EMINENT SCIENTIST FROM KERALA
ശാസ്ത്രരംഗത്തെ മലയാളി സാന്നിധ്യം
ശാസ്ത്രരംഗത്തെ മലയാളി സാന്നിധ്യം 1956ല്‍ കേരളസംസ്ഥാനം നിലവില്‍ വരുമ്പോള്‍ ഐസി ചിപ്പ് മനുഷ്യന് വികസിപ്പിക്കുന്നതേയുള്ളൂ. ബഹിരാകാശത്തേക്ക് ഒരു മനുഷ്യനിര്മിത പേടകം ആദ്യമായി എത്താന്‍ പിന്നെയും ഒരുവര്ഷമുണ്ടായിരുന്നു. ശാസ്ത്രസാങ്കേതികരംഗത്ത് കഴിഞ്ഞ അറുപത് വര്ഷത്തിനിടെ അസാധാരണമായ മുന്നേറ്റങ്ങള്ക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയതും, വസൂരിപോലുള്ള പകര്ച്ചവ്യാധികളെ ഉന്മൂലനം ചെയ്തതും ഈ കാലയളവിലാണ്. ടെസ്റ്റ്ട്യൂബ് ശിശു പിറന്നതും മാനുഷ്യന്റെ ജനിതകസാരം പൂര്ണമായും കണ്ടെത്തിയതും ഈ അറുപത് വര്ഷത്തിനിടെ തന്നെ. കണികാപരീക്ഷണങ്ങളിലൂടെ പദാര്ഥത്തിന്റെ അഗാധസൂക്ഷ്മതയിലേക്കും, ബഹിരാകാശ നിരീക്ഷണം വഴി പ്രപഞ്ചത്തിന്റെ മഹാവിശാലതയിലേക്കും മനുഷ്യവിജ്ഞാനത്തിന്റെ അതിരുകള്‍ വ്യാപിച്ചു. ഗുട്ടന്ബര്ഗ് ആധുനിക അച്ചടിവിദ്യ കണ്ടെത്തിയ ശേഷം ലോകം സാക്ഷിയായ ഏറ്റവും വലിയ കമ്മ്യൂണിക്കേഷന്‍ വിപ്ലവമായ ഇന്റര്നെറ്റും വേള്ഡ് വൈഡ് വെബ്ബും ഈ കാലത്തിന്റെ സംഭാവനയാണ്.
1957ല്‍ സോവിയറ്റ് യൂണിയന് വിക്ഷേപിച്ച സ്പുട്നിക് പേടകമാണ് ലോകത്തെ ബഹിരാകാശയുഗത്തിലേക്ക് നയിച്ചത്. ബഹിരാകാശയുഗത്തില്‍ അഭിമാനപൂര്‍വ്വം ഇന്ത്യയെ പ്രതിഷ്ഠിച്ച റോക്കറ്റ് വിക്ഷേപണകേന്ദ്രം നമ്മുടെ കേരളത്തിലാണ് പ്രവര്ത്തനമാരംഭിച്ചത്; കേരളത്തിന്റെ തെക്കേയറ്റത്തെ തുമ്പയില്‍. ഇന്ത്യന്‍ ബഹിരാകാശരംഗത്ത് എണ്ണംപറഞ്ഞ ഒട്ടേറെ ഗവേഷകര്‍ കേരളത്തില്‍ നിന്നുണ്ടായി. ബഹിരാകാശരംഗത്ത് മാത്രമല്ല, മറ്റ് ഒട്ടേറെ ഗവേഷണമേഖലകളില് ഈ ആറുപതിറ്റാണ്ടിനിടെ മലയാളികള്‍ മികവ് തെളിയിച്ചു. ശാസ്ത്രരംഗത്തെ അവഗണിക്കാനാവാത്ത മലയാളി സാന്നിധ്യമായി അവരില്‍ പലരും മാറി. അതില്പെട്ട പത്ത് പ്രതിഭകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
ശാസ്ത്രവിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരിയാണ് തലശ്ശേരി സ്വദേശിയായ ഇ കെ ജാനകി അമ്മാള്‍. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അവര്‍, ലണ്ടനിലെ ജോണ്‍ ഇന്നസ് പോലുള്ള ലോകോത്തര ഗവേഷണകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കോയമ്പത്തൂരിലെ കരിമ്പുഗവേഷണകേന്ദ്രത്തില്വെച്ച് വികസിപ്പിച്ച സങ്കരയിനം കരിമ്പ് ഏഷ്യന്‍ മേഖലയില്‍ ഇന്നും ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നു. വംശീയസസ്യശാസ്ത്രം എന്ന എത്നോബോട്ടണിയായിരുന്നു ജാനകി അമ്മാള്‍ മികവ് തെളിയിച്ച മറ്റൊരു പഠനമേഖല. നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ച് സ്വാതന്ത്രാനന്തരം ഇന്ത്യയിലെത്തിയ ജാനകി അമ്മാളാണ്, ബൊട്ടാണിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയെ ഇന്നത്തെ നിലയ്ക്ക് പുനസംഘടിപ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അവിവാഹിതയായിരുന്നു
സ്വന്തംപേരിലറിയപ്പെടുന്ന വാല്നക്ഷത്രമുള്ള ഏക ഇന്ത്യക്കാരനാണ് എം കെ വൈനു ബാപ്പു. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ അധ്യക്ഷത വഹിച്ച (1979ല്‍) ഇന്ത്യക്കാരന് കൂടിയാണ് അദ്ദേഹം. തലശ്ശേരിയിലെ മണലി കല്ലാട്ട് കുടുംബാംഗമായി ചെന്നൈയിലാണ് വൈനു ബാപ്പു ജനിച്ചത്. ചെറുപ്പത്തിലേ ജ്യോതിശാസത്രം ഇഷ്ടവിഷയമായി. ഹാര്വാഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് സഹപ്രവര്ത്തകര്ക്കൊപ്പം 'ബാപ്പു-ബോക്-ന്യൂകിര്ക്ക്' ധൂമകേതു കണ്ടെത്തിയത്. പലോമര്‍ ഒബ്സര്വേറ്ററിയില് ഗവേഷണത്തിനെത്തിയ വൈനു ബാപ്പു, കോളിന് വില്‍സനൊപ്പം ചേര്ന്ന് നക്ഷത്രങ്ങളെ സംബന്ധിച്ച ബാപ്പു-വില്‍സണ്‍ ഇഫക്ട്' കണ്ടെത്തി. 1953ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം, യു.പി.യില്‍ നൈനിറ്റാളിലെ ഒബ്സര്വേറ്റിയും തമിഴ്നാട്ടില്‍ കലവൂരിലെ ഭീമന് ടെലിസ്കോപ്പും സ്ഥാപിച്ചു
എറണാകുളത്ത് ജനിച്ച ജി എന്‍ രാമചന്ദ്രന് സി വി രാമന്റെ വിദ്യാര്ഥിയാണ്. അദ്ദേഹം ജീവതന്മാത്രാശാസ്ത്ര രംഗത്ത് ലോകപ്രശസ്തനായ ഗവേഷകനായി. കൊളജന് എന്ന പ്രോട്ടീന്‍ തന്മാത്രയുടെ ത്രിമാനഘടന കണ്ടെത്തിയതാണ് അദ്ദേഹം ആദ്യം നടത്തിയ മുന്നേറ്റം. മദ്രാസ് സര്വകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗം മേധാവിയായിരിക്കുമ്പോഴാണ് കണ്ടെത്തലുകള്‍ നടത്തിയത്. പ്രോട്ടീന്‍ ഘടനകളുടെ സാധുത നിശ്ചയിക്കാനുപയോഗിക്കുന്ന 'രാമചന്ദ്രന് മാപ്പ്' അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തമാണ്. എക്സ്റേ ക്രിസ്റ്റലോഗ്രാഫിയുടെ സൈദ്ധാന്തിക അടിത്തറ ശക്തിപ്പെടുത്താനും രാമചന്ദ്രന് ശ്രമിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം ആവിഷ്ക്കരിച്ച ഗണിതസങ്കേതമാണ് സി.എ.ടി. സ്കാന്‍ (CAT Scan) വികസിപ്പിക്കുന്നതിന് അടിത്തറയായത്
കോട്ടയത്ത് പള്ളം എണ്ണയ്ക്കല്‍ തറവാട്ടില്‍ ജനിച്ച ഇ സി ജി സുദര്ശന്‍, സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ ഗവേഷകനാണ്. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്ഷാക്കുമായി ചേര്ന്ന് സുദര്ശന്‍ രൂപംനല്കിയ 'വി മൈനസ് എ' സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്സ്) എന്ന പഠനശാഖയ്ക്ക് 1960 കളില്‍ അടിത്തറിയിട്ടതിലെ പ്രധാനി സുദര്ശനാണ്. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ചും അദ്ദേഹം പ്രവചനം നടത്തി. ക്വാണ്ടംവ്യൂഹങ്ങളെ തുടര്ച്ചയായി നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും എന്നകാര്യം പരിഗണിക്കുന്ന ക്വാണ്ടം സെനോ ഇഫക്ട് ആണ് സുദര്ശന്റെ മറ്റൊരു സംഭാവന. ടെക്സാസ് സര്വകലാശാലയിലെ ഗവേഷകനാണ്
പാലക്കാട്ടെ കൊല്ലങ്കോട്ട് ജനിച്ച പി ആര് പിഷാരടിയും സി വി രാമന്റെ ശിക്ഷ്യനായിരുന്നു. 1942ല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ ഗവേഷണം പേമാരി, മണ്‍സൂണ്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു. 1962 മുതല്‍ പൂണെയിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോരളജി'യുടെ സ്ഥാപക ഡയറക്ടറായി. വിക്രം സാരാഭായിയുടെ ക്ഷണം സ്വീകരിച്ച് 1967ല്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ചേര്‍ന്നു. 1960കളില്‍ സോവിയറ്റ് വിമാനങ്ങളും യു.എസ്.ഉപകരണങ്ങളും ഉപയോഗിച്ച് കേരളത്തിലെ തെങ്ങുകളുടെ മഞ്ഞളിപ്പിനെകുറിച്ച് പിഷാരടി നടത്തിയ പഠനമാണ്, ഇന്ത്യയില്‍ റിമോട്ട് സെന്സിങിന്റെ സാധ്യത ആദ്യമായി ബോധ്യപ്പെടുത്തിക്കൊടുത്തത്. ബഹിരാകാശ പരിപാടി സാധാരണക്കാര്ക്കും പ്രയോജനപ്പെടുമെന്ന് കാട്ടിക്കൊടുക്കാന്‍ വിക്രം സാരാഭായിയാണ് ആ പഠനത്തിന് പിഷാരടിയെ പ്രേരിപ്പിച്ചത്
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്ത്തൂസ് മലബാറിക്കൂസ്' (മലബാര്‍ ഉദ്യാനം) എന്ന 12 വാല്യമുള്ള പ്രാചീന ലാറ്റിന്‍ ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കുമെത്തിച്ച സസ്യശാസ്ത്രജ്ഞനാണ് കെ എസ് മണിലാല്‍. സസ്യവര്ഗീകരണശാസ്ത്രത്തിനും അദ്ദേഹം വലിയ സംഭാവന നല്കി. പറവൂര്‍ വടക്കേക്കരയില്‍ ജനിച്ച മണിലാല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സസ്യശാസ്ത്ര പ്രൊഫസറായിരുന്നു. 50 വര്ഷം ഹോര്ത്തൂസിനായി അദ്ദേഹം സമര്പ്പിച്ചു. അതിനിടെ ലാറ്റിന്‍ ഭാഷ പഠിക്കുകയും, ഹോര്‍ത്തൂസില്‍ പരാമര്‍ശിച്ചിട്ടുള്ള 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കി മുഴുവനും വീണ്ടും തേടിപ്പിടിച്ച് ആധുനിക സസ്യശാസ്ത്രപ്രകാരം വിശദീകരിക്കുകയും ചെയ്തു. മണിലാല്‍ തയ്യാറാക്കിയ ഇംഗ്ലീഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും കേരള സര്വ്വകലാശാല പ്രസിദ്ധീകരിച്ചു
ഇന്ത്യയില്‍ കടലാമഗവേഷണത്തിന് അടിത്തറയിട്ട ഗവേഷകനാണ് സതീഷ് ഭാസ്കര്‍. എറണാകളും ജില്ലയിലെ ചെറായിയില്‍ ജനിച്ച സതീഷ്, മദ്രാസ് ഐഐടിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് പഠനം ഉപേക്ഷിച്ചാണ് പ്രകൃതിപഠനത്തിലേക്ക് തിരിഞ്ഞത്. 1970 കളുടെ അവസാനം കടലാമ ഗവേഷണം ആരംഭിച്ച അദ്ദേഹം ഇന്ത്യയുടെ 7500 കിലോമീറ്റര്‍ തീരപ്രദേശം മുഴുവന്‍ കാല്‍നടയായി പിന്നിട്ടു. ഇന്ത്യയുടെ ഭാഗമായ എഴുന്നൂറോളം ദീപുകളില്‍ അദ്ദേഹം സഞ്ചരിച്ചു. ഇന്ത്യയിലെ മാത്രമല്ല, ന്യൂ ഗിനി പോലെ ഇന്ഡൊനീഷ്യയുടെ വിദൂരതീരങ്ങളിലും കടലാമഗവേഷണത്തിന് തുടക്കമിടാന്‍ സതീഷിന് കഴിഞ്ഞു. തീരദേശ സംരക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കിയതിലും സതീഷിന്റെ പങ്ക് ചെറുതല്ല. 17 വര്ഷക്കാലം ഇന്ത്യയിലെ കടലാമഗവേഷണം ഒറ്റയാള്‍ പട്ടാളത്തെ പോലെ കൊണ്ടുനടന്നു. ഇപ്പോള്‍ ഗോവയില്‍ താമസിക്കുന്നു.
കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബാംഗമായ അജയന്‍, ലോകപ്രശസ്ത നാനോടെക്നോളജി ഗവേഷകനാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ടെക് നേടിയ അദ്ദേഹം ഇപ്പോള്‍ യു.എസില്‍ റൈസ് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്നു. നാനോകാര്‍ബണ്‍ ഗവേഷണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയ പുളിക്കല്‍ അജയനും സംഘവുംകടലാസുപയോഗിച്ച് ബാറ്ററി സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം ഏറെ ആകാംക്ഷ സൃഷ്ടിച്ച ഒന്നാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നാനോഘടനകള്‍ (മുഖ്യമായും നാനോട്യൂബുകള്‍) സംബന്ധിച്ച് നാനൂറിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗ്രാഫീന്‍, ബോറോണ്‍ നൈട്രൈഡ് തുടങ്ങിയവയിലും ഇപ്പോള്‍ അദ്ദേഹം ഗവേഷണം നടത്തുന്നു
പ്രകൃതിപഠനരംഗത്തെ നൊബേല്‍ എന്ന് വിശേഷിപ്പിക്കാറുള്ള ഐ.യു.സി.എന്നിന്റെ സാബിന് പുരസ്കാരം (2008) നേടിയ ഉഭയജീവി ഗവേഷകനാണ് സത്യഭാമ ദാസ് ബിജു എന്ന എസ് ഡി ബിജു. കൊല്ലം കടയ്ക്കല്‍ സ്വദേശി. നിലവില്‍ ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ സിസ്റ്റമാറ്റിക്സ് ലാബ് മേധാവി. ഒന്നര പതിറ്റാണ്ടിനിടെ ബിജുവും കൂട്ടരും 42 സ്പീഷീസുകളില്‍ പെട്ട നൂറിലേറെ വ്യത്യസ്തയിനം തവളകളെ കണ്ടെത്തി. അതില്‍ 'നൂറ്റാണ്ടിന്റെ കണ്ടെത്തല്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട Nasikabatrachidae കുടുംബത്തില്പെട്ട മൂക്കന് തവളയായ പാതാള തവളയും പെടുന്നു. 2003ലായിരുന്നു ഈ കണ്ടെത്തല്‍. നൂറുവര്ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു പുതിയൊരു തവളകുടുംബത്തെ ശാസ്ത്രലോകം തിരിച്ചറിയുന്നത്. 2012ല്‍ Chikilidae എന്ന പുതിയ ഉഭയജീവി കുടുംബത്തെയും ബിജുവും കൂട്ടരും കണ്ടെത്തി .
തിരുവനന്തപുരം സ്വദേശിയായ താണു പത്മനാഭന്‍, പൂണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്ഡ് അസ്ട്രോഫിസിക്സിലെ പ്രൊഫസറാണ്. പ്രാപഞ്ചികശാസ്ത്രം, ക്വാണ്ടംഗ്രാവിറ്റി തുടങ്ങിയ മേഖലകളില്‍ ലോകപ്രശസ്തനായ ഗവേഷകന്‍. 260 ലേറെ ഗവേഷണ പ്രബന്ധങ്ങളും റിവ്യൂ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്യാമോര്ജം, ഗ്രാവിറ്റി വിശകലനം തുടങ്ങിയവയിലാണ് താണു പത്മനാഭന്‍ ഏറെ മികവ് പ്രകടിപ്പിക്കുന്നത്. ഇന്‍ര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ കോസ്മോളജി കമ്മീഷന് അധ്യക്ഷനായും, ഇന്‍ര്‍നാഷണല്‍ യൂണിയന് ഓഫ് പ്യൂവര്‍ ആന്ഡ് അപ്ലൈഡ്് ഫിസിക്സിന്റെ അസ്ട്രോഫിസിക്സ് കമ്മീഷന് ചെയര്‍മാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
Prof. John Kurakar
No comments:
Post a Comment