Pages

Wednesday, October 19, 2016

SRENARYANAGURU AND INTER RELIGIOUS RELATIONS

ശ്രീനാരായണഗുരുവിന്റെ
 മതാന്തര സൗഹൃദങ്ങൾ
കേരളീയ നവോത്ഥാന സങ്കൽപ്പങ്ങളെ ആഴത്തിൽ സ്വാധീനിക്കുകയും നിർണയിക്കുകയും ചെയ്ത വ്യക്തിത്വമാണ്‌ നാരായണഗുരു. ജാതിവൽക്കരണത്തിന്റെയും മതവൽക്കരണത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും ഉപാധിയായി ഈ ചരിത്രപുരുഷന്റെ ജീവിതം ഇന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. സാമുദായികതയിലധിഷ്ഠിതമായ രാഷ്ട്രീയം രൂപകൽപ്പന ചെയ്യപ്പെടുന്നതിന്റെ അനുബന്ധമെന്ന നിലയ്ക്കാണ്‌ ഗുരുവിന്റെ ജാതിവൽക്കരണം സംഭവിക്കുന്നത്‌. നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ദങ്ങൾക്കോ അപ്പുറത്തല്ലാതെ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ വ്യക്തതയിൽ ജീവിച്ച ചരിത്രപുരുഷനായിരുന്നിട്ടും ഗുരുവിന്റെ ജീവചരിത്രത്തെക്കുറിച്ച്‌ വലിയ തെറ്റിധാരണകൾ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ജാതിവൽക്കരണവും മതവൽക്കരണവും ലക്ഷ്യമാക്കി നീങ്ങിയവർ ഗുരുവിനെ ഒരു ജാതിയുടെയും ഒരു പ്രത്യേക സംസ്കാരത്തിന്റെയും മതിൽക്കെട്ടിനകത്ത്‌ വിഗ്രഹസ്വഭാവത്തിൽ തടഞ്ഞുവച്ചു. ജാതീയമായ പരിഗണനകൾക്കനുസൃതമായി ജീവിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഒരാളായി അദ്ദേഹം ചിത്രീകരിക്കപ്പെട്ട കൂട്ടത്തിൽ സംഭവിച്ച ഒരു ചരിത്ര നിഷേധവശമുണ്ട്‌. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പണ്ഡിതരുമായും സാധാരണക്കാരുമായും അസാധാരണക്കാരുമായും ഗുരു പുലർത്തിവന്നിരുന്ന ഗാഢമായ സൗഹൃദമാണ്‌ അങ്ങനെ നിഷേധത്തിനും തമസ്കരണത്തിനും വിധേയമായത്‌. കേരളീയ സംസ്കാരത്തിലെ ബഹുസ്വരബോധത്തിലും പ്രബുദ്ധതയിലും അധിഷ്ഠിതമായ തനത്‌ സൗഹൃദ ശീലങ്ങളിലെ അനുകരണീയമെന്നും പറയാവുന്ന ഉജ്ജ്വല മാതൃകാചരിതങ്ങളായിരുന്നു ഗുരുവിന്റെ മതാന്തര സൗഹൃദബന്ധങ്ങൾ. ജാതിയും സമുദായവും ആ സൗഹൃദത്തിന്‌ വേലിക്കെട്ടുകളായിരുന്നില്ല ഒരുകാലത്തും.
അരുവിപ്പുറത്ത്‌ ശിവപ്രതിഷ്ഠ നടത്തിയതിന്റെ പേരിൽ ഗുരുവിനെതിരെ തിരിഞ്ഞവരാണ്‌ താന്ത്രികാധികാരം കുത്തകയാണെന്ന്‌ കരുതിയ ഒരുപറ്റം ഉന്നത ബ്രാഹ്മണർ. അവരിൽ പലരും ഗുരുവിനെ ശത്രുവായാണ്‌ കണ്ടത്‌. എന്നാൽ ബ്രാഹ്മണരിൽത്തന്നെയുള്ള പല ഉന്നത വ്യക്തിത്വങ്ങളുമായും ശ്രീനാരായണഗുരുവിന്‌ അഗാധമായ സൗഹൃദം ഉണ്ടായിരുന്നു. പാലക്കാട്‌, തൃശൂർ, മലപ്പുറം, കോഴിക്കോട്‌ തുടങ്ങിയ ഇന്നത്തെ ജില്ലകളിലെ പല പുരാതന ബ്രാഹ്മണ കുടുംബങ്ങളുമായി ഗുരു ബന്ധം പുലർത്തി. യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നവരുടെ പിൻമുറക്കാർ പോലും അവരിലുണ്ടായിരുന്നു. ഇവരിലെ ഉൽപതിഷ്ണുക്കൾ മാത്രമല്ല യാഥാസ്ഥിതികരും ഗുരുവിനെ ആദരിച്ചിരുന്നു. മലബാറിന്റെയും മധ്യകേരളത്തിന്റെയും സാമുദായിക സൗഹൃദചരിത്രത്തിലെ പല ഉജ്ജ്വല നിമിഷങ്ങളും ഗുരുവും ഇത്തരം ആഢ്യബ്രാഹ്മണരും തമ്മിലുള്ള ബന്ധത്തിന്റെ ഇഴകളായിരുന്നു.
മുസ്ലിം സമുദായവുമായി ഉണ്ടായിരുന്ന ബന്ധവും ഇത്തരത്തിലാണ്‌. കേരളീയരും അന്യനാട്ടുകാരുമായ പല മുസ്ലിം സൂഫികളുമായി ഗുരു സമ്പർക്കം പുലർത്തി. കണ്ണൂരിലെ വെളുത്തകണ്ടി തറവാട്ടിൽ 1871-ൽ ജനിച്ച്‌ “ഇച്ചമസ്താൻ” എന്ന പേരിലറിയപ്പെട്ട അബ്ദുൽഖാദിർ എന്ന മിസ്റ്റിക്‌ കവിയുമായി ഗുരുവിന്റെ സൗഹൃദം സവിശേഷമായിരുന്നു. ഹൈന്ദവ സ്വഭാവമുള്ള പദാവലികളും സംജ്ഞകളും ഉപയോഗിച്ച്‌ ഇസ്ലാമിക്‌ മിസ്റ്റിസിസത്തിന്റെ സ്വഭാവമുള്ള കവിതകൾ എഴുതിയിരുന്ന കവിയാണ്‌ ഇച്ചമസ്താൻ. മുസ്ലിം ദൈവശാസ്ത്ര ഭാഷയിലുള്ള “അല്ലാഹു”വിനു പകരം അദ്ദേഹം പലപ്പോഴും ഹൈന്ദവ സംജ്ഞയായ “ശിവൻ” ഉപയോഗിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കവിതകൾ “ഇച്ചയുടെ വിരുത്തങ്ങൾ” എന്ന പേരിലാണറിയപ്പെട്ടത്‌. ഒരു വിരുത്തത്തിൽ
“ആപത്തൊഴിന്ത്‌, ഹ-
ലാക്കും വിടുന്ത്‌, റ-
ഹ്മത്തിൽ കൂട്ട്‌ ശിവനേ” എന്നെഴുതിയ ഇച്ചമസ്താന്റെ സ്വഭാവം നമുക്ക്‌ ഊഹിക്കാവുന്നതാണ്‌. ഈ വ്യക്തി ഗുരുവിന്റെ ഉറ്റസുഹൃത്തായിരുന്നു.
മലബാറിലെ പല ഉന്നതരും പ്രമാണിമാരുമായ മുസ്ലിം തലവൻമാരും ഗുരുവിന്റെ ആത്മമിത്രങ്ങൾ തന്നെയായിരുന്നു. കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും തങ്ങൻമാർ, മലപ്പുറം ഭാഗങ്ങളിലെ ഉന്നതശീർഷരായ മുസ്ലിം പണ്ഡിതൻമാർ, വക്കം മൗലവിയെയും കെ എം മൗലവിയെയും പോലുള്ള, മുസ്ലിം നവോത്ഥാന നായകർ, ഹമദാനി തങ്ങൾ, മക്തി തങ്ങൾ പോലെയുള്ള മുസ്ലിം ഉൽപതിഷ്ണുക്കൾ, കണ്ണൂർ അറക്കലിലെ മായിൻകുട്ടി ഇളയായെപ്പോലുള്ളവർ ഒക്കെയും ഗുരുവിന്റെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നവരാണ്‌. തമിഴ്‌നാട്ടിലെ കായൽ പട്ടണത്ത്‌ താമസിച്ചിരുന്ന സൂഫികൾ, പഴയ ബീജാപൂർ സുൽത്താൻമാരുടെ കാലത്തുണ്ടായിരുന്ന മതപണ്ഡിത പരമ്പരയിൽപ്പെട്ടവർ, ബറേൽവി, ലക്നോ, അമൃത്സർ തുടങ്ങിയ ഉത്തരേന്ത്യൻ മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ ജീവിച്ച ഗ്രന്ഥകർത്താക്കളായ പണ്ഡിതർ, ഭോപ്പാലിലെയും ജലാന്തറിലെയും സൂഫി ഗുരുക്കൻമാർ, ആര്യസമാജക്കാരും സിഖുകാരുമായ പണ്ഡിതൻമാർ ഇവരൊക്കെ ഗുരുവിന്റെ സൗഹൃദം അനുഭവിച്ചവരാണ്‌. ഉർദു, പേർഷ്യൻ, ഭാഷകളിലുള്ള ഗുരുവിന്റെ പരിചയത്തിന്‌ അടിസ്ഥാനം ഉത്തരേന്ത്യൻ ബന്ധങ്ങളായിരുന്നു. ഈ ഭാഷാപരിചയം ഗുരുവിന്റെ രചനകളെയും അവബോധങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്‌. സൂഫി രചനകളിൽ പലതും പതിനേഴ്‌, പതിനെട്ട്‌ നൂറ്റാണ്ടുകളിൽ പേർഷ്യൻ-ഉറുദു ഭാഷകളിലായിരുന്നു നിലനിന്നത്‌. “അല്ലോപനിഷത്ത്‌, ബഹ്ജത്തേ തഹ്കീക്‌” തുടങ്ങിയ മുഗള കാലഘട്ട രചനകൾ സാമുദായിക പാരസ്പര്യത്തിന്റെ ഉപാധികളായി വർത്തിച്ചിരുന്നവയാണ്‌. ഗുരുവാകട്ടെ ഇത്തരം സാഹിത്യങ്ങളെ അടുത്തറിയുകയും സ്വന്തം ജീവിതത്തിലും രചനകളിലും ചിന്തകളിലുമൊക്കെ ഉപയോഗിക്കുകയും ചെയ്തു. “ആത്മോപദേശ ശതകം” പോലെയുള്ള ഗുരുവിന്റെ ചില രചനകളിൽ സൂഫിസവുമായി ബന്ധപ്പെട്ട പലതരം പരികൽപനകളും പ്രത്യക്ഷപ്പെടുന്നത്‌ ഇത്തരം പാരസ്പര്യത്തെ അടിസ്ഥാനമാക്കിയായിരിക്കണം.
മതാതീതമായി സാധാരണക്കാരായ ദരിദ്രരുമായി ഗുരു പുലർത്തിയ അനുതാപ ബന്ധവും സവിശേഷമായ പരിഗണനയർഹിക്കുന്ന ചരിത്രാനുഭവമാണ്‌. തെക്കൻ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ജീവിച്ചിരുന്ന ദരിദ്രരായ മുക്കുവരുമായി ഗുരു ഊഷ്മളമായ ബന്ധത്തിന്റെ ഇഴയടുപ്പം കാത്തുസൂക്ഷിച്ചു. കടൽ ഇളകി മറിയുന്ന പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വറുതിക്കാലങ്ങളിൽ ഗുരു അവരെത്തേടി ചെന്നത്‌ വിശപ്പിന്‌ പരിഹാരമേകുന്ന വസ്തുക്കളുമായിട്ടായിരുന്നു. മത്തൻ, കപ്പ, വാഴപ്പഴങ്ങൾ, ചേമ്പ്‌, കാവത്ത്‌, ചക്ക എന്നിങ്ങനെയുള്ള വസ്തുക്കൾ വലിയ തലച്ചുമടായി എടുപ്പിച്ചാണ്‌ ഗുരു പട്ടിണിക്കാലങ്ങളിൽ ദരിദ്ര മുക്കുവരുടെ വീടുകൾ തേടിച്ചെന്നത്‌. അങ്ങനെ ഗുരു ചെന്നെത്തിയ വീടുകൾ ഒരു പ്രത്യേക ജാതിയുടെയോ സമുദായത്തിന്റെയോ മതത്തിന്റെയോ മാത്രമായിരുന്നില്ല. അക്കൂട്ടത്തിൽ മുസ്ലിമും ക്രിസ്ത്യാനിയും ദളിതരും ഹിന്ദുവുമൊക്കെയുണ്ടായിരുന്നു. അവരെല്ലാം ഗുരുവിനെ കാണുകയും ഉൾക്കൊള്ളുകയും ചെയ്തത്‌ ഒരു സ്വന്തക്കാരൻ എന്ന നിലയിൽ തന്നെയാണ്‌. ഗുരു സ്വാമിയെന്നും സ്വാമിത്തമ്പുരാൻ എന്നും നാരായണസ്വാമി എന്നും വർക്കല മൂപ്പൻ എന്നുമൊക്കെ കേരളത്തിന്റെ തെക്കൻ തീരപ്രദേശങ്ങളിൽ നാരായണഗുരുവിന്‌ വിളിപ്പേരുണ്ടായത്‌ ഓർക്കേണ്ട അനുഭവമാണ്‌. ഒരു പ്രത്യേക മതത്തിന്റെ ആചാര്യനായിട്ടല്ല ഗുരുവിനോട്‌ ഇടപെട്ട ഓരോ ജാതി-സമുദായക്കാരും അദ്ദേഹത്തെ കണ്ടിരുന്നത്‌. മതാതീയമായ ഈ മാനുഷികാംഗീകാരം ഗുരുവിന്റെ ജീവിതത്തിന്റെ ഉജ്ജ്വലമായ വശങ്ങളിലൊന്നാണ്‌. കേരളീയ മനഃസാക്ഷിയിൽ ഗുരുവിന്റെ സ്ഥാനം അനന്യമാകുന്നതിനിടയാക്കിയത്‌ തികച്ചും സാധാരണക്കാരായ ചില മനുഷ്യരുമായി ഗുരു പുലർത്തിവന്നിരുന്ന കരുണാർദ്രമായ സഹജീവി ബന്ധവുമാണ്‌. ജീവിതത്തിലെന്നപോലെ ദർശനത്തിലും ദർശനത്തിൽ എന്നപോലെ പ്രായോഗികതയിലും ഗുരു കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരപാത്രമായി മാറിയതിന്റെ ചരിത്രകാരണങ്ങൾ കേരളീയ പ്രബുദ്ധതയുടെ അടിത്തറയായി വർത്തിക്കുന്ന മൂല്യങ്ങൾ തന്നെയാണ്‌.
ഗുരുവിന്റെ മതാന്തര സൗഹൃദങ്ങളുടെ കൂട്ടത്തിൽ വിസ്മരിക്കാനാവാത്ത മറ്റൊരേടാണ്‌ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിലെ പുരോഹിതരുമായി ഉണ്ടായിരുന്ന ബന്ധം. മരുത്വാമലയിൽ താമസിച്ച കാലത്തിന്‌ മുമ്പും ശേഷവുമുള്ള അവധൂത സഞ്ചാരങ്ങളിൽ ഗുരു പലപ്പോഴും ഇവരെത്തേടി ചെന്നെത്തുകയും ഇവരുടെ അതിഥിയായി താമസിക്കുകയും ചെയ്തിരുന്നു. “അനുകമ്പാ ദശക”ത്തിൽ യേശുവിനെ “പരമേശ പവിത്ര പുത്രൻ” എന്ന്‌ ഗുരു വിശേഷിപ്പിക്കുന്നിടത്ത്‌ ബൈബ്ലിക്കൽ ആയിട്ടുള്ള ക്രൈസ്തവ ദൈവശാസ്ത്ര വീക്ഷണം അതേപടി അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. സമന്വയ സാമ്രാട്ടായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ പുലർത്തിയ അതേ സമീപനം തന്നെയാണ്‌ യേശുവിന്റെ കാര്യത്തിൽ ശ്രീനാരായണഗുരുവും പുലർത്തിയത്‌. ക്രൈസ്തവ പണ്ഡിതരുമായി ഉണ്ടായിരുന്ന സവിശേഷമായ സൗഹൃദവും ആത്മബന്ധവും ഇതിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹികാവസ്ഥകളിലേയ്ക്കും ആത്മീയ തൻമകളിലേയ്ക്കും വിശ്വാസ ഭാവനകളിലേയ്ക്കുമെല്ലാം യാതൊരുവിധ ലജ്ജയും അപകർഷതാബോധവും അന്യചിന്തയും കൂടാതെ കടന്നുചെല്ലുവാനും അവയെ അടുത്തറിയുവാനും ഉൾക്കൊള്ളുവാനും നാരായണഗുരുവിന്‌ കഴിഞ്ഞതുകൊണ്ടാണ്‌ അദ്ദേഹം കേരളചരിത്രത്തിലെ അത്യുജ്ജ്വല വ്യക്തിത്വമായി മാറുന്നതും എല്ലാവരുടെയും ഗുരുവായി അംഗീകരിക്കപ്പെടുന്നതും. ജാതി-മതവൽക്കരണങ്ങൾക്ക്‌ ഉപരിയായി ബഹുസ്വരതയുടെ ജൈവികതകൾ ഏറെ പ്രകടിപ്പിച്ച ജീവിതവും ദർശനവുമാണ്‌ ശ്രീനാരായണഗുരുവിന്റേത്‌. അതിനാൽത്തന്നെ തെറ്റിധാരണകൾക്കും തെറ്റിധരിപ്പിക്കലുകൾക്കും എതിരായ ഒരു സ്വയം പ്രതിരോധ ശേഷിയും ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രാനുഭവങ്ങൾക്കുണ്ട്‌.
Prof. John Kurakar


No comments: