Pages

Tuesday, September 6, 2016

അഗതികളുടെ അമ്മ വിശുദ്ധപദവിയിലേക്ക്

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ്‌ മാർപാപ്പയാണ്‌ അഗതികളുടെ അമ്മയെന്നറിയപ്പെടുന്ന മദർ തെരേസയെ വിശുദ്ധപദവിയിലേക്ക്‌ ഉയർത്തിയത്‌. ഇനി കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദർ തെരേസ അറിയപ്പെടുക.ലോകത്തെമ്പാടും നിന്നുമായി പത്തുലക്ഷത്തോളം വിശ്വാസികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത ചടങ്ങിലാണ്‌ ഫ്രാൻസിസ്‌ മാർപ്പാപ്പ മദർ തെരേസയെ പുണ്യവതിയായി നാമകരണം ചെയ്യത്‌. മാസിഡോണിയയിൽ ജനിച്ച്‌ കേവലം പത്തൊൻപതു വയസ്‌ മാത്രം പ്രായമുള്ള യുവതിയായി ഇന്ത്യയിൽ, കൽക്കത്ത നഗരത്തിൽ എത്തിയ അവരുടെ ജീവിതം അനാഥരും ആലംബഹീനരും പീഡിതരുമായവർക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു.
ആഴമേറിയ മത-ഈശ്വരവിശ്വാസത്തിന്റെ ആവിഷ്കാരവും അതിന്റെ ബഹിർസ്സ്ഫുരണമായിരുന്നു അവർക്ക്‌ ആതുരസേവനം. അതിൽ സമാനതകളില്ലാത്ത ആത്മസമർപ്പണത്തോടെ അവർ ആമഗ്നയായി. രണ്ടാം ലോകമഹായുദ്ധത്തിന്റെയും ബംഗാൾ ക്ഷാമത്തിന്റെയും ഇന്ത്യാ വിഭജനത്തിന്റെയും പശ്ചാത്തലത്തിൽ കടുത്ത മാനവിക ദുരന്തങ്ങൾക്ക്‌ നടുവിലാണ്‌ മദർ തെരേസ ആതുരസേവനം തന്റെ ജീവിതവ്രതമായി സ്വീകരിച്ചത്‌. ആതുര സേവനം അവരുടെ ക്രിസ്തുമത വിശ്വാസവും കത്തോലിക്കാ സഭയുടെ ജീവിതചര്യയും അനുസരിച്ച്‌ അവർക്ക്‌ ഈശ്വര സാക്ഷാത്ക്കാരം തന്നെയായിരുന്നു. 1950 ൽ അവർ സ്ഥാപിച്ച മിഷനറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ കൊൽക്കത്തയുടെയും ഇന്ത്യയുടെയും അതിരുകൾക്കു പുറത്തേയ്ക്ക്‌ ആതുരസേവനത്തിന്റെ സന്ദേശം വഹിക്കുന്ന മഹദ്‌ പ്രസ്ഥാനമായി മാറിയിരിക്കുന്നു. 133 രാജ്യങ്ങളിലായി 4,500 ൽപ്പരം അംഗങ്ങളുള്ള കന്യാസ്ത്രീ സമൂഹമായി അത്‌ സേവനനിരതമായി നിലകൊള്ളുന്നു.
മദർ തെരേസ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച കരുണാർദ്രമായ സേവന മനസ്കതയോട്‌ ആർക്കും വിയോജിക്കാനാവില്ല. ഇന്ത്യയിലും ലോകത്താകെയും നിലനിൽക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങൾ വലിയൊരു വിഭാഗം ജനതയ്ക്കും നീതി നിഷേധിക്കുന്നതും മനുഷ്യൻ എന്ന നിലയിലുള്ള അവന്റെ നിലനിൽപ്പിനെതന്നെ അപ്പാടെ നിരാകരിക്കുന്നതുമാണ്‌. മനുഷ്യരാശി ഇന്ന്‌നേരിടുന്ന കൊടിയ ദാരിദ്ര്യം, പട്ടിണി, രോഗപീഢകൾ, തൊഴിലില്ലായ്മ, ഭവനരാഹിത്യം തുടങ്ങി അവന്റെ അസ്തിത്വത്തെ തന്നെ നിഷേധിക്കുന്ന അവസ്ഥയ്ക്ക്‌ മൂലകാരണം നീതിരഹിതമായ സാമൂഹ്യവ്യവസ്ഥയാണ്‌. യഥാർത്ഥത്തിൽ ആ സാമൂഹ്യവ്യവസ്ഥയ്ക്കെതിരായ കലാപമായാണ്‌ ക്രിസ്തുമതത്തിന്റെ ഉൽപ്പത്തി. യേശുക്രിസ്തു തന്റെ പരസ്യപ്രവർത്തനത്തിന്‌ തുടക്കം കുറിക്കുന്നത്‌ അത്തരം സാമൂഹ്യവ്യവസ്ഥയോട്‌ കലഹിച്ചുകൊണ്ടാണെന്ന്‌ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ജെറുസലേം ദേവാലയത്തിൽ കടന്നുചെന്ന യേശു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി. പൊൻവാണിഭക്കാരുടെ മേശകളും പ്രാവിനെ വിൽക്കുന്നവരുടെ പീഠങ്ങളും മറിച്ചിട്ടു. അവൻ അവരോട്‌ ‘നിങ്ങൾ എന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി’ എന്ന്‌ പറഞ്ഞു.
മദർ തെരേസയെ പുണ്യവതിയാക്കി പ്രഖ്യാപിച്ച ഈ വേളയിൽ വിശ്വാസികളും അവിശ്വാസികളും ഈ വസ്തുതകൂടി തിരിച്ചറിഞ്ഞുകൊണ്ടുവേണം നമുക്കിടയിൽ ജീവിച്ച അസാധാരണവും സാമ്യതകളില്ലാത്തതുമായ അവരുടെ ജീവിതത്തെ വിലയിരുത്താനും ആഘോഷിക്കാനും. പ്രാർഥനാലയങ്ങളെപ്പോലും ചന്തസ്ഥലങ്ങളാക്കി മാറ്റുന്ന സാമൂഹ്യവ്യവസ്ഥയാണ്‌ അനാഥരെയും അശരണരെയും രോഗാതുരരേയും സൃഷ്ടിക്കുന്നതെന്ന്‌ നാം വിസ്മരിക്കരുത്‌.വിശ്വാസികളുടെ സമൂഹം എന്ന നിലയിൽ ആഗോള കത്തോലിക്കാ സമൂഹം മദർ തെരേസയെ കൊൽക്കത്തയിലെ വിശുദ്ധ തെരേസയായി ആദരിക്കുമ്പോൾ അതിന്‌ പ്രേരകമായ കാരണങ്ങളിൽ സുപ്രധാനമായ ഒന്നിന്‌ പോപ്‌ ഫ്രാൻസിസ്‌ അടിവരയിടുന്നു. ‘ഇഹലോകത്തിലെ അധികാരകേന്ദ്രങ്ങളെ തന്റെ ശബ്ദം കേൾക്കാൻ അവർ നിർബന്ധിതയാക്കി. അത്‌ കേട്ടെങ്കിലും അവർ തങ്ങളുടെ നെറികേടുകളും കുറ്റകൃത്യങ്ങളും തിരിച്ചറിയട്ടെ. അവർ സൃഷ്ടിച്ച ദാരിദ്ര്യം തന്നെയാണ്‌ അവരുടെ കുറ്റകൃത്യം’-പോപ്‌ പറഞ്ഞു. മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തലുകളിൽ ഒന്നാണ്‌ ഫ്രാൻസിസ്‌ മാർപാപ്പയിലൂടെ പുറത്തുവന്നത്‌. അത്‌ അദ്ദേഹത്തിന്റെ സ്ഥാനാരോഹണം മുതൽ നാളിതുവരെ തുടർന്നുപോന്ന ജീവിതസാക്ഷ്യത്തിന്റെ തുടർച്ചയാണെന്ന്‌ നിസംശയം പറയാം.
ജനകോടികളുടെ ആത്മീയാചാര്യൻ നടത്തിയ ഇപ്പോഴത്തെയും സമാനവുമായ വെളിപ്പെടുത്തലുകൾ ഓരോന്നും മനുഷ്യരാശി നേരിടുന്ന പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭവനരാഹിത്യം, രോഗപീഢകൾ എന്നിവ ഓരോന്നിനും കാരണം മനുഷ്യന്റെതന്നെ തിന്മകളാണെന്ന്‌ നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ആ തിന്മകളുടെ ഭരണം അനുഭവിക്കുന്നവർക്ക്‌ ആശ്വാസം പകർന്നുനൽകിയേക്കാം. അത്‌ അത്തരം അവസ്ഥയ്ക്ക്‌ സ്ഥായിയായ പരിഹാരമാകുന്നില്ല. എന്നിരിക്കിലും നിലനിൽക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ മദർ തെരേസയേയും അവരുടെ ജീവിതത്തേയും ഉദാത്ത മാതൃകയായി നിലനിർത്തുന്നു.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: