Pages

Wednesday, September 7, 2016

CIVIL SERVICE EXAMINATION AND MALAYALAM

സിവില് സര്വ്വീസ് പരീക്ഷയ്ക്ക് മലയാളംഐച്ഛികവിഷയമായി
സ്വീകരിക്കുന്നവർ  ധാരാളം
സിവില് സര്വ്വീസ് പരീക്ഷയ്ക്ക് ഇപ്പോള് മലയാളികള് മലയാളം ഐച്ഛികവിഷയമായി സ്വീകരിക്കുന്ന പ്രവണത കൂടി വരികയാണ്. നമ്മുടെ പൂര്വ്വകാല സിവില് സര്വീസുകാരുടെ പട്ടിക പരിശോധിച്ചാലും കേരളത്തില് ഉന്നതസേവനം അനുഷ്ഠിച്ചവരില് പലരും മലയാളം ഐച്ഛികവിഷയമായി എടുത്തവരോ മലയാളസാഹിത്യത്തില് നല്ല ജ്ഞാനമുള്ളവരോ ആയിരുന്നുവെന്ന് കാണാം. പ്രഗത്ഭരായ സാഹിത്യകാരന്മാരും അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ പത്തുവര്ഷത്തെ ചരിത്രം നോക്കിയാലും മലയാളം മുഖ്യവിഷയമായി എടുത്തു പഠിച്ചവര് ഉയര്ന്ന റാങ്ക് കരസ്ഥമാക്കിയിട്ടുള്ളത് കാണാന് സാധിക്കും.
മലയാളം മാതൃഭാഷയായതുകൊണ്ടുതന്നെ എളുപ്പത്തില് പഠിക്കാനും ആശയവിനിമയം നടത്താനും സാധിക്കും. മലയാളം മുഖ്യവിഷയമായി സ്വീകരിക്കുമ്പോള് ഒരു വിഷയം എന്ന നിലയില് മാത്രം അതിനെ കാണരുത്അത് നമ്മുടെ നാടിന്റെ സംസ്ക്കാരമാണ്. ജീവിതമാണ്, ജനതയുടെ വികാരമാണ്, ചരിത്രമാണ്. സംസ്ക്കാരത്തിന്റെയും ചരിത്രത്തിന്റെയും അടിത്തറയില് ഊന്നി നിന്നുകൊണ്ടുവേണം നാം പൊതുജന സേവനം നടത്തേണ്ടത്. ഒരു നാടിനേയും നാട്ടുകാരേയും പൂര്ണ്ണമായി ഉള്ക്കൊള്ളണമെങ്കില് സാംസ്ക്കാരികമായ അവബോധം അത്യാവശ്യമാണ്. തന്റെ മുന്നില് വരുന്ന ഫയലുകളില് കുരുങ്ങിക്കിടക്കുന്നത് കേവലം അക്ഷരങ്ങള് മാത്രമല്ല എന്നും അതിനപ്പുറത്ത് ഒരു മനുഷ്യജീവിതമുണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകാന് ഭാഷയും സാഹിത്യവും പഠിക്കുന്നതില്കൂടി സാധിക്കുന്നു.
സിവില് സര്വ്വീസ് പരീക്ഷയില് പല വിഷയങ്ങള് ഉള്ളതില് ഒന്നു മാത്രമാണ് മലയാളം. മലയാളം ബിരുദക്കാരാണ് മലയാളം എടുക്കുന്നത് എന്ന ധാരണ തെറ്റാണ്. മലയാളം ബിരുദക്കാര് പൊതുവേ സിവില് സര്വ്വീസ് രംഗത്തേയ്ക്കു വരുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം. ബിരുദതലത്തില് ഏതു വിഷയം പഠിച്ചവര്ക്കും മലയാളം ഐച്ഛികമായി സ്വീകരിക്കാവുന്നതാണ്. എന്ജിനീയറിങ് ബരുദധാരികളാണ് മലയാളമെടുത്തു പഠിക്കാനായി ഇപ്പോള് മുന്നോട്ടു വരുന്നത്. 10ാം ക്ലാസുവരെ മലയാളം പഠിച്ചിട്ടുള്ള ഏതു വിദ്യാര്ത്ഥിക്കും പരീക്ഷ പാസ്സാകുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. എന്നാല് ഒന്നാം ക്ലാസ്സ് മുതല് 12ാം ക്ലാസ്സ് വരെ മലയാളം എഴുതാനും വായിക്കാനും പഠിക്കാത്തവര് അതിന് തുനിയാതിരിക്കുന്നതാകും നല്ലത്. .ഭാഷയിലും സാഹിത്യത്തിലുമുള്ള  പരിശീലനം ഗുണം ചെയ്യും.
മലയാളം പഠിക്കാന് ബുദ്ധിമുട്ടാണ് എന്നൊരു ധാരണ വിദ്യാര്ത്ഥികളുടെ ഇടയിലുണ്ട്. സ്ക്കൂള്തലത്തില് വൃത്തവും അലങ്കാരവും വ്യാകരണവുമെല്ലാം കാണാതെ പഠിച്ചുണ്ടായ ഒരു ഭയമാണ് ഇതിന് കാരണം. എന്നാല്, ഇവിടെ അത്തരത്തിലുള്ള വ്യാകരണ പഠനങ്ങളില്ല. വിദ്യാര്ത്ഥികള്ക്ക് മറ്റു വിഷയങ്ങള്ക്കായി കൂടുതല് സമയം വിനിയോഗിക്കാനും സാധിക്കും. നിശ്ചിത സമയത്തിനുള്ളില് എഴുതി തീര്ക്കാനുള്ള പരിശീലനം നന്നായിരിക്കും. മൂന്ന് മണിക്കൂര് ദൈര്ഘ്യമുള്ള രണ്ട് പേപ്പറുകളാണ് മലയാളം പരീക്ഷയ്ക്കുള്ളത്. ഓരോ ചോദ്യത്തിനും കൃത്യമായ സമയം കണക്കാക്കി എഴുതുകയാണെങ്കില് എല്ലാ ചോദ്യങ്ങള്ക്കും ഉത്തരമെഴുതാന് സാധിക്കും. കൃത്യസമയത്തിനുള്ളില് ചോദ്യത്തിനുള്ള ഉത്തരം ഭാവാത്മകതയോടെ എഴുതുക എന്നിടത്താണ് പരീക്ഷാര്ത്ഥിയുടെ വിജയം. മലയാളമെന്നാല് വാരിവലിച്ചു എഴുതുക എന്ന ധാരണ തെറ്റാണ്. ചോദ്യം പൂര്ണ്ണമായി ഗ്രഹിച്ച് അതിനുള്ള ഉത്തരം മാത്രമായിരിക്കണം എഴുതേണ്ടത്. യുക്തിപൂര്വ്വമായ നിരീക്ഷണം അനുകൂലമായോ പ്രതികൂലമായോ അവതരിപ്പിക്കാം. .

മലയാളം ഐച്ഛികമായി എടുക്കുന്നവര്ക്ക് ഭാഷയുടെയും സാഹിത്യത്തിന്റെയും ഉത്പത്തിയും വളര്ച്ചയും പരിണാമവും ബോധ്യപ്പെടുത്തുക എന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. കൂടെ ചില മാതൃകാ പുസ്തകങ്ങളും പരിചയപ്പെടുത്തുന്നു. ..... സാഹിത്യ വിദ്യാര്ത്ഥികള് സാഹിത്യം പഠിക്കുന്നതുപോലെ ആഴത്തിലുള്ള പഠനം ഇവിടെ സാധ്യമല്ല. ഭാഷയേയും സാഹിത്യത്തേയും കുറിച്ച് ഒരു പൊതുബോധം സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം. എങ്കിലും മലയാള സാഹിത്യത്തില് സമകാലീന അവസ്ഥയെക്കുറിച്ച് അറിവുണ്ടാകുന്ന രീതിയിലുള്ള നിരന്തരമായ വായന വിദ്യാര്ത്ഥികള്ക്ക് ആവശ്യമാണ്

No comments: