Pages

Sunday, November 27, 2016

ഫിഡൽ കാസ്ട്രോ അചഞ്ചലനായ വിമോചനപ്പോരാളി

ഫിഡൽ കാസ്ട്രോ അചഞ്ചലനായ 
വിമോചനപ്പോരാളി
ക്യൂബന്വിപ്ളവ നായകനും സോഷ്യലിസത്തിന്റെ ശില്പ്പിയും ചേരിചേരാപ്രസ്ഥാനത്തിന്റെ നേതാവുമായ ഫിദല് കാസ്ട്രോ അചഞ്ചലനായ വിമോചനപ്പോരാളിയായിരുന്നു .നീതിപൂര്വകവുമായ ലോകത്തിനുവേണ്ടി ജീവിതംമുഴുവന് പോരാടിയ വ്യക്തിയായിരുന്നു . എല്ലാ പ്രതികൂലസാഹചര്യങ്ങളെയും സധൈര്യം മറികടന്ന കാസ്ട്രോ അവസാനശ്വാസംവരെ ലോകശ്രദ്ധയില് പ്രതീക്ഷയുടെ കേന്ദ്രബിന്ദുവായി നിലകൊണ്ടു.
ക്യൂബയെ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നയിച്ചുവെന്നതാണ് കാസ്ട്രോയുടെ എറവും പ്രധാന സംഭാവന. രണ്ട് വര്ഷത്തിനകം എല്ലാവര്ക്കും വിദ്യാഭ്യാസം നല്കാന് ക്യൂബക്ക് കഴിഞ്ഞുവെന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്. അംഗവൈകല്യം സംഭവിച്ചവര്ക്കും പോലും അടിസ്ഥാന വിദ്യാഭ്യാസം നല്കാന് ക്യൂബ തയ്യാറായി. ആരോഗ്യരംഗത്തും വന് മുന്നേറ്റമാണ് നടത്തിയത്. ആവശ്യത്തിന് മരുന്നും ആരോഗ്യസേവനവും ഉറപ്പ് വരുത്താന് ക്യൂബക്ക് കഴിഞ്ഞു. ആരോഗ്യരംഗത്തുള്ള ക്യൂബയുടെ മുന്നേറ്റം ലോകത്തിന് മാതൃകയാണ്.
  കൃഷിഭൂമി കൃഷിക്കാരന് നല്കിയും ചെറുകിട വ്യവസായങ്ങള് ആരംഭിച്ചും തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടു. സോവിയറ്റ് യൂണിയന്റെ സഹായം ഇക്കാര്യത്തില് ക്യുബക്കുണ്ടായിരുന്നു. സോവിയറ്റ് തകര്ച്ചക്കുശേഷവും പിടിച്ചു നില്ക്കാന് ക്യൂബക്ക് സാധ്യമായത് കാസ്ട്രോയുുടെ ശക്തമായ നേതൃത്വമായിരുന്നു.    മനുഷ്യത്വം എവിടെയാണോ ചവിട്ടിമെതിക്കപ്പെടുന്നത് അവിടെ സഹായവുമായി എത്തുക എന്ന തൊഴിലാളിവര് സാഹോദര്യം കാസ്ട്രോക്ക് ജീവവായുവായിരുന്നു. ലാറ്റിനമേരിക്കന് വിപ്ളവത്തിന്റെ പ്രതീകമായിരുന്നു കാസ്ട്രോമൂന്നാം ലോകരാജ്യങ്ങളുടെയും. രാഷ്ട്രീയരംഗത്ത് മാത്രമല്ല ആതുരസേവനരംഗത്തും ക്യൂബയുടെ സേവനം ലോകത്തിന് മറക്കാനാവില്ല. ക്യൂബന് ഡോക്ടര്മാര് 18 രാഷ്ട്രങ്ങളില് ആതുരസേവനം നടത്തുകയാണ്. 2014 ല് പശ്ചിമാഫ്രിക്കയെ എബോള വൈറസ് ബാധയില് നിന്നുമോചിപ്പിച്ചത് ക്യൂബയില് നിന്നെത്തിയ ആരോഗ്യ പ്രവര്ത്തകരാണെന്ന് യുഎന് തന്നെ ശ്ളാഘിക്കുകയുണ്ടായി. പാകിസ്ഥാനില് ഭൂകമ്പമുണ്ടായപ്പോഴും ക്യൂബന് ആരോഗ്യപ്രവര്ത്തകര് എത്തി. അമേരിക്കയിലെ ന്യൂ ഓര്ലിയന്സില് കൊടുങ്കാറ്റ് നാശം വിതച്ചപ്പോള് ഓടിയെത്തിയ ക്യൂബക്കാരെ 'ധീരന്മാരെന്ന്' വിളിക്കാന് അമേരിക്ക തന്നെ നിര്ബന്ധിതമായി.
കാസ്ട്രോയുടെ സംഭാവനയായി ചരിത്രം രേഖപ്പെടുത്തുക നവ ഉദാരവത്ക്കരണ നയത്തിനെതിരെ അദ്ദേഹം നടത്തിയ വിട്ടുവിഴ്ചയില്ലാത്ത പേരാട്ടമാണ്. നവഉദാരവത്ക്കരണ നയങ്ങള് ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലാറ്റിനമേരിക്കയില് അതിനെതിരെയുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്കാന് കാസ്ട്രോ തയ്യാറായി. സാമ്പത്തിക മേഖലയില് മാത്രമല്ല സാംസ്കാരിക-മാധ്യമ മേഖലയില് പോലും ബദല് ഉയര്ത്തിപ്പിടിച്ചുള്ള പോരാട്ടത്തിന് നേതൃത്വം നല്കാനും അതിനു പിന്നില് ലാറ്റിനമേരിക്കന് രാഷ്ട്രങ്ങളെ അണിനിരത്താനും കാസ്ട്രോക്ക് കഴിഞ്ഞു.
ഫിഡൽ കാസ്ട്രോയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ കഥയാണ്, ചരിത്രമാണ്. അത് ആഗോള വിപ്ലവ പ്രസ്ഥാനത്തിന്റെയും ശീതയുദ്ധത്തിന്റെയും പാശ്ചാത്യ-പൗരസ്ത്യ-ഉത്തര-ദക്ഷിണ സംഘർഷങ്ങളുടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെയും മൂലധന യുക്തിരാഹിത്യത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. തലമുറകളെ ആവേശഭരിതമാക്കിയ അസാധാരണ വ്യക്തിപ്രഭാവമായി നിലകൊണ്ടു. സാമ്യതയില്ലാത്ത ഉജ്ജ്വല ജീവിതത്തിനാണ് തൊണ്ണൂറാം വയസിൽ തിരശീല വീണിരിക്കുന്നത്.

 അത് തടയാനാവാത്ത അനിവാര്യതയാണ്. ഫിഡലിന്റെ സ്മരണകൾ, അദ്ദേഹം ക്യൂബക്കും ലോകജനതയ്ക്കും നൽകിയ സംഭാവനകൾ, ഉജ്വലങ്ങളായ ജീവിതാനുഭവ സാക്ഷ്യങ്ങൾ, ചരിത്രമുള്ളിടത്തോളം കാലം നിലനിൽക്കുകയും മനുഷ്യ വിമോചന പോരാട്ടങ്ങളെ തലമുറകളോളം പ്രചോദിപ്പിക്കുകയും ചെയ്യും. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ജീവിതകാലം മുഴുവൻ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ വിപ്ലവകാരി തന്റെ ജീവൻ തന്നെ അപകടകരമായി പണയപ്പെടുത്തിയാണ് സമരം തുടർന്നുപോന്നത്. ഫിഡലിന്റെ ജീവൻ കവർന്നെടുക്കാൻ സിഐഎ അടക്കമുള്ള യാങ്കി രഹസ്യാന്വേഷണ ഏജൻസികളും വാടക കൊലയാളികളും നടത്തിയ എണ്ണമറ്റ നിഗൂഢശ്രമങ്ങളെ അതിജീവിച്ചാണ് ജീവിതപോരാട്ടത്തിന് നൈസർഗികമായ വിരാമം വീണത്.
 തന്റെ ഭരണകാലത്ത് ഉടനീളം യുഎസിന്റെ നീതിരഹിതമായ സാമ്പത്തിക, വാണിജ്യ ഉപരോധത്തിനെതിരെ സ്വന്തം ജനങ്ങളെ അണിനിരത്താൻ അദ്ദേഹത്തിനായി. തെക്കേ അമേരിക്കയിലേയും ഏഷ്യൻ, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലേയും വിശാല ജനവിഭാഗങ്ങളുടെയും ഭരണകൂടങ്ങളുടെയും പിന്തുണ ആർജിക്കാനും അവയുടെ ഐക്യദാർഢ്യം ഉറപ്പിച്ചുനിർത്താനും ഫിഡലിന്റെ അസാമാന്യ നേതൃത്വത്തിന് കഴിഞ്ഞു. യൂറോപ്പിലേയും അമേരിക്കൻ ഭൂഖണ്ഡത്തിലേയും ജനങ്ങൾക്ക് അവഗണിക്കാനാവാത്ത കരുത്തിന്റെയും ചെറുത്തുനിൽപ്പ് ഊർജത്തിന്റെയും ഉറവ വറ്റാത്ത സ്രോതസായി അദ്ദേഹം തുടർന്നു. മനുഷ്യവിമോചനത്തിന്റെ മഹദ്സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഫിഡൽ ജാഗ്രത പുലർത്തി. അരനൂറ്റാണ്ടുകാലത്തെ കൊടുംവൈര്യത്തിന്റെ അന്ത്യത്തിൽ സമവായത്തിന്റെയും സമന്വയത്തിന്റെയും പാത അവലംബിക്കാൻ ഫിഡൽ കാസ്ട്രോയുടെ കാർക്കശ്യമാർന്ന നിലപാടുകൾ യുഎസിനെ നിർബന്ധിതമാക്കി. ചേരിചേരാ പ്രസ്ഥാനത്തിന് സമർഥ നേതൃത്വം നൽകാൻ അദ്ദേഹത്തിന് രണ്ടുതവണ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. മഹാനായ വിപ്ലവകാരിയുടെ, സ്മരണയ്ക്ക് മുമ്പിൽ window of  knowledge ൻറെ പ്രണാമം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: