IS NOTE BAN DECISION CORRECT?
നോട്ട് അസാധുവാക്കിയ തീരുമാനത്തില് നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി
നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ട്. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്നും കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, എല്‍കെ അദ്വാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതിനിടെ, നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിനായി നാലുദിവസംവരെ നീക്കിവയ്ക്കാവുന്നതാണെന്നും ബിജെപി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ പ്രതികരണം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്‍ഡിഎയിലെ എല്ലാ പാര്‍ട്ടികളും പിന്തുണ അറിയിച്ചതായും ബിജെപി നേതൃത്വം അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമാണെന്നും നോട്ട് പിന്‍വലിക്കാനുള്ളത് ഒരു ചരിത്രപരമായ തീരുമാനമാണെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്രമന്ത്രിമാരായ അനന്ത്കുമാറും വെങ്കയ്യ നായിഡുവും അവകാശപ്പെട്ടു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായി. ശിവസേനയ്ക്ക് പിന്നാലെ സഖ്യകക്ഷിയായ അകാലിദളും എതിര്‍പ്പുമായി രംഗത്തെത്തി. പുതിയ തീരുമാനം അപ്രായോഗികമാണെന്നും പണത്തിന്റെ അഭാവം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബദാല്‍ പറഞ്ഞു. 50 ദിവസംകൊണ്ട് പുതിയ തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ നടപടി കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കേണ്ടതായിരുന്നു. സ്വന്തം പണം കിട്ടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment