Pages

Thursday, September 8, 2016

കണ്ണൂരിന്റെ കണ്ണീർ

കണ്ണൂരിന്റെ കണ്ണീർ

ഇന്ന്കണ്ണൂർകേരളത്തിലെ  കൊലപാതകങ്ങളുടെ തലസ്ഥാനനഗരമാണ് . 1980ൽ തുടങ്ങി നൂറ്റി തൊണ്ണൂറോളം യുവാക്കൾ  അവിടെ വെട്ടേറ്റും ബോംബേറിൽ ശരീരം ചിതറിയും മരണമടഞ്ഞു.ഇവരെ സി.പിഎം എന്നും ആർ. എസ്. എസ് എന്നും  പരസ്പരം മാറിവന്നവരെന്നുമൊക്കെ സൗകര്യം പോലെ വിളിക്കാം.ഒരു കൊലപാതകത്തിൽ നിന്നു മറ്റൊരു കൊലപാതകമുണ്ടാകുന്നു. നമ്മുടെ എത്ര സഹോദരിമാർ യൗവനത്തിൽ തന്നെ വിധവകളായി? എത്ര കുഞ്ഞുങ്ങൾക്ക് അച്ഛനില്ലാതായി?  കണ്ണൂരിൽ അമ്മമാരുടെ ദുഃഖം, പെങ്ങന്മാരുടെ നിസ്സഹായത, ഭാര്യമാരുടെ രോദനം ഇത്ഇന്നും അവസാനിക്കുന്നില്ല
.കണ്ണൂരില്‍ അക്രമ രാഷ്ട്രീയം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കുത്തകയല്ല. ചെറുതും വലുതുമായ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ആവുംപോലെ അതില്‍ സംഭാവന ചെയ്യാറുണ്ട്. വെട്ടിനും കുത്തിനും കൊലപാതകത്തിനും സ്വയം പ്രതിരോധം എന്നാണ് അക്രമികളുടെ നേതാക്കള്‍ വിളിക്കാറ്. എവിടെ വച്ചും വെട്ടിക്കൊല്ലാം. വീട്ടില്‍ കയറി ചെന്ന് അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് വേണോ അതോ ഭാര്യയുടെ കൂടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിടിച്ചിറക്കി വേണോ എന്നത്  അവർ തീരുമാനിക്കും .ചിലപ്പോള്‍ അത് ക്ലാസ്സ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് ആകാം. സാക്ഷി പറയാനും ആരും ഉണ്ടാവില്ല .പറഞ്ഞാല്‍ വീണ്ടും കൊലപാതകം ഉണ്ടാകും.  അപ്പുറത്ത് രണ്ടു എങ്കില്‍ ഇവിടെയും രണ്ട്. പത്തെങ്കില്‍ പത്ത്.
രാഷ്ട്രീയം ആസക്തിയായി മാറിയതാണ് കണ്ണൂരിന്റെ ശാപം. കണ്ണൂർ ശാന്തമാകണമെങ്കിൽ ആരെങ്കിലും ഒരാൾ തോറ്റു കൊടുക്കണം.ഒരു കൊലപാതകം ഉണ്ടാകുമ്പോൾ തിരിച്ചൊരാളെ അറുംകൊല ചെയ്യാൻ ഞങ്ങൾക്കു പ്രയാസമില്ല. പക്ഷേ, ഞങ്ങളതു ചെയ്യുന്നില്ല. ഇനിയും വിധവകളെ  സൃഷ്‌ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്ന് ഏതെങ്കിലും ഒരു വിഭാഗം പറയണം. അവർക്കതിനുള്ള ആർജവമുണ്ടാകണം. അതൊരിക്കലും തോൽവിയായിരിക്കില്ല. അങ്ങനെ തോറ്റു കൊടുക്കുന്നവരായിരിക്കും യഥാർഥ വിജയികൾ.
കണ്ണൂരിന്റെ കമ്മ്യൂണിസ്‌റ്റ് പാരമ്പര്യത്തിന്‌ ചോരയില്‍ കുതിര്‍ന്ന അധ്യായങ്ങള്‍ ഏറെയുണ്ട്‌. കരിവെള്ളൂരും കയ്യൂരും ജന്മിത്തത്തിനെതിരെ പോരാടിയ സഖാക്കളുടെ ധീരചരിത്രങ്ങള്‍ കഴിഞ്ഞകാലത്തെ കണ്ണൂരിന്റെ അഭിമാനമാണെങ്കില്‍ പുതിയ കാലത്ത്‌ കണ്ണൂര്‍ നിറഞ്ഞുനില്‍ക്കുന്നത്‌ രാഷ്‌ട്രീയ കുടിപ്പകയുടെ പേരിലാണ്‌.അഴീക്കോടന്‍ രാഘവന്‍ മുതല്‍ കോടിയേരി ബാലകൃഷ്‌ണന്‍ വരെയുള്ള സി.പി.എമ്മിലെ മുന്‍നിര നേതാക്കള്‍ കണ്ണൂരിന്റെ സംഭാവനയാണ്‌. കണ്ണൂരിൻറെ  കണ്ണീരൊപ്പാൻ  ഒരു  നേതാവിനു പോലും കഴിയാത്തതാണ് ദയനീയം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: