Pages

Tuesday, March 13, 2018

സത്യവാൻ കൊട്ടാരക്കര

സത്യവാൻ കൊട്ടാരക്കര

സത്യവാൻ കൊട്ടാരക്കര പലപ്പോഴും  ഒരു ഒറ്റയാൻ പോരാട്ടത്തിലായിരുന്നു .സാമൂഹ്യ വിമർശകനായ അദ്ദേഹം സ്കൂളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്കൂള്‍ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്തു .
ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്ന സത്യവാൻറെ വിയോഗം കൊട്ടാരക്കരക്ക്  ഒരു വലിയ നഷ്‌ടമാണ്‌. വിദ്യാഭ്യാസ സുരക്ഷാ സമിതി എന്ന പ്രസ്ഥാനത്തിന്‍റെ കണ്‍വീനര്‍ ആയിരുന്ന സത്യവാൻ  സഭയിലെ അഴിമതിക്കും ദുഷിപ്പുകള്‍ക്കുമെതിരെ രൂക്ഷ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് . കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് എതിരെ പ്രചാരണം നടത്തിയിരുന്നു .പ്ലസ് ടു സ്കൂളുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ സത്യവാന്‍ കൊട്ടാരക്കര സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചത്. സ്കൂള്‍ രാഷ്ട്രീയം നിരോധിച്ചതുപോലെ ഹയര്‍ സെക്കന്ററി സ്കൂളുകളിലും രാഷ്ട്രീയം നിരോധിക്കണമെന്നായിരുന്നു സത്യവാന്‍ കൊട്ടാരക്കര ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ സ്കൂളുകളിലും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നിരോധിച്ചിരുന്നു. സ്കൂള്‍ രാഷ്ട്രീയം നിരോധിച്ച വിധി എല്ലാ അര്‍ത്ഥത്തിലും പ്ലസ് ടുവിനും ബാധകമാണെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ ന്യായീകരണം.മത്തായി കുട്ടി എന്ന സത്യവാൻ കൊട്ടാരക്കര ഒരു സാമൂഹ്യ വിമർശകനായിരുന്നു .  കേരളത്തിലെ സമുന്നതരായ രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഏതൊക്കെ വിദേശ സർവകലാശാലകളിൽ ഉന്നത കലാലയങ്ങളിൽ പഠിക്കുന്നു എന്നും, അവർ നേതൃത്വം നൽകുന്ന പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകൾ എത്രമാത്രം പഠിപ്പ് മുടക്കുന്നു  എന്നും  അദ്ദേഹം പൊതുജനങ്ങളോട്  വിളിച്ചു പറഞ്ഞിരുന്നു .പ്രൊഫസർ എസ് ഗുപ്തൻനായർ രക്ഷാധികാരിയായിട്ടുള്ള  സംഘടനയായിരുന്നു വിദ്യാഭ്യാസ സുരക്ഷാ സമിതി. മദ്യം ,മയക്കുമരുന്ന് ഇവക്കെതിരെയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പാൻമസാല കഴിച്ച ആളുകളുടെ വ്രണിതമായ മുഖം ചിത്രീകരിച്ചുകൊണ്ട് സ്കൂളുകളിലും കോളേജുകളിലും പ്രചരണ പരിപാടികൾ നടത്തിയിരുന്നു.റേഡിയോയിൽ രാവിലെ 5 55ന് പ്രക്ഷേപണം ചെയ്യുന്ന സുഭാഷിതം ആരും കേൾക്കാതെ പോകുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ അസംബ്ലിയിൽ കേൾപ്പിക്കുവാനായി പരിശ്രമിച്ചത് സത്യവാൻ കൊട്ടാരക്കരയാണ് . പരീക്ഷകളിലെ കോപ്പിയടി തടയാൻ  പരീക്ഷാഭവനും മറ്റും തയാറായത് സത്യവാൻ കൊട്ടാരക്കരയുടെ  പരാതിയിലാണ് .
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഒരു അപേക്ഷ നൽകിയാൽ കൈപ്പറ്റു രസീത് നൽകണം എന്ന് കോടതി ഉത്തരവ് സമ്പാദിച്ചത് സത്യവാൻ കൊട്ടാരക്കരയുടെ വാദത്തിൻമേലായിറരുന്നു. ഒരുപാട് കോടതികളിൽ മനുഷ്യ സേവനപരമായ ആവശ്യങ്ങൾക്കായി സ്വയം വാദിച്ച് കോടതിവിധികൾ സമ്പാദിച്ച മഹാനായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. റോഡരികിൽ കൂടി നടക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന കച്ചവടങ്ങൾ ക്കെതിരെ നടപ്പാത സംരക്ഷണ സമിതി അദ്ദേഹം രൂപീകരിച്ചിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം ബസ്സിൽ യാത്ര ചെയ്തും സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും. വീട്ടിൽ തന്റെ മേശപ്പുറത്ത് ബാക്കിസമയം ലേഖനങ്ങളെഴുതിയും കേരള നിയമ സഭയിലെ മുഴുവൻ എംഎൽഎമാർക്കും കേന്ദ്ര ജനപ്രതിനിധികൾക്കും സ്വന്തം കീശയിൽ നിന്നും പണം ചെലവാക്കി കത്തെഴുതിയും ഒരു വ്യത്യസ്ത സാമൂഹിക പ്രവർത്തകനായി  അദ്ദേഹം ജീവിച്ചു . ഒട്ടേറെ അവാർഡുകൾ  സത്യവാനെ തേടിയെത്തിയിട്ടുണ്ട് .മാർത്തോമ്മാ ഡയലോഗ് സെന്റർ അവാർഡ്, കെ.സി മാത്യു സ്മാരക അവാർഡ് , കുരാക്കാർ  സാംസ്ക്കാരിക വേദി അവാർഡ്,എ.പി രാമകൃഷ്ണൻ ആറ്റുവാശ്ശേരി സ്മാരക അവാർഡ് , കേരളകാവ്യകലാസാഹിതി അവാർഡ്,സെൻറ്‌ ഗ്രീഗോറിയോസ് അവാർഡ് ന്യൂയോർക്ക് ,ലോക സേവാ അവാർഡ്  എന്നിവ അവയിൽ ചിലതാണ് . സത്യവാൻ കൊട്ടാരക്കരക്ക്  കേരളകാവ്യകലാസാഹിതിയുടെ ആദരാഞ്ജലികൾ


പ്രൊഫ്. ജോൺ കുരാക്കാർ

No comments: