അപകടത്തിൽ പെട്ട സഹജീവിയെ സഹായിക്കാൻ തയാറാകാത്ത വിവേകികളെന്ന് അഭിമാനിക്കുന്ന മനുഷ്യരെ കുറിച്ച് എന്തുപറയാൻ ?
. ഒരപകടവുമുണ്ടാകില്ല എന്നറിയാമായിരുന്നിട്ടും നിസ്സഹായനായ സഹജീവിയെ രക്ഷിക്കാൻ തയ്യാറാകാതെ കാഴ്ചക്കാരായി നിന്നത് മലയാളികൾ തന്നെ. സംഭവം നടന്നത് കൊച്ചിയിലാണ് . ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്നു വീഴുന്നു. താഴെ റോഡിലിരുന്ന സ്കൂട്ടറിനു മുകളിലേക്കാണ് വീണത്. വീഴുന്നത് അവിടെയുണ്ടായിരുന്ന പലരും കണ്ടു. പക്ഷേ, പത്തുമിനിറ്റോളം അബോധാവസ്ഥയിൽ റോഡിൽ കിടന്നിട്ടും കൂടിനിന്നവർ വെറും കാഴ്ചക്കാരായി. ഒടുവിൽ അതുവഴിവന്ന അഭിഭാഷക രഞ്ജിനി രാമാനന്ദും മകൾ വിഷ്ണുപ്രിയയും ചേർന്നാണ് അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കാൻ മുൻകൈയെടുത്തത്.
നിഷ്ക്രിയരായി കൂടിനിന്നവരിൽ കൂടുതലും ചെറുപ്പക്കാരായിരുന്നു. എന്തുംചെയ്യാനുള്ള ഊർജമുള്ള കാലമാണ് യൗവ്വനം. അവർക്ക് ഒരു പ്രതിസന്ധിഘട്ടത്തിൽ ഇടപെടാൻ താത്പര്യമുണ്ടാവുന്നില്ലെന്നത്
നമ്മെ ഭയപ്പെടുത്തേണ്ടതാണ്. ആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ലെന്നും കൈകാണിച്ചിട്ട് പല വാഹനങ്ങളും നിർത്തിയില്ലെന്നും
ജീവനുണ്ട് രക്ഷിക്കണമെന്ന് വിളിച്ചുപറഞ്ഞിട്ടും ആളുകളിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നുമാണ്
രഞ്ജിനി പറഞ്ഞത്. ഒരപകടാവസ്ഥയിൽ
നമ്മെ സഹായിക്കാൻ പലരും തയ്യാറാവില്ല എന്ന ഭയപ്പെടുത്തുന്ന സത്യമാണ് ആ വാക്കുകളിൽ നിന്ന് തിരിച്ചറിയുന്നത്.
വാഹനാപകടത്തിലും മറ്റും പെടുന്ന ഒരാളെ ആസ്പത്രിയിൽ എത്തിച്ചാൽ സാക്ഷി പറയേണ്ടിവരുമോ, നിയമനടപടിയുടെ ഭാഗമായിപ്പോകുമോ എന്നൊക്കെയുള്ള ആശങ്ക കുറച്ചുകാലം മുമ്പുവരെ ജനങ്ങൾക്കുണ്ടായിരുന്നു. ഈ ആശങ്ക കാരണം
വിലപ്പെട്ട പല ജീവനുകളും പൊലിഞ്ഞുപോയിട്ടുണ്ട്.
എന്നാൽ, മോട്ടോർ വാഹനവകുപ്പും പോലീസും മാധ്യമങ്ങളുമൊക്കെ നടത്തിയ നിരന്തരപ്രചാരണത്തിന്റെയും ബോധവത്കരണത്തിന്റെയും ഫലമായി അതിൽ കുറച്ചെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെന്നായിരുന്നു
ധാരണ. അപകടത്തിൽപ്പെടുന്നയാളെ ആസ്പത്രിയിൽ എത്തിക്കുന്നതുകൊണ്ട് ഒരു നടപടിയും ഉണ്ടാവില്ലെന്നും അതിന്റെ പേരിൽ അവരെ ആരും ബുദ്ധിമുട്ടിക്കില്ലെന്നുമൊക്കെ
സർക്കാർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അതറിയാത്തതുകൊണ്ടാണോ സഹജീവികളെ കൺമുന്നിൽ മരിക്കാൻ വിട്ടുകൊടുക്കുന്നത്? അതുമാത്രമാവില്ല
കാരണം. തിരക്കുള്ള ജീവിതത്തിനിടയിൽ മറ്റുള്ളവർക്കുവേണ്ടി എന്തിനു തന്റെ സമയം പാഴാക്കണമെന്ന സ്വാർഥചിന്തയും നിഷ്ക്രിയത്വത്തിനു പിന്നിലുണ്ടാകും. പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികൾ ക്രൂരമായ സ്വാർഥതയിലേക്കാണ് പോകുന്നത്.
ഈ ദുരവസ്ഥയിലും മനുഷ്യത്വംനശിക്കാത്ത
ആരൊക്കെയോ ചുറ്റിലുമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു
രഞ്ജിനിയുടെയും മകളുടെയും ഇടപെടൽ. എത്രയോ പുരുഷന്മാർ, ചെറുപ്പക്കാർ അവിടെയുണ്ടായിരുന്നിട്ടും അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ അവരേ ഉണ്ടായിരുന്നുള്ളൂ. സുഹൃത്തിന്റെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ തിരക്കിട്ടുപോകുമ്പോഴാണ് ഈ അപകടം അവർ
കാണുന്നതും രക്ഷിക്കാനിറങ്ങുന്നതും. കല്യാണത്തിനു പങ്കെടുക്കുന്നതിനെക്കാൾ വലുത് ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞത് ഉള്ളിലെ നന്മകൊണ്ടാണ്. കരുണയും മനുഷ്യത്വവും മലയാളികളിൽ നിന്ന് നഷ്‌ടമായോ ?ആർക്ക് എന്തുസംഭിച്ചാലും എനിക്ക് ഒന്നുമില്ല , ഈ സ്വാർത്ഥത ക്രൂരമാണ്
.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment