Pages

Tuesday, November 8, 2016

പുകഞ്ഞ് പുകഞ്ഞ്, ശ്വാസംമുട്ടി,ദല്‍ഹി

പുകഞ്ഞ് പുകഞ്ഞ്, 
ശ്വാസംമുട്ടി,ദല്ഹി
17 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ ശ്വാസംമുട്ടി ദല്‍ഹി. പുകമഞ്ഞ് നിറഞ്ഞ ദല്‍ഹിയില്‍ പുറത്തിറങ്ങാനോ ജോലിക്കോ സാധിക്കാത്ത സ്ഥിതിയാണ്. സ്‌കൂളുകള്‍ക്ക് അവധി. നിര്‍മ്മാണ ജോലികള്‍ വിലക്കി. രഞ്ജി ട്രോഫി ദല്‍ഹിയിലെ കളി ഉപേക്ഷിച്ചു. ആശങ്കയും അനിശ്ചിതത്വവുമാണെങ്ങും.
ഒരാഴ്ചയായി പുകമഞ്ഞ് പ്രശ്‌നം അവഗണിച്ചിരുന്ന ദല്‍ഹി സര്‍ക്കാര്‍ ജനരോഷത്തെ തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്നു. കരുതല്‍ നടപടികള്‍ക്ക് തീരുമാനമായി. കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യും.
മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 5 ദിവസത്തേക്ക് നിര്‍മാണ ജോലികള്‍ വിലക്കി. ആശുപത്രികളിലും അടിയന്തര സാഹചര്യത്തിലുമല്ലാതെ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് 10 ദിവസത്തേക്ക് നിരോധിച്ചു. ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കുന്ന കോളനികള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി നല്‍കും. കല്‍ക്കരി ഉപയോഗിച്ചുള്ള ബദര്‍പുരിലെ വൈദ്യുതി നിലയം അടച്ചിടും. ഇവിടെ നിന്നും ഫ്‌ളൈ ആഷ് കടത്തുന്നതും വിലക്കിയിട്ടുണ്ട്. ഇല കരിയുന്നത് പരിശോധിക്കുന്നതിന് പരിസ്ഥിതി വകുപ്പ് ആപ്പ് പുറത്തിറക്കും. വ്യാഴാഴ്ച മുതല്‍ അന്തരീക്ഷം വൃത്തിയാക്കിത്തുടങ്ങും. റോഡുകളില്‍ വെള്ളം തളിക്കും.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ആവശ്യമെങ്കില്‍ വീണ്ടും കൊണ്ടുവരും.

അനുവദനീയമായതിലും 15 ഇരട്ടിയോളമാണ് മലിനീകരണ തോത്. അന്തരീക്ഷത്തില്‍ അലിയുന്ന മലിനവസ്തുക്കളായ പി.എം. 2.5ന്റെ അളവ് 955 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററാണ്. 60 മൈക്രോ ഗ്രാം പ്രതി ക്യുബിക് മീറ്ററാണ് പരിധി. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കൃഷിഭൂമികളില്‍ വൈക്കോല്‍ കത്തിക്കുന്നതും വാഹനങ്ങളിലെ പുകയും ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കലും പുകമഞ്ഞ് കാരണമായി ചൂണ്ടിക്കാട്ടുന്നു.
Prof. John Kurakar

No comments: