Pages

Friday, September 2, 2016

സ്ത്രീകളോടുള്ള വിവേചനത്തിലൂടെ കുപ്രസിദ്ധി നേടിയ റോത്തക് ജില്ല ഇനി മുതൽ സാക്ഷി മലിക്കിന്റെ പേരിൽ അഭിമാനം കൊള്ളും

സ്ത്രീകളോടുള്ള വിവേചനത്തിലൂടെ കുപ്രസിദ്ധി നേടിയ  റോത്തക് ജില്ല ഇനി മുതൽ സാക്ഷി മലിക്കിന്റെ പേരിൽ അഭിമാനം കൊള്ളും

റോത്തക്കില് ആരോട് ചോദിച്ചാലും 'സാക്ഷിബേട്ടി'യുടെ ഗ്രാമത്തിലേക്കുള്ള വഴി പറഞ്ഞുതരും. ഇത് ഞങ്ങള്ക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. സാക്ഷി മലിക്കിന്റെ ജന്മഗ്രാമമായ മൊഖ്ര ഖാസ്സിലേക്ക് പോകവെ ഞങ്ങളുടെ ഡ്രൈവര് കുല്ദീപ്സിങ് റോത്തക് നഗരത്തില്വച്ച് രണ്ടുമൂന്നുതവണ സംശയം ചോദിച്ചു: "ഉസ് ബേട്ടി കി ഗാവ് കൈസേ ജാനാ?'' എല്ലാ പ്രാവശ്യവും ഉത്സാഹപൂര്ണമായ മറുപടി കിട്ടി. ഒരാള്പോലും അറിയില്ലെന്നു പറഞ്ഞില്ല.
സ്ത്രീകളോടുള്ള വിവേചനത്തിലൂടെ കുപ്രസിദ്ധി നേടിയ ജില്ലയാണ് റോത്തക്. ഇന്ത്യയില്ത്തന്നെ സ്ത്രീ–പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് ഹരിയാന. 2011ലെ സെന്സസ് പ്രകാരം 1000 പുരുഷന്മാര്ക്ക് 879 സ്ത്രീകള് എന്നതാണ് ഹരിയാനയിലെ അനുപാതം. റോത്തക്കില് സ്ത്രീ–പുരുഷ അനുപാതം ഹരിയാനയിലെ ശരാശരിയേക്കാള് കുറവാണ്– 1000 പുരുഷന്മാര്ക്ക് 867 സ്ത്രീകള് മാത്രം. ഇത് പ്രകൃതിയുടെ സൃഷ്ടിയല്ല. പെണ്ഭ്രൂണഹത്യകള്വഴി ഈ അവസ്ഥയില് എത്തിച്ചേര്ന്നതാണ്. പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന ഖാപ് പഞ്ചായത്തുകളും ഹരിയാനയില് പ്രബലമാണ്.
പെണ്കുട്ടികളുടെ എണ്ണം കുറവായതിനാല് വധുക്ഷാമം നേരിടുന്ന സംസ്ഥാനംകൂടിയാണ് ഹരിയാന. കേരളത്തില്നിന്ന് വിവാഹംചെയ്തുകൊണ്ടുവന്ന നിരവധി പെണ്കുട്ടികളെ ഹരിയാനയിലെ ഗ്രാമങ്ങളില് കണ്ടെത്താനാകും. ഹരിയാനക്കാരായ ട്രക് ഡ്രൈവര്മാരും മറ്റുമാണ് ഇവരെ വിവാഹംചെയ്തിരിക്കുന്നത്. സ്വന്തം നാട്ടില് പെണ്കുട്ടികള്ക്ക് ദൌര്ലഭ്യം നേരിട്ട സാഹചര്യത്തിലാണ് ഹരിയാനക്കാര് അന്യസംസ്ഥാനങ്ങളില്നിന്നുള്ള പെണ്കുട്ടികളെ വധുക്കളായി സ്വീകരിച്ചുതുടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ഒളിമ്പിക്സില് മെഡല്നേടുന്ന നാലാമത്തെ ഇന്ത്യന് വനിതയായ സാക്ഷി മലിക്കിന്റെ വിജയം സ്ത്രീശക്തിയുടെ ചരിത്രപരമായ മുന്നേറ്റമായി മാറുന്നത്.

ഹരിയാനയുടെ സിംഹം

'സാക്ഷിബേട്ടി കി ജയ്', 'ഹരിയാന ഷേര് (സിംഹം) കി ജയ്', 'ഭാരത് ഷേര് കി ജയ്' എന്ന് അത്യുച്ചത്തില് വിളിക്കുന്ന പുരുഷാരത്തെ ഞങ്ങള് കണ്ടു; സാക്ഷിക്ക് കഴിഞ്ഞ ബുധനാഴ്ച റോത്തക്കിലുടനീളം നല്കിയ സ്വീകരണങ്ങളില്. പെണ്കുട്ടികളെ ഗ്രാമങ്ങളില്നിന്ന് പുറത്തുവിടാത്ത സംസ്കാരം നിലനിന്ന ഹരിയാനയില് ഇത് കാലത്തിന്റെ മധുരമായ പ്രതികാരമാണ്. ഏതാനും വര്ഷങ്ങളായി കുരുക്ഷേത്ര, റോത്തക്, ഭിവാനി, ജജ്ജാര് ജില്ലകളിലെ നൂറുകണക്കിനു കുടുംബങ്ങള് പെണ്കുട്ടികളെ കായികവിനോദങ്ങളില് പരിശീലനത്തിന് അയക്കുന്നു. രാജ്യാന്തരമത്സരങ്ങളില് ഹരിയാനയില്നിന്നുള്ള പെണ്കുട്ടികള് വിജയം കൊയ്തുതുടങ്ങി. കോമണ്വെല്ത്ത് ഗെയിംസ് മെഡല് ജേതാക്കളായ സുമന് കുണ്ഡു, ലളിത സെഹ്റാവത്, പിങ്കി ജാംഗ്ര എന്നിവര് മുന്നേറ്റത്തിന്റെ പതാകവാഹകരായി. ഏറ്റവും ഒടുവില്, റിയോയില് ഇന്ത്യയുടെ മെഡല്വരള്ച്ചയ്ക്ക് അന്ത്യംകുറിച്ച് സാക്ഷി മലിക് (23) സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി. ഇത് ഇന്ത്യന്കായികരംഗത്ത് സ്ത്രീമുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് സാക്ഷി കരുതുന്നു. "എനിക്കും സിന്ധുവിനും ലഭിച്ച മെഡലുകള് കൂടുതല് പെണ്കുട്ടികള്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഹരിയാനയില് പെണ്കുട്ടികള് ഒരുപാട് ബുദ്ധിമുട്ടുകള് നേരിടുന്നുണ്ട്. പക്ഷേ, എനിക്ക് കുടുംബത്തിന്റെ പൂര്ണപിന്തുണ ലഭിച്ചു. ഈ വിജയം എന്റെ അച്ഛനും അമ്മയ്ക്കും സഹോദരനുംകൂടി  അവകാശപ്പെട്ടതാണ്''– സാക്ഷി പറഞ്ഞു.

ഗുസ്തിക്കാരുടെ നാട്

ഹരിയാനയിലെ ഗുസ്തിക്കാരുടെ ഗ്രാമമാണ് മൊഖ്ര. ഇവിടെ എല്ലാ വീട്ടിലുംഒരു ഗുസ്തിക്കാരനെങ്കിലുമുണ്ട്. സാക്ഷി ജനിച്ചുവളര്ന്നത് മൊഖ്രയിലാണ്; ഡല്ഹി ട്രാന്സ്പോര്ട്ട് കോര്പറേഷന് ബസ് കണ്ടക്ടറായ സുഖ്ബീര് മലിക്കിന്റെയും അങ്കണവാടി ജീവനക്കാരിയായ സുധേശ് മലിക്കിന്റെയും മകളായി. അപ്പൂപ്പന് ചൌധരി ബദ്ലു റാം പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. നാട്ടുകാരെല്ലാം ബദുലു റാമിനെ ബഹുമാനിച്ചിരുന്നു. ഗ്രാമവാസികള് അപ്പൂപ്പനു നല്കുന്ന ആദരം ബാലികയായിരുന്ന സാക്ഷിയെ ആകര്ഷിച്ചു. ഗുസ്തിയില് കാട്ടുന്ന മികവാണ് അദ്ദേഹത്തിന് പേരും പദവിയും നല്കുന്നതെന്ന് സാക്ഷി തിരിച്ചറിഞ്ഞു. ഗുസ്തി പരിശീലിക്കണമെന്ന് സാക്ഷി പറഞ്ഞപ്പോള് സുഖ്ബീറും സുധേശും ആദ്യം ഞെട്ടി. ഗ്രാമത്തില് ധാരാളം ഗുസ്തിക്കാരുണ്ടെങ്കിലും പെണ്കുട്ടികളില് ആരും ഗുസ്തി പഠിക്കുന്നില്ല. സാക്ഷിയുടെ ആഗ്രഹം തല്ക്കാലം നടന്നില്ല.

വെല്ലുവിളികള്, വിജയങ്ങള്

ഇതിനിടെ, സുഖ്ബീര് ജോലിക്ക് പോകാനുള്ള സൌകര്യാര്ഥം കുടുംബത്തോടെ റോത്തക് നഗരത്തിലേക്ക് താമസം മാറി. അപ്പോള് സാക്ഷി ആറാംക്ളാസിലായിരുന്നു. ഗുസ്തി പഠിക്കണമെന്ന ആഗ്രഹം മനസ്സില് വളര്ന്നുകൊണ്ടിരുന്നു. സാക്ഷി ഇക്കാര്യം ആവര്ത്തിച്ച് പറഞ്ഞപ്പോള് സുധേശ് മകളെ റോത്തക്കിലെ സര് ചോട്ടുറാം അക്കാദമിയിലേക്ക് കൊണ്ടുപോയി. റോത്തക്കില് ഗുസ്തി പരിശീലിക്കുന്ന നാലാമത്തെ പെണ്കുട്ടിയായി, പന്ത്രണ്ടാം വയസ്സില് സാക്ഷി ചോട്ടുറാം അക്കാദമിയില് ചേര്ന്നു. വെല്ലുവിളികളും ബുദ്ധിമുട്ടുകളും കുറച്ചല്ലായിരുന്നു. ഗുസ്തി പരിശീലിക്കുമ്പോള് പെണ്കുട്ടികള് ധരിക്കുന്ന വസ്ത്രം കണ്ടെത്താന്പോലും നന്നായി ബുദ്ധിമുട്ടി. അവസാനം, ഡല്ഹിയില്നിന്നാണ് ഒരു സെറ്റ് വേഷം സംഘടിപ്പിച്ചത്. ചോട്ടുറാം അക്കാദമിയില് പരിശീലകനായ ഈശ്വര് ദഹിയ ഓര്ക്കുന്നു: "ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ഒന്നിച്ച് പരിശീലനം നല്കുന്ന എനിക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞു. സിംഹത്തിനും ആടിനും ഒരേ കൂട്ടില് എങ്ങനെ കഴിയാനാകുമെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്, സ്ത്രീകള് ആടുകളാണെന്ന് ഞാന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇപ്പോള്, സിംഹമാണെന്ന് സാക്ഷി സ്വയം തെളിയിച്ചിരിക്കുകയല്ലേ?– അദ്ദേഹം ചോദിച്ചു.

ഈശ്വര് ദഹിയ തുടര്ന്നു: "ധാരാളം പഴി കേട്ടു. ഗുസ്തി പെണ്കുട്ടികള്ക്ക് യോജിച്ച കായിക ഇനമല്ലെന്ന് ആരോപണം ഉയര്ന്നു. സ്ത്രീകളുടെ ശരീരപ്രകൃതിക്ക് ഗുസ്തി ചേരില്ലെന്നും അവര്ക്ക് വിവാഹം ചെയ്യാനാകില്ലെന്നും പറഞ്ഞുപരത്തി. ഇതൊന്നും സാക്ഷിയെ ബാധിക്കാതിരിക്കാന് ഞങ്ങള് ശ്രമിച്ചു. അവള് പരിശീലനത്തില്മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്നിന്ന് വിട്ടുനിന്നു. സാക്ഷി ഗുസ്തി പരിശീലിക്കുന്നത് ഇഷ്ടമല്ലാത്തവരുടെ വാക്ശരങ്ങളില്നിന്ന് ഒഴിഞ്ഞുനില്ക്കാനായിരുന്നു ഇത്''.
സാക്ഷിക്ക് ചിട്ടയായ പരിശീലനം ഉറപ്പാക്കിയതിന്റെ എല്ലാ ഖ്യാതിയും സുധേശിനാണ് ലഭിക്കേണ്ടതെന്ന് സുഖ്ബീര് പറഞ്ഞു. അതിരാവിലെ സാക്ഷിയോടൊപ്പം ഉണര്ന്ന് അക്കാദമിയിലേക്ക് കൂടെപ്പോകും. പരിശീലനം കഴിഞ്ഞുവരുമ്പോള് പ്രോട്ടീന്സമ്പുഷ്ടമായ ഭക്ഷണം നല്കും. ഗുസ്തിയില് സാക്ഷി നിലയുറപ്പിച്ചതോടെ പരിശീലനത്തിനുള്ള സൌകര്യം മുന്നിര്ത്തി ഇവര് ചോട്ടുറാം അക്കാദമിക്ക് അരികിലേക്ക് വീട് മാറി. ഇതിനായി കുടുംബത്തെ പ്രേരിപ്പിച്ചത് സുധേശാണ്. ദേശീയതാരമായി മാറുന്നതുവരെ സാക്ഷിക്ക് സര്ക്കാരിന്റെ സഹായമൊന്നും ലഭിച്ചിരുന്നില്ല. കുടുംബത്തിന്റെ പരിമിതവരുമാനത്തില്നിന്നാണ് സാക്ഷിക്ക് തുടര്ച്ചയായ പരിശീലനം ഒരുക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതിന്റെ ഫലം പടിപടിയായി ഉണ്ടായി. 2010ലെ ലോക ജൂനിയര് ചാമ്പ്യന്ഷിപ്പില് വെങ്കലമെഡല് നേടി. 2014ലെ ഡാവെ ഷുള്സ് രാജ്യാന്തരചാമ്പ്യന്ഷിപ്പില് സ്വര്ണംകൊയ്തു. അക്കൊല്ലം ഗ്ളാസ്ഗോവില് നടന്ന കോമണ്വെല്ത്ത് ഗെയിംസില് വെള്ളിമെഡല് സ്വന്തമാക്കി.
വിമര്ശകരുടെ കൂറുമാറ്റം

ദേശീയ, രാജ്യാന്തര മത്സരങ്ങളില് വിജയിച്ച് സാക്ഷി നാടിന്റെ യശസ്സ് ഉയര്ത്തിയതോടെ വിമര്ശകര് പിന്മാറി. ഇവരില് പലരും പെണ്മക്കളെ ഗുസ്തി ഉള്പ്പെടെയുള്ള കായിക ഇനങ്ങളുടെ പരിശീലനത്തിന് അയക്കാനും തുടങ്ങി. ഒരുകാലത്ത് സാക്ഷിയെ പരിഹസിച്ചവര് ഇപ്പോള് സ്വന്തം മക്കളോട് സാക്ഷിയെ കണ്ടുപഠിക്കാന് പറയുന്നു. തന്റെ മെഡല് ഹരിയാനയിലെ പെണ്കുട്ടികളുടെ മുന്നേറ്റത്തിനായി സമര്പ്പിക്കുന്നുവെന്ന് സാക്ഷി പറയുമ്പോള് അതിന്റെ അര്ഥം തികച്ചും കൃത്യമാണ്. ജന്മനാടായ മൊഖ്രയില് സാക്ഷിക്ക് നല്കിയ സ്വീകരണസമ്മേളനത്തില് പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ഖാപ് പഞ്ചായത്തുകളുടെ നേതാക്കള് പിശുക്കൊന്നും കൂടാതെ സാക്ഷിയെ പുകഴ്ത്തി. കിലോക്കണക്കിനു നെയ്യും വെള്ളിയാഭരണങ്ങളും അടക്കം സമ്മാനങ്ങള് മത്സരിച്ച് നല്കി. വന്നവര്ക്കെല്ലാം മധുരപലഹാരം നല്കി ആഘോഷം കേമമാക്കി.
സാക്ഷി മലിക്കിന്റെയും പി വി സിന്ധുവിന്റെയും വിജയം രാജ്യത്ത് ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഇത് എത്രകാലം നീണ്ടുനില്ക്കുമെന്നതാണ് കാതലായ പ്രശ്നം. കായികലോകത്ത് തിളങ്ങിയ ഒട്ടേറെ ഇന്ത്യന് താരങ്ങളുണ്ട്. ഇവരാരും സര്ക്കാരിന്റെ സംവിധാനങ്ങളിലൂടെ ഉയര്ന്നുവന്നവരല്ല. അദമ്യമായ ആഗ്രഹവും ഇച്ഛാശക്തിയുമാണ് നിര്ധന സാഹചര്യങ്ങളില്നിന്നുള്ള കായികപ്രതിഭകളെ ഉയരങ്ങളില് എത്തിച്ചത്. വിഖ്യാത ഹെവിവെയ്റ്റ് ബോക്സിങ് താരമായിരുന്ന കൌര്സിങ്ങിന്റെ മാതാപിതാക്കള് പഞ്ചാബിലെ ദരിദ്രകര്ഷകരായിരുന്നു. മേരി കോമിന്റെ മാതാപിതാക്കള് മണിപ്പുരിലെ ഒരു ഗ്രാമത്തില് കര്ഷകത്തൊഴിലാളികളായിരുന്നു. മാതാപിതാക്കളുടെ കായികപാരമ്പര്യവും കോച്ച് ഗോപീചന്ദിന്റെ  അര്പ്പണബോധവുമാണ് സിന്ധുവിനെ വിജയപഥത്തില് എത്തിച്ചത്.
സാക്ഷി മലിക്കിനെ റോത്തക് നഗരത്തിലൂടെ തുറന്ന വാഹനത്തില് സ്വീകരിച്ച് ആനയിക്കുന്നു. അച്ഛനമ്മമാരും സഹോദരനും ഒപ്പം

നടപ്പുവര്ഷത്തെ കേന്ദ്രബജറ്റില് 1592 കോടി രൂപമാത്രമാണ് കായികമേഖലയ്ക്കായി നീക്കിവച്ചത്്. ആളോഹരിവിഹിതം പ്രതിദിനം വെറും മൂന്ന് പൈസ. തുച്ഛമായ ഈ പണംതന്നെ ശരിയായ രീതിയില് വിനിയോഗിക്കപ്പെടുന്നില്ല. കോര്പറേറ്റുകളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സര്ക്കാരുകളുടെയുംതന്നെ ശ്രദ്ധ ക്രിക്കറ്റിലാണ്. ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നത് പണം മാത്രമല്ലതാനും. ഇച്ഛാശക്തിയും വേണം. കായികതാരങ്ങള്മുതല് ഭരണാധികാരികള്വരെ ഇച്ഛാശക്തിയുള്ളവരായി മാറണം. കായികമേഖലയോടുള്ള സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം ഉണ്ടാകണം. സ്ത്രീകള്ക്ക് അവസരസമത്വം നിഷേധിക്കാന് ശ്രമിക്കുന്ന ശക്തികള്ക്കുള്ള മറുപടിയുമാണ് സാക്ഷിയുടെയും സിന്ധുവിന്റെയും മെഡലുകളും ദിപ കര്മാകറുടെ വിജയത്തോളം തിളക്കമുള്ള നേട്ടവും എന്നോര്ക്കണം.

Prof. John Kurakar

No comments: