Pages

Sunday, September 4, 2016

ആരോഗ്യത്തിന് ഹാനികരമായ ആഹാര വസ്തുക്കള്‍ തടയുന്നതിന് കര്‍ശന നടപടി: മുഖ്യമന്ത്രി

ആരോഗ്യത്തിന് ഹാനികരമായ ആഹാര വസ്തുക്കള്‍ തടയുന്നതിന് കര്‍ശന നടപടി: മുഖ്യമന്ത്രി


ആരോഗ്യത്തിന് ഹാനികരമായ ആഹാരവസ്തുക്കളും രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികളും നിരോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍വഴി സര്‍ക്കാര്‍ കര്‍ശന നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വിവിധ സഹകരണ ബാങ്കുകളുടെ സഹായത്തോടെ രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച  ജൈവകാര്‍ഷിക വിപണനമേളയുടെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ ബോധവല്‍ക്കരണത്തിനൊപ്പം ഭക്ഷ്യവസ്തുക്കളിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധന ഊര്‍ജിതമാക്കാന്‍ അതത് വകുപ്പുകളോട് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ജീവിതശൈലീരോഗങ്ങള്‍ മാരകമാംവിധം വര്‍ധിച്ചുവരികയാണ്. കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗത്തിന് കാരണമാകുന്നു. ചിട്ടയായ ജീവിതശൈലിയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണവും വിഷവിമുക്തമായിരിക്കണം. സര്‍ക്കാര്‍തലത്തില്‍ ഇതുറപ്പുവരുത്തുന്നതിന് കൃത്യമായ പരിശോധനകളുണ്ടാകും. പച്ചക്കറികള്‍ വിഷവിമുക്തമാക്കുന്നതിന്റ ഭാഗമായാണ് ജൈവകൃഷിയ്ക്ക് ഊന്നല്‍ നല്‍കുന്നത്.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതി ഈ ലക്ഷ്യം മുന്നില്‍കണ്ടുള്ളതാണ്. കേരളത്തെ മാലിന്യമുക്തമാക്കുന്നതിനൊപ്പം കാര്‍ഷികസമൃദ്ധമാക്കുകയെന്നതാണ് ഹരിതകേരളത്തിന്റെ ലക്ഷ്യം. പദ്ധതിയിലുടെ ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കും. സംസ്ഥാനത്തെ പച്ചക്കറിയുല്‍പാദനം പരമാവധി വര്‍ധിപ്പിക്കും. നാടിന്റെ ആവശ്യം കഴിഞ്ഞ് അധികമുള്ളത് കയറ്റിയയ്ക്കാനുള്ള സംവിധാനമുണ്ടാക്കും. സംസ്ഥാന കൃഷിവകുപ്പ് ഇതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. കൃഷിക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും സഹകരണസംഘങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം ചേരുന്ന കൂട്ടായ്മയിലൂടെ കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനമാണിത്. ജില്ലയില്‍ സിപിഐ എം മുന്‍കയ്യെടുത്തുനടത്തുന്ന ജൈവജീവിതംപദ്ധതി മാതൃകാപരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്  അധ്യക്ഷനായി. ചലച്ചിത്രസംവിധായകന്‍ ആഷിക് അബുവും ഭാര്യ നടി റിമ കല്ലിങ്കലും ചേര്‍ന്ന് ആദ്യ വില്‍പന നിര്‍വ്വഹിച്ചു. കൊച്ചിന്‍ കോളേജ് അധ്യാപിക ഡോ. മിനി പി ആന്റണിയ്ക്ക് ഏത്തവാഴക്കുല നല്‍കിയായിരുന്നു ആദ്യ വില്‍പന. 

കഴിക്കുന്ന ഭക്ഷണത്തില്‍ വിഷം കലക്കുന്ന ഏക ജീവി മനുഷ്യനാണെന്ന് ആഷിക് അബു പറഞ്ഞു. മുട്ട, പാല്‍, പച്ചക്കറി, മാംസം, മത്സ്യം, ഭക്ഷ്യധാന്യം തുടങ്ങി കഴിക്കാന്‍ കൊള്ളാവുന്നതിലെല്ലാം മായം കലര്‍ത്തി വില്‍ക്കുകയും കഴിക്കുകയും ചെയ്യുന്നത് മനുഷ്യന്‍ മാത്രമാണ്. ലാഭത്തോടുള്ള അമിത ആര്‍ത്തിയില്‍ മുനഷ്യന്‍ ചെയ്തുകൂട്ടുന്നതിന്റെ അനന്തരഫലമാണ് ചികിത്സയ്ക്ക് ചെലവാക്കേണ്ടിവരുന്ന വര്‍ധിച്ച തുകയെന്നും ആഷിക് അബു പറഞ്ഞു. കോരമ്പാടം സര്‍വ്വീസ് സഹകരണബാങ്കിന്റെ 'ഗ്രാമിക' ബ്രാന്‍ഡ് പൊക്കാളി അരിയും കാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സഹായത്തോടെ റോബര്‍ട് എന്ന കര്‍ഷകന്‍ വിപണിയിലെത്തിച്ച 'ടി കെ കതിര്‍' എന്ന ജൈവ അരിയും ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും ടി കെ മോഹനന്‍ നന്ദിയും പറഞ്ഞു. അന്താരാഷ്ട്ര പയര്‍ വര്‍ഷത്തോടനുബന്ധിച്ച് മികച്ച പയര്‍കര്‍ഷകനെ ആദരിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളത്തെ പയര്‍കര്‍ഷകന്‍ ശുഭകേശനും കുടുംബത്തിനും ഉപഹാരം നല്‍കി. .
Prof. John Kurakar

No comments: