Pages

Thursday, August 3, 2017

ദളിത്‌, ന്യൂനപക്ഷ ആക്രമണം.പ്രധാനമന്ത്രിക്ക്‌ വിരമിച്ച സൈനികരുടെ കത്ത്‌

ദളിത്‌, ന്യൂനപക്ഷ ആക്രമണം.പ്രധാനമന്ത്രിക്ക്‌ 
വിരമിച്ച സൈനികരുടെ കത്ത്
രാജ്യത്ത്‌ വർധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ വിരമിച്ച സൈനികരുടെ കത്ത്‌. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ബീഫിന്റെ പേരിൽ ദളിതർക്കും മുസ്ലിങ്ങൾക്കുമെതിരെ ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന്‌ കത്തിൽ കുറ്റപ്പെടുത്തുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സായുധസേനയിലെ അംഗങ്ങളാണ്‌ തങ്ങളെന്ന്‌ പറഞ്ഞാണ്‌ കത്ത്‌ ആരംഭിക്കുന്നത്‌. രാഷ്ട്രീയ പാർട്ടികളോട്‌ പ്രത്യേക മമതയൊന്നും തങ്ങൾക്കില്ല. ഇന്ത്യൻ ഭരണഘടനയോടാണ്‌ പ്രതിജ്ഞാബദ്ധതയുള്ളത്‌. ഇങ്ങനെയൊരു കത്ത്‌ എഴുതേണ്ടി വന്നതിൽ വേദനയുണ്ടെന്നും സൈനികർ വ്യക്തമാക്കുന്നു. രാജ്യത്ത്‌ വർധിച്ചുവരുന്ന ഭീതിദമായ സാഹചര്യത്തിനെതിരെ ‘നോട്ട്‌ ഇൻ മൈ നെയിം’ എന്ന പേരിൽ ആയിരക്കണക്കിന്‌ ആളുകൾ നടത്തിയ പ്രതിഷേധത്തെ തങ്ങളും പിന്തുണക്കുന്നു.
നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിലൂന്നിയാണ്‌ സായുധ സേന നിലകൊള്ളുന്നത്‌. ജാതി, മതം, ഭാഷ, സംസ്കാരം എന്നുവേണ്ട മറ്റേതൊരു വൈവിധ്യമാണെങ്കിലും അതൊന്നും സായുധസേനയുടെ ഐക്യത്തെ ബാധിക്കാറില്ല. വേർതിരിച്ചുകാണാറുമില്ല. എല്ലാപേരും ഒരു കുടുംബമാണ്‌. ഈ വൈവിധ്യമാണ്‌ ഞങ്ങളുടെ അഭിമാനം. എന്നാൽ ഇന്ന്‌ രാജ്യത്ത്‌ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യം സായുധസേനയെയും ഭരണഘടനയെയും ബാധിക്കുന്നതാണ്‌.
ഹിന്ദുത്വത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകർ മൂല്യസംരക്ഷണം എന്ന പേരിൽ അഴിച്ചുവിടുന്ന അക്രമങ്ങൾക്ക്‌ സാക്ഷികളാണ്‌ ഞങ്ങൾ. ഇതിന്റെ ഭാഗമായി മുസ്ലിങ്ങളെയും ദളിതരെയും ലക്ഷ്യമിട്ട്‌ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ തല്ലിയൊതുക്കാൻ ശ്രമിക്കുന്നതിനെയും അപലപിക്കുകയാണ്‌. അഭിപ്രായവ്യത്യാസം എന്നത്‌ രാജ്യദ്രോഹമല്ല. മറിച്ച്‌ അത്‌ ജനാധിപത്യത്തിന്റെ ശക്തിയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്നതിനെതിരെ ഇനിയും മൗനം പാലിക്കുന്നത്‌ രാജ്യത്തോട്‌ ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും കത്തിൽ പറയുന്നു.
സ്വന്തമായി അഭിപ്രായം പറഞ്ഞെന്ന കാരണത്താൽ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, സർവകലാശാല വിദ്യാർഥികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുന്നു. തങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്‌ ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
Prof. John Kurakar


No comments: