Pages

Tuesday, September 6, 2016

നായക്ക് വേണ്ടി സംസാരിക്കാന്‍ ആളുണ്ട്. കടിയേല്‍ക്കുന്നവര്‍ക്കുവേണ്ടിസംസാരിക്കാനാളില്ല

നായക്ക് വേണ്ടി സംസാരിക്കാന്ആളുണ്ട്.
കടിയേല്ക്കുന്നവര്ക്കുവേണ്ടിസംസാരിക്കാനാളില്ല

ദിവസവും പത്രങ്ങളിൽ  നിറയെ നായയുടെ കടിയേല്‍ക്കുന്നവരുടെ ചിത്രങ്ങളും വാർത്തകളുമാണ് .പിഞ്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ദിവസേന ആസ്പത്രികളിലെത്തുന്നു. നാടും നഗരവുമെല്ലാം തെരുവുനായ്ക്കളുടെ അധീനതയിലാവുമ്പോള്‍ മനുഷ്യജീവന് ഒരു വിലയുമില്ലേ.? നായക്ക് വേണ്ടി സംസാരിക്കാന്‍ കുറെ ആളുകളും കേന്ദ്രമന്ത്രിയും, മനുഷ്യന് വേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ..
കേരളമെങ്ങും ഭീതിതമായ അവസ്ഥ . നായ് അടുക്കളയിൽ വരെ കയറി വീട്ടമ്മയെ കടിച്ചിരിക്കുന്നു . തെരുവ് നായ്ക്കള്‍ ആരെയും ഏത് സമയത്തും ആക്രമിക്കാവുന്ന തരത്തില്‍ കൂട്ടമായി അലഞ്ഞു നടക്കുന്നു . കേരളത്തിലെ ഭരണാധികാരികൾ ആരെയൊക്കെയോ ഭയക്കുന്നു .കേന്ദ്രമന്ത്രി മേനക ഗാന്ധി പണ്ട് മുതലേ മൃഗ സംരക്ഷകയാണ്. പക്ഷേ തെരുവ് നായ്ക്കള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ഭീകരത അറിവുണ്ടാവില്ല. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ ഭീതി മനസ്സിലാവുകയുള്ളൂ. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന പിഞ്ചുകുട്ടിയെ നായ കടിച്ചടുത്തോടുന്ന  കാഴ്ച ആരാണ് നോക്കി നില്‍ക്കുക? മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം കടിച്ച് വലിച്ച് വികൃതമാക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍ ആരുടെയും മനസ്സ് പിടക്കും..
മൃഗ സംരക്ഷണത്തിന് ആരും എതിരല്ല. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യൻറെ ബാധ്യതയുമാണ്. പക്ഷേ അക്രമകാരികളാവുന്ന മൃഗങ്ങളെ സംരക്ഷിക്കണമെന്ന് പറയുമ്പോള്‍ അത് സമാധാന ജീവിതത്തിന് തടസമാണ്. പ്രാഥമികമായി ഏത് ഭരണകൂടത്തിന്റെയും ചുമതലയെന്നത് സമാധാന ജീവിതം ഉറപ്പ് വരുത്തുക എന്നതാണ്. ഡല്‍ഹിയില്‍ ഇരിക്കുന്ന മേനകാ ഗാന്ധിക്ക് കേരളത്തിലെ തെരുവുകളിലും നഗരങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ല. അവരെ അനുകൂലിക്കുന്നവരുടെ കാര്യവും ഇതുതന്നെ. ഇത്തരക്കാരുടെ വാക്കുകളും ഭീഷണിയും കേട്ട് പ്രാദേശിക ഭരണകൂടങ്ങള്‍ മിണ്ടാതിരുന്നാല്‍ ജനങ്ങളുടെ ജീവിതമാണ് ദുസ്സഹമാവുന്നത്.
ഇപ്പോള്‍ പകല്‍ പോലും  നായ്ക്കള്‍ സംഘമായി ഇറങ്ങുന്നു. നായ പ്രേമികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് സംശയമുന്നയിക്കുന്നവരുണ്ട്. ചില മരുന്ന് കമ്പനികളുടെ വക്താക്കളാണ് ഇക്കൂട്ടരെന്ന് പറയപ്പെടുന്നു . നായ കടിച്ചാല്‍ തീര്‍ച്ചയായും ചികില്‍സ നല്‍കേണ്ടി വരും. അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുന്നതിൽ  എന്താണ് പ്രശനം .തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൂടുതൽ ജാഗ്രതകാണിക്കണം  റസിഡന്റ്‌സ് അസോസിയേഷനുകളും  രംഗത്തു വരണം .പൊതുനിരത്തുകളിലും മറ്റും  നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഭക്ഷണമാക്കിയാണ് നായ്ക്കള്‍ കൂടുതൽ അക്രമകാരികളാവുന്നത്. മാംസക്കടകളില്‍ നിന്നും നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ ഫലപ്രദമായി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഇന്ന് കഴിയുന്നില്ല .തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഫലപ്രദമായി ചെയ്യാവുന്ന ഒരു കാര്യം വെറുതെ  ലോകപ്രശ്‌നമാക്കി മാറ്റിയിരിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: