Pages

Wednesday, October 19, 2016

സൗദി രാജകുമാരന്റെ വധശിക്ഷ തുല്യനീതിയുടെ പ്രതിഫലനമെന്ന്‌ സാമൂഹ്യമാധ്യമങ്ങൾ

സൗദി രാജകുമാരന്റെ വധശിക്ഷ തുല്യനീതിയുടെ പ്രതിഫലനമെന്ന്സാമൂഹ്യമാധ്യമങ്ങൾ
സംഘട്ടനത്തിനിടയിൽ തന്റെ എതിർചേരിയിലെ കോടീശ്വരനായ അറബിയെ വെടിവച്ചുകൊന്ന കേസിൽ സൗദി രാജകുമാരൻ തുർക്കി ബിൻ സൗദ്‌ അൽ കബീറിന്റെ വധശിക്ഷ തുല്യനീതിയുടെ പ്രതിഫലനമെന്ന്‌ സോഷ്യൽ മീഡിയ. ഇതാദ്യമായാണ്‌ ഒരു സൗദി രാജകുടുംബാംഗത്തെ വധശിക്ഷയ്ക്കു വിധേയനാക്കുന്നത്‌.
സാധാരണക്കാരനും രാജകുടുംബാംഗത്തിനും നീതി ഒരുപോലെയായിരിക്കണമെന്നാണ്‌ സൽമാൻ രാജാവ്‌ ഈ വധശിക്ഷയിലൂടെ നൽകിയിട്ടുള്ള സന്ദേശമെന്ന്‌ സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. മൂന്ന്‌ വർഷം മുമ്പാണ്‌ സുലൈമാൻ ബിൻ അബ്ദുൽ കരിം അൽ മുഹമ്മദ്‌ എന്ന മഹാകോടീശ്വരനെ രാജകുമാരൻ വെടിവച്ചു കൊന്നത്‌. രാജകുടുംബാംഗങ്ങളിലെ അപൂർവം ചിലർ നിയമം കയ്യിലെടുക്കുന്നുവെന്ന ആരോപണം ജനങ്ങൾക്കിടെ ശക്തിപ്രാപിച്ചുവന്ന സന്ദർഭത്തിലാണ്‌ തുർക്കി ബിൽ സൗദ്‌ രാജകുമാരൻ കൊലയാളിയാവുന്നത്‌.
വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ചതിനെ തുടർന്ന്‌ രാജകുമാരൻ അന്തരിച്ച മുൻ സൗദി രാജാവിന്‌ ദയാഹർജി നൽകിയെങ്കിലും രാജാവ്‌ അത്‌ തള്ളുകയായിരുന്നു. പിന്നീട്‌ പരമോന്നത നീതിപീഠവും വധശിക്ഷ ശരിവച്ചതോടെ ഇപ്പോഴത്തെ രാജാവ്‌ രാജകുമാരനെ വധിക്കാനുള്ള വിളംബരം പുറപ്പെടുവിച്ചു. വധശിക്ഷയ്ക്കു വിധേയരാക്കുന്നത്‌ ഫയറിങ്‌ സ്ക്വാഡ്‌ വെടിവച്ചും തൂക്കിക്കൊന്നും വാൾകൊണ്ടു കഴുത്ത്‌ വെട്ടിയുമാണ്‌. രാജകുമാരന്റെ വധശിക്ഷ തലവെട്ടിയായിരുന്നുവെന്ന്‌ ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കൊല്ലപ്പെടുന്നയാളിന്റെ കുടുംബത്തിന്‌ ‘ചോരപ്പണം’ എന്നറിയപ്പെടുന്ന നഷ്ടപരിഹാരം നൽകി പ്രതികൾക്ക്‌ കുറ്റവിമുക്തരാകാമെന്ന നിയമം അറബി നാടുകളിലുണ്ട്‌. ഇതിനുസരിച്ച്‌ വധശിക്ഷയിൽ നിന്നൊഴിവാക്കാൻ ശതകോടികളുടെ നഷ്ടപരിഹാരം രാജകുമാരന്റെ ബന്ധുക്കൾ വാഗ്ദാനം ചെയ്തുവെങ്കിലും കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കൾ അത്‌ നിരസിച്ചതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
Prof. John Kurakar


No comments: