Pages

Friday, August 4, 2017

സൈബർ ലോകത്തെ ചതിക്കുഴികൾ കാണാതെ പോകരുത്

സൈബർ ലോകത്തെ ചതിക്കുഴികൾ 
കാണാതെ പോകരുത്

സൈബർ ലോകത്തിന് അതിരുകളില്ല. എല്ലാ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നതുമായ ഒരു വലിയ ലോകമാണിത്.ഇവിടെജീവിക്കുന്നഓരോമനുഷ്യനുംജാഗരൂകരാകേണ്ടിയിരിക്കുന്നു .പലരും മര്യാദകളും കടമകളും നിയമപരമായ ബാധ്യതകളും  പാലിക്കുന്നില്ല . ഓരോ ദിവസവും സ്ത്രീകളും പെൺകുട്ടികളും കൗമാര പ്രായക്കാരും  സൈബർ ഇരകളായി  കൊണ്ടിരിക്കുന്നു .സൈബര്‍മേഖല  ക്രിമിനല്‍ മേഖലയായി മാറുകയാണ് .

 ഒട്ടനവധി നല്ല ഗുണങ്ങള്‍ നമുക്ക് വിവരസാങ്കേതിക മേഖലയെ  കുറിച്ച് പറയാനുണ്ടാകും .എന്നാല്‍ അതേ സമയം തന്നെ, ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളില്‍ പതിയിരിയ്ക്കുന്നുണ്ടെന്നത് പലര്‍ക്കും അറിയില്ല .പലപ്പോഴും ചതിയില്‍ പെട്ടു കഴിഞ്ഞ ശേഷമാകും പലര്‍ക്കും തിരിച്ചറിവുണ്ടാകുക.   സൈബര്‍ കെണികളില്‍ വീഴുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ് .പെണ്‍വാണിഭം , ബാങ്ക് കവര്‍ച്ച, സ്വത്തപഹരണം തുടങ്ങിയവയെല്ലാ  സൈബര്‍ലോകം  വഴി നടക്കുന്നു.

സൈബര്‍ മേഖല സ്ത്രീകള്‍ക്കാണ് കൂടുതല്‍ അപകടകരമെന്ന തിരിച്ചറിവ് പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഉണ്ടാകണം .സാമൂഹ്യസംഘടനകള്‍ ഇതിനെപ്പറ്റി അവബോധം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവേകവും വിവേചനവും ഉപയോഗിച്ചുവേണം സൈബര്‍ മേഖലയില്‍ ഇടപെടാന്‍. ചൂഷണാത്മകമായ വശങ്ങള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണം. സൈബര്‍ അടിമത്വം സ്വീകരിക്കാതെ ഈ മേഖലയില്‍നിന്ന് ലഭിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മുന്നേറുകയാണ് വേണ്ടത്.അനന്തമായ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വിവര സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനംദിന ജീവിത ശൈലിയെ തന്നെ മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ആഴവും വ്യാപ്തിയും ഇക്കാലത്ത് പറഞ്ഞറിയിക്കേണ്ട ഒന്നല്ല.

 ടെക്‌നോളജിയുടെ വികാസത്തിനൊപ്പം തന്നെ ഈ രംഗത്തുള്ള തട്ടിപ്പുകളും ചൂഷണങ്ങളും കൂടി വരുന്നുവെന്നതും നാം കാണാതിരുന്നു കൂടാ. നമ്മുടെ കുട്ടികളെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .മരണത്തിലേക്കു വരെ നയിക്കുന്ന സൈബർ ഗെയിമുകൾ സംബന്ധിച്ച വാർത്തകൾ അടുത്തകാലത്തായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നാണ് ഇതുവരെ ഈ വാർത്തകൾ കേട്ടിരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നു സമാനമായൊരു വാർത്ത വന്നു. മുംബൈ പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

സൈബർ ഗെയിമുകൾ കുട്ടികളുടെ മാനസികനില തകർക്കാൻ പര്യാപ്‌തമാണെന്നു പറയുന്നു ‘ബ്ലൂ വെയിൽ’ എന്ന കളി സംബന്ധിച്ചു കൃത്യമായ വിവരങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല. ലഭ്യമായ വിവരങ്ങൾ പൂർണമായി വിശ്വസിക്കാനും കഴിയില്ല. പക്ഷേ, ആരുടെയെങ്കിലും മാനസികനില തകരാറിലാക്കി അവരെ മരണത്തിലേക്കു വരെ തള്ളിവിടുന്ന കളിയാണ് അതെങ്കിൽ അതിനെതിരെ മാതാപിതാക്കൾ  ജാഗ്രത പാലിച്ചേ മതിയാകൂ. കാരണം, സൈബർ ലോകത്തിന് അതിരുകളില്ല. നമ്മുടെ കുട്ടികളും  വെറും കൗതുകത്തിനു വേണ്ടിയെങ്കിലും ഇന്റർനെറ്റിൽ  ആ  ഗെയിം തിരഞ്ഞുപോകാം.ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് നമുക്ക് പറയാനാവില്ല .രക്ഷിതാക്കളുടെ ജാഗ്രതക്കുറവാണു കുട്ടികളെ പലപ്പോഴും സൈബർ ലോകത്തെ അപകടങ്ങളിലെത്തിക്കുന്നത്.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: