Pages

Saturday, November 11, 2017

റോഡപകടങ്ങളില്‍പ്പെടുന്നവർക്ക് ആശ്വാസമാകുന്ന സർക്കാർ തീരുമാനം

റോഡപകടങ്ങളില്പ്പെടുന്നവർക്ക് ആശ്വാസമാകുന്ന സർക്കാർ തീരുമാനം

റോഡപകടങ്ങളില്‍പ്പെട്ടവര്‍ സഹായം കിട്ടായ്കയാല്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ കേട്ട് മരവിച്ച മനസ്സുമായി കഴിയുന്ന മലയാളികൾക്ക് ആശ്വാസമാകുകയാണ് കേരള സര്‍ക്കാരിന്റെ തീരുമാനം..റോഡപകടങ്ങളില്‍പ്പെടുന്നവരുടെ 48 മണിക്കൂര്‍ നേരത്തെ അടിയന്തര ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം വിപ്ളവകരമായ ഒന്നാണ്.അപകടത്തില്‍പ്പെട്ടവരെ കണ്ടിട്ടും  മണിക്കൂറുകളോളം കണ്ടില്ലെന്നത് അവിശ്വസനീയംതന്നെ. അപകടത്തില്‍പ്പെട്ടവരെ കണ്ടവര്‍ സഹായം നല്‍കാതെ ,ആശുപത്രിയിൽ എത്തിക്കാതെ കടന്നുപോകുന്നതാണ് പരമദയനീയം .വാഹനാപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി കടന്നുപോകുന്നവരില്‍ ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടായാലും പിന്നീടുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത്  അവരിൽ പലരും പിന്മാറി പോകുന്നു ..മറ്റുള്ളവര്‍ക്കുണ്ടാകുന്ന അപകടങ്ങളിലും ദുരിതങ്ങളിലും പ്രശ്നങ്ങളിലും നിസംഗത പുലര്‍ത്തുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരുന്നുവെന്നതു തികച്ചും നിര്‍ഭാഗ്യകരമാണ്.
റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് പെട്ടെന്ന് വിദഗ്ധചികിത്സ ഉറപ്പാക്കാനുള്ള ട്രോമാകെയര്‍ പദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞത്  ഒരു നേട്ടം തന്നെയാണ് .സംസ്ഥാനത്ത് ദിവസവും ഇരുപതോളംപേര്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ മിക്കവരും ആദ്യമണിക്കൂറുകളില്‍ വിദഗ്ധചികിത്സ കിട്ടാത്തതിനാലാണ് എന്നത് സങ്കടകരമാണ്. അപകടത്തില്‍പ്പെട്ടുവരുന്നവര്‍ പാവപ്പെട്ടവനോ അന്യസംസ്ഥാനത്തൊഴിലാളിയോ ആണെങ്കില്‍ മിക്ക സ്വകാര്യ ആശുപത്രികളും തൊടുന്യായങ്ങള്‍പറഞ്ഞ് ഒഴിവാക്കുകയാണ്. കൈയില്‍ പണമെടുത്തുകൊണ്ട് യാത്രചെയ്യുന്ന രീതിയല്ല ഇന്നുള്ളത്. അതുകൊണ്ടുതന്നെ പണമടച്ചാലേ ചികിത്സ നല്‍കൂ എന്ന മനോഭാവം ഒഴിവാക്കപ്പെടേണ്ടതാണ്. രോഗിയെയുംകൊണ്ട് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ പോകേണ്ട ഗതികേടാണ് മിക്കവര്‍ക്കും ഇതേത്തുടര്‍ന്നുണ്ടാകുക. മികച്ച സൌകര്യങ്ങള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍നിന്നാണ് അത്രത്തോളം സൌകര്യമില്ലാത്ത മറ്റിടങ്ങളിലേക്ക് രോഗിയെയുംകൊണ്ട് യാത്രചെയ്യേണ്ടിവരുന്നത്. അവിടെ എത്തുമ്പോഴേക്കും രോഗിയെ രക്ഷിക്കാനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിട്ടുണ്ടാകും.
അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന വ്യക്തിക്ക് ആദ്യമണിക്കൂറുകളില്‍ നിരവധി ടെസ്റ്റുകള്‍ നടത്തേണ്ടതായിവരും. രക്തപരിശോധന, സ്കാനിങ്, വെന്റിലേറ്റര്‍ സൌകര്യം, അടിയന്തര ശസ്ത്രക്രിയ എന്നിവയൊക്കെ വേണ്ടിവന്നേക്കാം. ഇതിനൊക്കെ കെട്ടിവയ്ക്കാന്‍ പണമില്ലാതെവന്നാല്‍ ചികിത്സ നിഷേധിക്കപ്പെടുന്ന അനുഭവം സാക്ഷരകേരളത്തിലുണ്ടാകുന്നു എന്നത് നമുക്ക് അപമാനകരമാണ്. ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ മെച്ചപ്പെട്ട ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടാന്‍ 90 ശതമാനം സാധ്യതയാണുള്ളത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 60 ശതമാനംപേരും മരണമടയുന്നത് 'ഗോള്‍ഡന്‍ അവറില്‍' മതിയായ അടിയന്തര ചികിത്സയോ ശസ്ത്രക്രിയയോ ലഭിക്കാത്തതിനാലാണ് എന്നതാണ് വാസ്തവം. കൃത്യസമയത്ത് ആംബുലന്‍സ് സൌകര്യം ലഭ്യമാകാത്തതും രക്തവാര്‍ച്ചയും ശ്വാസതടസ്സവുംമറ്റും ഇതിന് കാരണമാകുകയാണ്. ജീവിതകാലം മുഴുവന്‍ കിടപ്പിലാകുന്ന സ്ഥിതിയിലേക്ക് പലരും പോകുന്നതിലേക്കും ചികിത്സയിലെ അപര്യാപ്തത കാരണമാകുകയാണ്.48 മണിക്കൂറിനകം രോഗിക്ക് ചെലവാകുന്ന തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി വിശദാംശം തയ്യാറാക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമാകെയര്‍ സജ്ജീകരണമുണ്ടാക്കാന്‍ പോകുകയാണ്. ഇതോടെ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും.ആംബുലന്‍സ് സൌകര്യം ലഭ്യമല്ലാത്തതിനാല്‍ റോഡില്‍ക്കിടന്ന് രക്തംവാര്‍ന്ന് മരണമടയുന്നവരുടെ എണ്ണവും നിരവധിയാണ്. ഇത്തരക്കാരെ താമസംവിനാ വിദഗ്ധചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആധുനികസജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സിന് സ്വകാര്യ ഏജന്‍സികളില്‍നിന്ന് അപേക്ഷ ക്ഷണിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്വെയറും ഉണ്ടാക്കുന്നതും ഏറെ ഗുണംചെയ്യും.പദ്ധതിക്ക് പണം ലഭ്യമാകുന്ന വഴിയും സര്‍ക്കാര്‍തന്നെ പറയുന്നുണ്ട്.
കേരള റോഡ്സുരക്ഷാ ഫണ്ട്, കെഎസ്ടിപിയുടെ സാമൂഹ്യ ഉത്തരവാദിത്തഫണ്ട് എന്നിവയോടൊപ്പം സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നുത്. സര്‍ക്കാരില്‍നിന്ന് പണം ലഭ്യമാകുമെന്നതിനാല്‍ അനാവശ്യ ടെസ്റ്റുകളുംമറ്റും നടത്തുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതോടൊപ്പം അലോചിക്കേണ്ടതാണ്. ഇതിന് സര്‍ക്കാര്‍തലത്തില്‍ മോണിറ്ററിങ് കൊണ്ടുവരുന്നത് ഉചിതമായിരിക്കും.'പണമില്ലെന്നതിന്റെപേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത.് സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം' മനുഷ്യത്വപരമായ തീരുമാനമെടുത്ത  സർക്കാരിനെ അനുമോദിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: