Pages

Thursday, December 14, 2017

ഇന്ത്യയിൽ വലിയ ഒരു സാമൂഹികപ്രശ്നമായി അന്ധവിശ്വാസം.വ്യാപകമായി വളരുന്നു .


ഇന്ത്യയിൽ വലിയ ഒരു സാമൂഹികപ്രശ്നമായി
അന്ധവിശ്വാസം.വ്യാപകമായി വളരുന്നു .

ഇന്ത്യയിൽ വ്യാപകമായ ഒരു സാമൂഹികപ്രശ്നമായി  അന്ധവിശ്വാസം വളരുകയാണ് രണ്ടുദിവസം മുൻപ് ഛത്തീസ്ഗഡിലെ റായ്പൂര് ജില്ലയിൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകാന് നാലുവയസുളള മകളെ അച്ഛന് ബലി കൊടുത്തതായി വാർത്തയിൽ കണ്ടു ..ദീപ്ചന്ദ് ദേവാംഗന് എന്നയാളാണ് സ്വന്തം മകളെ കൊന്നത്. കുട്ടിയുടെ മൃതദേഹം പിന്നീട് ഒരു ബാഗിലാക്കി സൂക്ഷിച്ചതായും ആരോപണമുണ്ട്. പിന്നീട് സംസ്കാരം നടത്താന് വേണ്ടിയായിരുന്നു ഇത്. കുട്ടിയുടെ അമ്മ വീട്ടില് ഇല്ലാതിരുന്ന സമയത്താണ് സംഭവം. പിന്നീട് ഇവര് മകളെ അന്വേഷിച്ചപ്പോഴാണ് കവറിനുള്ളില് പൊതിഞ്ഞ നിലയില് സ്റ്റോര് മുറിയില് മൃതദേഹം കണ്ടെത്തിയത്..കുട്ടിയുടെ പിതാവിന് അടുപ്പമുളള ഒരു തന്ത്രിയുടെ ഉപദേശപ്രകാരമാണ് ഇയാള് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

 വിവിധ തരം അന്ധവിശ്വാസങ്ങള് മൂലം മരിക്കുന്നവരുടെ എണ്ണം വര്ദ്ധിക്കുന്നതായി റിപ്പോര്ട്ട്.കരുനാഗപ്പള്ളിയില് ഒരു യുവതി ദുര്മന്ത്രവാദിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത് അടുത്തകാലത്താണ്. .അന്ധവിശ്വാസത്തിന്റെപേരില് ബാംഗളൂരിൽ അവയവങ്ങൾ മുറിച്ച നിലയിൽ ഒരു യുവാവിനെ ഏതാനം മാസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡിഷ സ്വദേശിയായ ബിജോയ് നായിക്  ആണ് നാവും ജനനേന്ദ്രിയവും മുറിച്ചത്. നാവും ജനനേന്ദ്രിയവും മുറിച്ചാല് പ്രത്യേകശക്തി ലഭിക്കുമെന്ന വിശ്വാസത്തിലാണിതു ചെയ്തതെന്നാണ് യുവാവ് പോലീസിന് മൊഴി നല്കി.ഇന്ത്യയില് തീക്കനലിലൂടെ നടക്കുന്നത് ഉള്പ്പടെയുള്ള വിവിധ ആചാരങ്ങള് മൂലം ധാരാളം പേര് രാജ്യത്ത് മരണപ്പെടുകയും പരിക്കേല്ക്കുകയും ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസത്തിന്റെ കുറവാണ് സാധാരണയായി അന്ധവിശ്വാസത്തിന് കാരണമാവാറുള്ളത്, എന്നാൽ ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവർപോലും അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതായിക്കാണാം.”‘ആൺമയിൽ പെൺമയിലിന്റെ അടുത്തേക്ക് ഇണ ചേരാൻ പോകാറില്ല. ഇണ ചേരാൻ തോന്നുമ്പോൾ അവ കരയും. ആ കണ്ണീർ കുടിച്ചാണ് പെൺമയിലുകൾ ഗർഭിണികളാകുന്നത്. അതിനാൽത്തന്നെ ബ്രഹ്മചാരികളുമാണ് ആൺമയിലുകൾ..”.’ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ  വാക്കുകൾ കേട്ട് ശാസ്ത്രലോകം ഞെട്ടി .അതിവേഗംവികസിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു രാജ്യമാണ് ഭാരതമെങ്കിലും  അന്ധവിശ്വാസങ്ങള്ക്ക് പഞ്ഞമില്ലാത്തൊരു രാജ്യം കൂടിയാണിത്. 

ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും പകരം കടുത്ത അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും ഭാരതവും  കേരളസമൂഹംവും നീങ്ങുന്ന കാഴ്ച ദയനീയമാണ് . ശാസ്ത്രബോധവും യുക്തിചിന്തയും വളര്ത്താന് പരിശ്രമിക്കേണ്ട മാധ്യമങ്ങള് ജനങ്ങളില് അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് ഭാരതത്തിൽ അന്ധവിശ്വാസ നിരോധന നിയമം  അനിവാര്യമാണ് ..രോഗശാന്തിക്കും കുടുംബപ്രശ്നങ്ങള്ക്കും മാനസിക സംഘര്ഷങ്ങള്ക്കും ദാരിദ്ര്യത്തിനും തൊഴില്രാഹിത്യത്തിനും ഉള്ള പരിഹാരമായി ആൾദൈവങ്ങൾ രംഗത്ത് ഇറങ്ങിയിട്ടുണ്ട് ..രാജ്യത്ത് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അന്ധവിശ്വാസ പ്രചാരണത്തിനെതിരെ നിലവിലുണ്ട്. ഭരണഘടനയുടെ ആര്ട്ടിക്കിള് 51 (എച്ച്) ഒരു പൗരന്റെ അടിസ്ഥാന കര്ത്തവ്യങ്ങളില് ഒന്നായി ശാസ്ത്രബോധവും മാനവികതയും വളര്ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ  ഇന്ത്യയിലെ 300 ചാനലുകളില് നൂറോളം ചാനലുകള് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നുതന്നെയാണ് കണ്ടെത്തിയത്.

കപട ആത്മീയതയ്ക്കും അന്ധവിശ്വാസവ്യവസായത്തിനും ഭക്തിവിപണിക്കും വളരുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് നാട്ടിലുള്ളത് . ഇന്ത്യയിൽ 15000 കോടി രൂപയുടെ ഭക്തി / അന്ധവിശ്വാസ കച്ചവടമാണു നടന്നുവരുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ആത്മീയ കമ്പോളം. ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ആത്മീയത വിറ്റഴിക്കുന്നതിനു വേണ്ടി വിദഗ്ധമായി  ഇവിടെ ഉപയോഗപ്പെടുത്തുന്നു.ഓൺലൈൻ വഴി പ്രാർത്ഥിക്കുവാനും വഴിപാടുകളും പൂജകളും നടത്തുവാനും  ഇപ്പോൾ സൗകര്യമുണ്ട്.  കോടികണക്കിനു രൂപയുടെ ജപമാല വ്യാപാരമാണ് ഇന്ത്യയിൽ നടന്നുവരുന്നത്. ഏതു മതവിഭാഗത്തിനും ആവശ്യമായ ജപമാലകൾ ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന വൻ കമ്പനികളുണ്ട്. ജപമാലയ്ക്കു പുറമേ ശംഖ്, ഏലസ്, പല നിറങ്ങളിൽ പല പ്രശ്നങ്ങൾക്കുള്ള ചരടുകൾ, രുദ്രാക്ഷങ്ങൾ, അത്ഭുതശക്തിയുള്ള ലോക്കറ്റുകൾ, മോതിരങ്ങൾ തുടങ്ങിയവയുടെ കച്ചവടം തകൃതിയായി നടക്കുന്നു. എത്രലക്ഷം കോടിയുടെ തട്ടിപ്പാണ് ആത്മീയതയുടെ പേരിൽ ഇത്തരത്തിൽ നടക്കുന്നതെന്നു കൃത്യമായി ആരും തിട്ടപ്പെടുത്തിയിട്ടില്ല.

ദിവ്യാത്ഭുതങ്ങളുടെ മറവിൽ കടുത്ത സാമ്പത്തിക ചുഷണത്തിനൊപ്പം ലൈംഗിക ചൂഷണവും നടന്നു വരുന്നതായി വാർത്തകളിൽ നിറയുന്നു . ഫലമൂലാദികൾ ഭക്ഷിച്ച് കഠിനതപസ്സ് അനുഷ്ഠിച്ച ഭാരതത്തിലെ സന്യാസിമാരുടെ കഥകൾ നമുക്കറിയാം  ശ്രീബുദ്ധനെപോലെ രാജ്യാധികാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ആൾ ദൈവങ്ങൾ സുഖലോലുപതയിലും ആർഭാടത്തിലും ആഢംബരത്തിലും അഭിരമിക്കുന്നവരാണ്. അന്ധവിശ്വാസത്തിലേക്കു വഴുതിവീണുകൊണ്ടിരിക്കുന്ന ജനതയെ ആര് കരകയറ്റും .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: