അഗതികളുടെ അമ്മ ഇനി 'കൊല്ക്കത്തയിലെ വിശുദ്ധ തെരേസ'
അല്‍ബേനിയയില്‍ ജനിച്ച് ഭാരതം കര്‍മഭൂമിയാക്കിയ പാവങ്ങളുടെ അമ്മ ഇനി മുതല്‍ 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ' (സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത) എന്നാകും അറിയപ്പെടുക
വത്തിക്കാന്‍ സിറ്റി: കാരുണ്യത്തിന്റെ മഹത്തായ മാതൃക ലോകത്തെ പഠിപ്പിച്ച മദര്‍ തെരേസ ഇനി വിശുദ്ധ. ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
അല്‍ബേനിയയില്‍ ജനിച്ച് ഭാരതം കര്‍മഭൂമിയാക്കിയ പാവങ്ങളുടെ അമ്മ ഇനി മുതല്‍ 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ' (സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത) എന്നാകും അറിയപ്പെടുക.വിശുദ്ധരുടെ പട്ടികയില്‍ രണ്ട് തെരേസമാരുള്ളതുകൊണ്ടാണ് മദറിനെ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് വിളിക്കുന്നത്.
രാവിലെ 10.30-ഓടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി) യാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ചടങ്ങ് തുടങ്ങിയത്. ദിവ്യ ബലിമധ്യേയായിരുന്നു പ്രഖ്യാപനം.
ചടങ്ങ് തുടങ്ങിയപ്പോള്‍ നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദിനാള്‍ ആഞ്ചലോ അമാതോയും പോസ്തുലത്തോറും വിശുദ്ധരുടെ പുസ്തകത്തില്‍ മദര്‍ തെരേസയുടെ പേര് ചേര്‍ക്കട്ടേയെന്ന് പാപ്പയോട് ചോദിച്ചു. തുടര്‍ന്ന് മദറിന്റെ ജീവചരിത്രത്തിന്റെ ലഘുവിവരണം വായിച്ച ശേഷം വിശുദ്ധര്‍ക്കായുള്ള പ്രാര്‍ഥനയും ചൊല്ലി. ഇതേത്തുടര്‍ന്നാണ് മദറിനെ വിശുദ്ധയാക്കുന്ന സന്ദേശം മാര്‍പാപ്പ ലത്തീനില്‍ വായിച്ചത്. പിന്നീട് മാര്‍പാപ്പ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വാദം നല്‍കി. പ്രഖ്യാപനത്തിന് കര്‍ദിനാള്‍ അമാതോയും പോസ്തുലത്തോറും മാര്‍പാപ്പയോട് നന്ദി പറഞ്ഞു. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗികരേഖ പാപ്പ അംഗീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തലുള്ള 11 അംഗ ഇന്ത്യന്‍ പ്രതിനിധിസംഘം ചടങ്ങിന് സാക്ഷ്യം വഹിച്ചു. നൂറു കണക്കിന് മലയാൡകളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള തീര്‍ഥാടകസംഘങ്ങള്‍ക്കുപുറമേ യൂറോപ്പില്‍നിന്നും മറ്റും ധാരാളം മലയാളികളും എത്തിയിരുന്നു.ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരായ ടി.എം തോമസ് ഐസക്, മാത്യു.ടി തോമസ്, എം.പിമാരായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ്.കെ മാണി, ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധ എന്നറിയപ്പെട്ട മദര്‍ തെരേസയെ കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ചതും അതിവേഗത്തിലാണ്. മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷംമാത്രമേ വിശുദ്ധരാക്കുന്നതിനുള്ള നാമകരണപ്രക്രിയ തുടങ്ങാന്‍ പാടുള്ളൂവെന്നാണ് സഭയിലെ കീഴ്വഴക്കം. എന്നാല്‍, മദര്‍ തെരേസയുടെ കാര്യത്തില്‍ ഈ നിയമത്തില്‍ ഇളവുവരുത്തി. അവര്‍ മരിച്ച് ഒരുവര്‍ഷം തികഞ്ഞതിനുപിന്നാലെത്തന്നെ നടപടികള്‍ തുടങ്ങി. പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനാക്കാനും ഈ ചട്ടത്തില്‍ ഇളവുനല്‍കി.
വീരോചിതമായ സുകൃതജീവിതം നയിച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവരെയാണ് കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്.കൃത്യവും കര്‍ക്കശവുമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് വിശുദ്ധപദവി നല്‍കുന്നത്.
വിശുദ്ധ പദവിയിലേക്ക് സഭ ഉയര്‍ത്തിയാല്‍ മാത്രമെ സാര്‍വ്വത്രികമായി ഒരു വ്യക്തിയുടെ തിരുനാളുകള്‍ ആഘോഷിക്കാനും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കാനും സാധിക്കൂ. ഒരാളെ വിശുദ്ധനെന്ന് നാമകരണം ചെയ്യാനുള്ള അധികാരം മാര്‍പ്പാപ്പക്ക് മാത്രമാണ്.കാനൊനൈസേഷന്‍ എന്നാണിതിനെ വിളിക്കുക.കാനന്‍ എന്നാല്‍ പട്ടിക,അതായത് ഒരു വ്യക്തിയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുന്ന ചടങ്ങാണ് കാനൊനൈസേഷന്‍.
Prof. John Kurakar
No comments:
Post a Comment