Pages

Wednesday, October 18, 2017

നാറാണത്തുഭ്രാന്തന്റെനാട്ടുവഴികളിൽ

നാറാണത്തുഭ്രാന്തന്റെനാട്ടുവഴികളിൽ
വി.ആർ.ജ്യോതിഷ്
തുലാം ഒന്നിന് രായിരനെല്ലൂർ മല കയറിയാൽ കുട്ടികളുടെ വിദ്യാ തടസ്സം നീങ്ങി വാഗ്ദേവത അനുഗ്രഹിക്കുമെന്നാണ് വിശ്വാസംപട്ടാമ്പിയിൽ നിന്ന് കൊപ്പം- വളാഞ്ചേരി റൂട്ടിലോടുന്ന ‘മയിൽ വാഹന’ത്തിൽ നിന്ന് കിളിയുടെ വിളി കേൾക്കാം;‘ഒന്നാന്തിപ്പടി....ഒന്നാന്തിപ്പടി...’ഒരു സ്ഥലനാമമാണിത്. രായിരനെല്ലൂർ ക്ഷേത്രത്തിൽ തുലാം ഒന്നിനുളള പ്രാധാന്യം കൊണ്ട് പണ്ടേ വിളിച്ചു തുടങ്ങിയ പേരാണ് ഒന്നാന്തിപ്പടി. ഈ സ്ഥലത്തു നിന്നാണ് നാറാണത്ത് ഭ്രാന്ത നിലേക്കുളള മലകയറ്റം തുടങ്ങുന്നത്.നേരം പരപരാന്നു വെളുക്കുന്നതേയുളളൂ ; നാരായണമംഗലത്തു മനയിൽ നിന്ന് ദേവീസ്തുതികൾ ഉയർന്നു കേൾക്കാം. തൂക്കുവിളക്കു കത്തിച്ച് രാമൻ ഭട്ടതിരി പുറത്തു വന്നു. ഈറനണിഞ്ഞ്, ചുണ്ടിൽ നിലയ്ക്കാത്ത മന്ത്രങ്ങൾ . ഉരുളിയിൽ പൂജാദ്രവ്യങ്ങൾ, തൂശനിലയിൽ പായസക്കൂട്ട്. മലയടിവാരത്തുളള പുരാതനമായ മന കടന്ന് രാമൻ ഭട്ടതിരി രായിരനെല്ലൂർ മലയുടെ പടവുകൾ കയറി.
‘ഇതൊരു നിയോഗമാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം; നാരായണമംഗലത്തു മനയിലെ ഒരംഗം എല്ലാ പ്രഭാതങ്ങളിലും ഈ മല കയറിയിറങ്ങുന്നു.’ മലകയറ്റിത്തിനിടയിൽ രാമൻ ഭട്ടതിരി പറഞ്ഞു തുടങ്ങി; ഒരു ഭ്രാന്തിനെ ചുറ്റിപ്പറ്റി ഒഴുകുന്ന വിശ്വാസത്തിന്റെ കഥകൾ.കേട്ടതാണ് ഈ കഥകൾ. എങ്കിലും കേട്ട കഥകൾ കാണുമ്പോഴുളള കൗതുകമുണ്ട് ഈ യാത്രയ്ക്ക്. അതും നിളയുടെ കരയിൽ നിന്ന്. മലയാളിക്ക് വീട്ടിലെ ഒരംഗമാണ് ഈ പുഴ. ആനകളെക്കു റിച്ചു പറയുന്നതുപോലെ, സിനിമയെക്കുറിച്ചു പറയുന്നതുപോലെ അവർ നിളയുടെ പെരുമ എന്നും വാഴ്ത്തിക്കൊണ്ടിരിക്കുന്നു.‘അടുത്തകാലത്തായി ഇവിടെ കുറേ പടവുകൾ പണിതു. അതിനു മുമ്പുവരെ മലകയറ്റം വളരെ ദുഷ്കരമായിരുന്നു.’ പടവുകൾ കയറുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു. ചുറ്റും കാട്ടുചെടികൾ തഴച്ചു വളര്ന്ന മലയാണിത്. ഒറ്റ മരം പോലെ മേലോട്ടു വളർന്ന ഒരു കുന്ന്. ഉയരം കൂടുന്തോറും കാഴ്ചയുടെ ഭംഗിയും വർധിച്ചു കൊണ്ടിരുന്നു.

വരരുചിപ്പഴമകൾ.ഇണങ്ങിയും പിണങ്ങിയും ഒഴുകുന്ന നിളയുടെ കരയിലാണ് നരിപ്പറ്റ മന. പന്തിരുകുലത്തിലെ പറയിപ്പെണ്ണ് വളർന്ന മന. ‘‘രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം അന്വേഷിച്ച് വിക്രമാദിത്യ സദസ്സിൽ നിന്നിറങ്ങിയ വരരുചി എത്തിപ്പെട്ടത് നിളയുടെ കരയിലുളള നരിപ്പറ്റ മനയിൽ.
ആ മനയിൽ വച്ച് തന്നെ പരിചരിച്ച കന്യകയിൽ വരരുചിക്കു തോന്നിയ അനുരാഗം വിവാഹത്തിൽ കലാശിച്ചു. ആ വിവാഹം അലംഘനീയമായ വിധിയായിരുന്നുവെന്ന് വരരുചി മനസിലാക്കി. മുന്ജന്മ ശാപത്തിന്റെ ഫലം കൊണ്ടാണ് പറയിപ്പെണ്ണ് തന്റെ വധുവായതെന്ന് വരരുചി തിരിച്ചറിഞ്ഞു.അവിടെ വച്ച് സ്വയം ഭ്രഷ്ട് കൽപ്പിച്ച് വരരുചിയും ഭാര്യയും ദേശാടനത്തിനിറങ്ങി. ആ യാത്രയിലാണ് പന്ത്രണ്ടു മക്കൾ പിറക്കുന്നത്. അതിലൊരാളാണ് നാറാണത്തു ഭ്രാന്തൻ. മലയാളികൾക്കൊരിക്കലും മറക്കാനാവില്ല ഈ ഭ്രാന്തനെ.നിളയൊഴുകുന്ന ചെത്തല്ലൂരാണ് യഥാർഥ നാരായണമംഗലത്ത് മനസ്ഥിതി ചെയ്യുന്നത്. നാറാണത്ത് ഇല്ലത്താണ് വളർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപ്പത്തിലേ അസാധാരണ പെരുമാ റ്റത്തിന്റെ ഉടമയായിരുന്നതുകൊണ്ട്. രായിരനെല്ലൂർ മനയിലേക്ക് കല്ലുരുട്ടി നാറാണത്ത് തന്റെ വേറിട്ട സ്വഭാവം ആവർത്തിച്ചു.നാലു കുന്നുകളാൽ ചുറ്റപ്പെട്ടാണ് രായിരനെല്ലൂർ മല കിടക്കുന്നത്. മുത്തശ്ശിയാർക്കുന്ന്, ചളമ്പ്രക്കുന്ന്, പടവെട്ടിക്കുന്ന്, ഭ്രാന്താചലം ഈ നാലു കുന്നുകൾക്കു നടുവിലാണ് രായിരനെല്ലൂർ മല. മലയുടെ അടിവാരത്താണ് പറിച്ചു നട്ട നാരായണമംഗലത്തു മന. നാറാണത്തിന്റെ കല്ലുരുണ്ടുപോയ കുന്നിൽചെരുവുകൾ ഇപ്പോൾ കാടുമൂടി കിടക്കുന്നു.

അറിവിന്റെ കേദാരം
രായിരനെല്ലൂർ ദേവീക്ഷേത്രം അറിവിന്റെ കേദാരമായാണ് അറിയപ്പെടുന്നത്. വിജ്ഞാനം ആരാധനയാകുന്ന അപൂര്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതുകൊണ്ടാണ്. തുലാം ഒന്നിന് ഇത്രയും കുട്ടികൾ ഇവിടെയെത്തുന്നത്. ഇവിടെ പ്രകൃതിയാണ് അറിവ്. കുട്ടികളാണ് ഇവിടുത്തെ യഥാർഥ ഭക്തർ. കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നത് വിശേഷമായി കരുതുന്നു. എഴുത്തിനി രുത്ത് കഴിഞ്ഞ കുട്ടികൾക്കും പഠനത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. നാറാണത്തിന് ഉണ്ടായിരുന്ന ബൗദ്ധികമായ തടസ്സങ്ങൾ മാറിയതുപോലെ ദേവീപ്രസാദം കൊണ്ട് തടസങ്ങള് മാറുമെന്ന വിശ്വാസത്തിന്റെ പിൻബലത്തിലാണ് തുലാം ഒന്നിന് കുട്ടികളെ മലകയറ്റുന്നത്. മല കയറുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അസാമാന്യമായ ബുദ്ധിയുടെ ഉടമയായിരുന്നു നാറാണത്ത്. ‘പരഹിതകരണം’ എന്ന ജ്യോതിശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവ് നാറാണത്താ ണെന്നു വിശ്വസിക്കപ്പെടുന്നു. അസാധാരണമായ ബുദ്ധിയുണ്ടായിരുന്നെങ്കിലും ആ ബുദ്ധി തെളിഞ്ഞിരുന്നില്ല പലപ്പോഴും നാറാണത്തിൽ. എന്നാൽ, നാറാണത്തിന്റെ ഉപാസനയിൽ ദേവി പ്രത്യക്ഷപ്പെട്ടു. അതിനുശേഷമാണ് നാറാണത്തിന്റെ ബുദ്ധി തെളിഞ്ഞത്. ദേവി നാറാണത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട തുലാമാസം ഒന്നാം തീയതി ഇവിടെ ജനലക്ഷങ്ങൾ ദർശനത്തിനെത്തു ന്നത്.

പാറപ്പുറത്തെ അദ്ഭുതം
പ്രതിഷ്ഠയില്ലാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് രായിരനെല്ലൂർ ദേവീക്ഷേത്രം. നാറാണത്തിന് ദേവി ദർശനം നൽകിയതിനുശേഷം പ്രദക്ഷിണ രീതിയിൽ ഒമ്പതുകാലടികൾ വച്ചുവെന്നും ആ ഒമ്പതു ചുവടുകളും പാറപ്പുറത്ത് പതിഞ്ഞു എന്നുമാണ് വിശ്വാസം. പാറപ്പുറത്ത് ഇന്നും അവശേഷിക്കുന്ന ഈ ഒമ്പതു ചുവടുകളാണ് ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയായി കണക്കാക്കുന്നത്. 
ഈ കാൽച്ചുവടുകളിലാണ് പൂജ നടത്തുന്നത്. ഇതിൽ ഏഴു ചുവടുകൾ ക്ഷേത്രത്തിനു പുറത്തു നിന്നു കാണാനാകും. രണ്ടു ചുവടുകൾ ക്ഷേത്രത്തിനു പുറത്തു നിന്നു കാണാനാകും. രണ്ടു ചുവടുകൾ കുറച്ചുകൂടി ഉളളിലേക്കാണ്. ഇതിൽ ഇടതുവശത്തെ ചുവട്ടിൽ നിന്നു ജലം ഊറുന്നുണ്ട്. ഈ ജലമാണ് ഭക്തർക്ക് തീർഥമായി കൊടുക്കുന്നത്. ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി തൊട്ടടുത്തു തന്നെ രണ്ടു കിണറുകൾ കുഴിച്ചെങ്കിലും രണ്ടിലും വെളളം കിട്ടാതെ നികത്തേണ്ടി വന്നു. ആ സ്ഥലത്താണ് വെറും പാറപ്പുറത്തു നിന്ന് ജലം ഒഴുകുന്നത് എന്നുതന്നെ കൺമുമ്പിലുളള ഒരു അദ്ഭുതമാകുന്നു.

ക്ഷേത്രങ്ങൾക്കു മുമ്പിൽ അപൂർവമായേ പാലമരങ്ങൾ കാണാറുളളൂ. ഇവിടെ അമ്പലമുറ്റത്ത് ആലിനെപ്പോലെ വലുതായൊരു പാലമരമുണ്ട്. പാലമരത്തിൽ യക്ഷികളുടെ ആവാസമെന്ന് സങ്കല്പം. കാലം തെറ്റിയാണോ എന്നറിഞ്ഞുകൂടാ തുലാമാസത്തിൽ ഇവിടെ പാലയും പൂക്കാറുണ്ട്. കിലോമീറ്ററുകൾ അകലെ നിന്നേ അറിയാം. പാലപ്പൂമണം ഒഴുകിവരുന്നത്. വളളുവനാടിന്റെ ഭംഗി മുഴുവനുമുണ്ട് ഈ വഴിത്താരകളിൽ. ക്ഷേത്രത്തിനു ചുറ്റും തുളസിക്കാടുകൾ പടർന്നു പന്തലിച്ചു നിൽക്കുന്നു. പിന്നെ ചുറ്റും പറന്നു നടക്കുന്ന മയിലുകൾ. ഇവിടെ കാക്കകളെക്കാൾ കൂടുതലാണ് മയിലുകൾ.
പെണ്ണു പിറക്കാൻ ഓട്ടം കമിഴ്ത്തി 
അനപത്യാദുഃഖം അനുഭവിക്കുന്ന ദമ്പതികൾ ഇവിടെ ഓട്ടു കിണ്ടി കമിഴ്ത്തുന്ന ചടങ്ങുണ്ട്. ആൺകുട്ടികളെ കിട്ടാൻ വേണ്ടി ഓട്ടുകിണ്ടി കമിഴ്ത്തുമ്പോൾ പെൺകുട്ടികളെ കിട്ടാൻവേണ്ടി ഓട്ടമാണ് ഇവിടെ കമിഴ്ത്തുന്നത്. ഒരു പക്ഷേ പെൺകുട്ടി പിറക്കാൻ വഴിപാടു നടക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായിരിക്കാം ഇത്. കുട്ടികൾക്ക് വിദ്യാരംഭത്തിനും വിദ്യാതടസ്സം നീങ്ങാനും തുലാം ഒന്നിന് ഇവിടെ മല കയറുമ്പോൾ മറ്റുളള ദിവസങ്ങളിൽ, കുഞ്ഞുപിറക്കാൻ വേണ്ടി മല കയറുന്ന ദമ്പതികളും കൂടിക്കൂടി വരുകയാണ്. മലർപ്പറയാണ് പ്രധാന വഴിപാട്. ക്ഷേത്രങ്ങളിൽ സാധാരണ കാണുന്ന മലർപ്പറ നിവേദ്യം പോലെയല്ല ഇവിടുത്തെ പൂജാരീതികൾ. മലയ്ക്കു മുകളിൽ ആദ്യകാലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല. നാറാണത്തിനു ദേവീദർശനം കിട്ടിയതിനുശേഷമാണ് അവിടെ ക്ഷേത്രം പണിതത്. പട്ടാമ്പിയിലും പരിസരങ്ങളിലുമുളള ഒരു പാടു ക്ഷേത്രങ്ങളിൽ നാറാണത്ത് പ്രതിഷ്ഠ നടത്തിയിട്ടുളളതായി പറയുന്നു. ആ ക്ഷേത്രങ്ങളുടെയെല്ലാം താന്ത്രികാവകാശം ഇന്നും നാരായണമംഗലത്ത് മനയ്ക്കാണ്. മനയിലെ മൂത്ത അംഗമായിരുന്ന കുമാരസ്വാമി ഭട്ടതിരിയുടെ അഞ്ച് ആൺമക്കളാണ് ഇപ്പോൾ മലയേറുന്നത്. മാസത്തിൽ ഒരാൾക്ക് ആറുദിവസം എന്ന കണക്കിനാണ് മലയേറ്റം.
മൂന്നൂറു വർഷത്തിലേറെ പഴക്കമുണ്ട് ഇപ്പോഴുളള മനയ്ക്ക് എട്ടു കെട്ടായിരുന്ന ഒരു ഭാഗം പൊളിച്ചുമാറ്റി. പഴയ മനയുടെ പകുതിയേ ഇപ്പോൾ നിലനിർത്തിയിട്ടുളളൂ. മനയിലെ അംഗങ്ങൾ ചേർ ന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണവും രായിരനെല്ലൂർ മലയുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്രസർക്കാരിനു കീഴിലുളള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് കോർപറേഷനിൽ നിന്നു വിരമിച്ച മധുസൂദനൻ ഭട്ടതിരിയാണ് ഇപ്പോൾ ട്രസ്റ്റിന്റെ ചെയർമാൻ.‘ലോകത്ത് എവിടെയായിരുന്നാലും തുലാമാസം ഒന്നാം തീയതി എല്ലാവരും മനയിലെത്തും. പതിറ്റാണ്ടുകളായി അതാണു നടപ്പ്. നാലഞ്ചു കുടുംബങ്ങളേ ഇപ്പോൾ മനയിലുളളു. ബാക്കിയുളള വരെല്ലാം പുറത്താണ്’. മധുസൂദനൻ ഭട്ടതിരി പറയുന്നു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ കുമാരസ്വാമി ഭട്ടതിരിയുടെ മക്കളാണ് ഇപ്പോൾ നിത്യപൂജ. മൂലമന്ത്രങ്ങൾ മറ്റാർക്കും ഉപദേശിക്കാൻ പാടില്ലെന്നാണു വിശ്വാസം. അതു കൊണ്ടുതന്നെ നാരായണമംഗലത്ത് മനയിലുളളവർക്കു മാത്രമേ പൂജ ചെയ്യാൻ കഴിയൂ. ശാന്തസ്വരൂപിയായ ദേവിയായിട്ടാണു സങ്കൽപം. തൊട്ടടുത്ത് ഗണപതിയും അയ്യപ്പനും.വെയിലുറച്ചപ്പോൾ, പൂജ കഴിഞ്ഞ് രാമൻ ഭട്ടതിരി മലയിറങ്ങി. ഇനിയുളളത് അത്താഴപൂജയാണ്. പതിറ്റാണ്ടുകളായി മനയ്ക്ക് അകത്തുളള ദേവീപ്രതിഷ്ഠയിലാണ് അത്താഴപൂജ. രാത്രിയിൽ കാട്ടിലൂടെയുളള യാത്ര ഒഴിവാക്കാനായിരിക്കണം ഇങ്ങനെയൊരു സമ്പ്രദായം.
ഭ്രാന്താചലത്തിലെ കാഴ്ചകൾ 
രായിരനെല്ലൂരിൽ ഇനിയുമുണ്ട് കാഴ്ചകൾ. അതിലൊന്ന് നാറാണത്തിന്റെ പ്രതിമയാണ്. മലയുടെ കിഴക്കേ ചെരുവിലാണ് നാറാണത്തിന്റെ കൂറ്റൻ പ്രതിമ. ക്ഷേത്രത്തിലെത്തുന്നവർ ഈ നാറാണത്തിനെ വണങ്ങിയാണ് മലയിറങ്ങുന്നത്. രായിരനെല്ലൂർ ക്ഷേത്രത്തിൽ നിന്നു വിളിപ്പാടകലെയാണ് ഭ്രാന്താചലം. നാറാണത്ത് ഭജനമിരുന്ന പാറക്കുന്നാണിത്. ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഗുഹാക്ഷേത്രമാണ് ഇവിടെ. ഈ പാറക്കുന്ന് കയറാൻ അറുപത്തിമൂന്നു പടികൾ കൊത്തിയെടുത്തിട്ടുണ്ട്. ഈ കരിമ്പാറയിൽ അവിടെയവിടെയായി ഒരിക്കലും വറ്റാത്ത തീർഥക്കിണറുകളുണ്ട്. നാറാണത്തിനെ ചങ്ങലിയ്ക്കിട്ടിരുന്ന കാഞ്ഞിരമരവും ചങ്ങലക്കണ്ണികളും ഇപ്പോഴും കാണാം. ഐതിഹ്യങ്ങൾക്ക് അപ്പുറം വിശ്വാസ്യതയുടെ തെളിവുകളുമായി ആ ചങ്ങലക്കണ്ണികൾ വെയിലിൽ വെട്ടിത്തിളങ്ങുന്നു. കാടുകൾ കടന്നു വരുന്ന കാറ്റ് വീശിയടിക്കുന്നുണ്ട് ചുറ്റും.രായിരനെല്ലൂർ മലയിൽ നിന്നാൽ വളളുവനാടിന്റെ സൗന്ദര്യം മുഴുവൻ കാണാം. ദൂരെ ദൂരെ വളപ്പൊട്ടു പോലെ തിളങ്ങുന്ന നിളാനദി. പച്ചക്കൊടി പാറുന്നതുപോലെ പാടങ്ങൾ. ന്യൂജെൻ കാലത്തിനു മുമ്പുളള സിനിമാക്കാഴ്ചകൾ.ഈ കുന്നിൽ മുകളിൽ എല്ലാത്തരം ആൾക്കാരും എത്താറുണ്ട്. ബോധത്തിലും ഉപബോധത്തിലും ജീവിക്കുന്നവർ. ജീവിതത്തിന്റെ നിസാരതയും അറിവിന്റെ ആഴവും അറിയാവുന്നവർ. അവരിൽ ചിലർ പാടാറുണ്ട്. പഴയ ആ കവിത. 
‘‘പന്ത്രണ്ടു മക്കളെപെറ്റൊരമ്മേ...നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ.....നിന്റെ മക്കളിൽ ഞാനാണനാഥൻ....’’
ആ കവിത കേട്ട്, ദൂരെ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ നിളയൊഴുകുന്നു.മലയിറങ്ങുമ്പോൾ പിറകിൽ വീശിയടിക്കുന്ന കാറ്റിൽ ഒരു ചങ്ങലകിലുക്കം കേൾക്കുന്നില്ലേ ?
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ നിന്ന് രായിരനെല്ലൂരിലേക്ക് 22 കിലോമീറ്റർ ദൂരം. പട്ടാമ്പി തന്നെയാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ.പട്ടാമ്പിയിൽ നിന്ന് കൊപ്പം വഴി വളാഞ്ചേരിയിലേക്കുളള റൂട്ടിലാണ് ഒന്നാന്തിപ്പടി. അവിടെ നിന്നു മനയിലേക്ക് അര കിലോമീറ്റർ ദൂരം. മനവരെ റോഡുണ്ട്. പിന്നെ രായിരനെല്ലൂർ മലയിലേക്കു നടക്കാം. ആയിരം അടിയിൽ കൂടുതൽ ഉയരത്തിലാണ് മല. ഒരു മണിക്കൂറിലധികം സമയം വേണം നടന്നു കയറാൻ. മലയുടെ നെറുകയിലാണ് ക്ഷേത്രവും നാറാണത്തിന്റെ പ്രതിമയും.

Prof. John Kurakar


No comments: