മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ
മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസത്തിന് പ്രധാനമായി ചൂണ്ടിക്കാണിക്കാറുള്ളത് മനുഷ്യത്വമാണ്. സ്നേഹം, കനിവ്, ആര്ദ്രത, അനുതാപം, സഹാനുഭൂതി, ദയ, കൈത്താങ്ങ് തുടങ്ങിയവയൊക്കെ ഉള്ച്ചേര്ന്നിരിക്കുന്ന ഒരു വികാരമാണത്. മനുഷ്യത്വമില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും നമുക്ക് സംസ്കാര സമ്പന്നരെന്നു കരുതുന്ന കേരളത്തിൽ കാണാൻ കഴിയും .സ്വകാര്യ ആശുപത്രിയിലെ ബില്ലടക്കാനുള്ള പണം ഉണ്ടാക്കാൻ ഭിക്ഷ യാചിക്കുന്ന ഏഴു വയസ്സുകാരൻറെ ചിത്രം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല . -മനുഷ്യ ജീവനേക്കാൾ വില പണത്തിനുണ്ട് എന്നതിന്റെ തെളിവാണ് നമ്മൾ ആശുപത്രികളിൽ കാണുന്നത് .പണം അടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ടു മരണമടഞ്ഞ എത്രയോ രോഗികൾ നമ്മുടെ നാട്ടിലുണ്ട് .കൺമുമ്പിൽ മനുഷ്യ ജീവൻ കിടന്നു പിടയുമ്പോഴും അതിനു നേരെ കണ്ണടച്ചു ആശുപത്രി നിയമങ്ങൾ പാലിക്കുന്ന മനുഷ്യത്വം ഇല്ലാത്ത ഡോക്ടർമാരേയും കാണാവുന്ന കാലമാണിത് .
ശാസ്ത്രവും സാങ്കേതികതയും എത്രയൊക്കെ വികസിച്ചാലും, വിശ്വവിശാലതയിലേക്കുയര്ന്നാലും മനുഷ്യത്വമില്ലെങ്കില്‍ യാതൊരു പ്രയോജനവുമില്ല .കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായ ദുരന്തവും സംഭവഗതികളും.മനുഷ്യൻറെ മനുഷ്യത്വമില്ലായ്മക്ക് മറ്റൊരു ഉദാഹരണമാണ് .ജോലി തേടിയെത്തിയ ഒരു മധ്യവയസ്കന് നഗരഹൃദയത്തിലെ ഒരു ലോഡ്ജിനു മുകളില്‍ നിന്ന് തലചുറ്റി താഴെ വീണപ്പോള്‍ അത് കണ്ടുനില്ക്കുകയല്ലാതെ കൈത്താങ്ങ് നല്കാന് ആരും തയ്യാറായില്ല. ചെറുപ്പക്കാര്‍ കൂട്ടംകൂടി നിന്ന് ദുരന്തം കണ്ട് ആസ്വദിക്കുമ്പോഴാണ് ഒരമ്മയും മകളും ആ വഴി വന്നതും, പ്രാണന്റെ തുടിപ്പുള്ള അയാളെ ആശുപത്രിയിലെത്തിക്കാന്‍ അങ്ങേയറ്റത്തെ പരിശ്രമം നടത്തിയതും. താണുകേണപേക്ഷിച്ചിട്ടും വാഹനങ്ങളും യാത്രക്കാരും സഹായത്തിനെത്തിയില്ല എന്നത് പരമദയനീയം തന്നെ .സാക്ഷരകേരളം നാണംകെട്ട കേരളം.
അത്യാവശ്യ കാര്യത്തിന് ഇറങ്ങിത്തിരിച്ച അഡ്വ. ആര്‍. രഞ്ജിനിയും മകള്‍ വിഷ്ണുപ്രിയയും അതൊക്കെ മറന്ന് ഒരു ജീവന് നിലനിര്‍ത്താന്‍ തങ്ങളാലാവുന്നതൊക്കെ ചെയ്യുകയായിരുന്നു. അവരുടെ പരിശ്രമങ്ങളെ എത്ര പ്രശംസിച്ചാലുംമതിയാവുകയില്ല.അവര്‍ മാതൃകയാണെന്ന്ചൂണ്ടിക്കാണിച്ചമുഖ്യമന്ത്രിസംഭവത്തില് സമൂഹം കാണിച്ച നെറികേടില്‍ ഞെട്ടലും രേഖപ്പെടുത്തുകയുണ്ടായത് ഉചിതമായി.
വിദ്യാഭ്യാസം വിവേകത്തിലേക്ക് എത്തില്ലെന്നതിന്റെ സൂചകമാണ് ദുരന്തത്തിനു നേരെ മുഖംതിരിച്ച ജനങ്ങള്‍. അപകടത്തില്പ്പെട്ടവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ സ്വയംസന്നദ്ധരായി ജനങ്ങള്‍ രംഗത്തുവരണമെന്നും അത്തരക്കാരെ കേസിന്റെ നൂലാമാലയില്‍ കുടുക്കില്ലെന്നും സുപ്രീംകോടതിയുടെ വരെ നിരീക്ഷണമുണ്ടായിട്ടും ഇങ്ങനെ സംഭവിക്കുന്നത് നിര്ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ആത്മവിമര്ശനം നടത്തി മനുഷ്യത്വത്തിലേക്ക് ഉയരണം .മനുഷ്യത്വം കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്നതല്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment