Pages

Tuesday, September 13, 2016

BALI PERUNAL IN BIBLE AND QURAN

മിതത്വത്തിന്റെ ബലിപെരുന്നാള്

ഖദീജാ മുംതാസ് 
പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസ്ഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്കു ദഹനബലിയായി അര്‍പ്പിക്കണം. അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് ഇസ്ഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍ തന്നെ എടുത്തു. ഇസ്ഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ!... തീയും വിറകുമുണ്ടല്ലോ. എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അവന്‍ മറുപടി പറഞ്ഞു, ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെ തരും.
 അബ്രാഹം ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ച് ഇസ്ഹാക്കിനെ ബന്ധിച്ച് വിറകിനുമീതെ കിടത്തി. വാളു കൈയിലെടുത്തു. തല്‍ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നുംചെയ്യരുത്. നീ ദൈവത്തെ ‘ഭയപ്പെടുന്നു എന്നുറപ്പായി. അബ്രാഹം തല പൊക്കി നോക്കിയപ്പോള്‍ തന്റെ പിന്നില്‍ മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടനാടിനെ കണ്ടു. അവന്‍ അതിനെ മകനുപകരം ബലിയര്‍പ്പിച്ചു.
(പഴയനിയമം– ഉല്‍പ്പത്തി 22: 4–13)
“... എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ടു നോക്കൂ. നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അതു താങ്കള്‍ ചെയ്തുകൊള്ളുക.
.. അങ്ങനെ അവരിരുവരും കീഴ്പ്പെടുകയും അവനെ നെറ്റിമേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം. നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ ഇബ്രാഹിം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. (ഖുര്‍ആന്‍– അധ്യായം 37:102–106)
അബ്രാഹം (ഇബ്രാഹിം) സെമറ്റിക് മതവിശ്വാസികളുടെയെല്ലാം പൂര്‍വപിതാവാണ്. ഗോഷെര്‍മരം കൊണ്ടു പെട്ടകമുണ്ടാക്കി മഹാപ്രളയത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെമാത്രം രക്ഷിക്കാന്‍ നിയുക്തനായ നോഹയുടെ പുത്രന്‍ ഷേമിന്റെ വംശാവലിയില്‍ പിറന്നവന്‍. “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും’ എന്നു ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവന്‍. ഇസ്ഹാക്ക് അവന് സാറയില്‍ പിറന്നവന്‍. ജൂതരുടെയും ക്രിസ്ത്യാനികളുടെയും പൂര്‍വപിതാവ്. ഇബ്രാഹിമിന് മിസ്റി (ഈജിപ്ഷ്യന്‍) അടിമപ്പെണ്ണ് ഹാജറയില്‍ (ഹെഗാര്‍) പിറന്ന ഇസ്മായില്‍ അറേബ്യന്‍ മണ്ണില്‍ പടര്‍ന്നുപന്തലിച്ച വംശാവലിയുടെ പിതാവ്. ബലിസങ്കല്‍പ്പം അതിനാല്‍ ഈ മൂന്നു മതസ്ഥരുടേതുമാണ്. ഖുര്‍ആനില്‍ ഇസ്ഹാക്കിനുപകരം ഇസ്മായില്‍ ആകുന്നു ബലിക്കു തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്നുമാത്രം.
ഇബ്രാഹിമിനെ മുസ്ളിങ്ങള്‍ മുഹമ്മദ് നബിയോളം പ്രാധാന്യം കൊടുത്താദരിക്കുന്നുണ്ട്. അവരെ പ്രാചീന സെമറ്റിക് സംസ്കാരവുമായി, അതിന്റെ അഭിമാനങ്ങളുമായി കണ്ണിചേര്‍ക്കുന്നവനാണല്ലോ ഇബ്രാഹിം. പുണ്യനഗര തീര്‍ഥാടനവുമായി (ഹജ്ജ്) ഈ വിശ്വാസം ബന്ധപ്പെട്ടുകിടക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വന്തം ജനിതകം തേടി മക്കയിലെത്തിയ ഇബ്രാഹിമാണ് കുമാരനായ ഇസ്മായിലുമൊത്ത് മക്കയിലെ പുരാതന കഅ്ബപ്പള്ളിയെ പുതുക്കിപ്പണിതത്.ദൈവം ആദിമ മനുഷ്യസങ്കല്‍പ്പമനുസരിച്ച് അവന്റെ എല്ലാ ഭൌതികകാര്യങ്ങളിലും നേരിട്ടിടപെടുന്നവനും തനിക്കായി അര്‍പ്പിക്കുന്ന ദഹനബലികളില്‍ അഭിരമിക്കുന്നവനും വംശശുദ്ധിക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ അജയ്യരായി തുടരാനുമായി ജനതകളെ ക്രൂരമായി ഉന്മൂലനംചെയ്യുന്നതില്‍ പാപം കണ്ടെത്താത്തവനുമായിരുന്നു. ക്ഷിപ്രകോപി. മഹാശിക്ഷകന്‍!
നൂറ്റാണ്ടുകളിലൂടെ, ഒരു സഹസ്രാബ്ദത്തിലൂടെത്തന്നെ മനുഷ്യന്‍ സാവകാശം പരിഷ്കൃതനായി വന്നുതുടങ്ങിയപ്പോള്‍ അവന്റെ ദൈവവും കൂടുതല്‍ കൂടുതല്‍ സൌമ്യപ്രകൃതിയായി. പഴയ നിയമത്തില്‍ പ്രതിപാദിക്കപ്പെടുന്ന അതിക്രൂരമായ വംശീയശുദ്ധീകരണപ്രക്രിയകളെ അപലപിക്കുന്നവരായി മനുഷ്യസമുദായത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ പിന്നീടുവന്ന പ്രവാചകശ്രേഷ്ഠന്മാര്‍ വഴികാട്ടികളായി. ക്രിസ്തുവും മുഹമ്മദും അവരില്‍ എണ്ണപ്പെട്ടവരായി. ബലിയല്ല, കരുണയാണ് എനിക്ക് വേണ്ടതെന്ന് യേശുവിലൂടെ യഹോവ പറയുന്നു. ബലിയല്ലല്ലോ, ബലി നിഷേധമല്ലേ ദൈവം വാസ്തവത്തില്‍ ഉദ്ദേശിച്ചത് എന്നു ചിന്തിച്ചു തുടങ്ങാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഈ മനഃസംസ്കരണം തന്നെ. ബലിയറുക്കാന്‍ മകനെ കൊണ്ടുപോകുമ്പോള്‍ അവനെ പ്രസവിച്ച മാതാവിന്റെ ഹൃദയവികാരമെന്തായിരുന്നിരിക്കും എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും അതുതന്നെ.
പഴയ നിയമത്തില്‍ സ്വയം ദഹിപ്പിക്കപ്പെടാനുള്ള വിറക് സത്യമറിയാതെ ചുമന്നുകയറുകയാണ് നിഷ്കളങ്കനായ ഇസ്ഹാക്ക്. ക്രൂരതയും വഞ്ചനയും സ്വാര്‍ഥതയും ആരോപിക്കാവുന്ന പിതൃ നിശ്ചയത്തിന്റെ ഇരയാകേണ്ടിയിരുന്നവന്‍. ഇസ്മയിലിന്റെ കഥയില്‍ അവന്‍ തിരിച്ചറിവായവനാണ്. അറിഞ്ഞുകൊണ്ട് പിതാവിന് സമ്മതം കൊടുക്കുന്നവനാണ്. കാലത്തിലൂടെ കടന്നുവരുമ്പോള്‍ മനുഷ്യചിന്തയ്ക്കും ‘ഭാവനകള്‍ക്കുമുണ്ടാകുന്ന സംസ്കരണമായിരിക്കാം കാരണം. തലമുറകളിലൂടെ, സാംസ്കാരിക വൈവിധ്യങ്ങളിലൂടെ, പ്രാദേശിക വൈവിധ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മിത്തുകള്‍ക്ക് മൊഴിമാറ്റങ്ങള്‍ വരുന്നു. ചിലപ്പോള്‍ വ്യക്തികള്‍തന്നെ മാറിപ്പോകുന്നു. മുന്നൂറോ അതിലധികമോ പ്രാദേശിക രാമായണപാഠങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ജനവിഭാഗങ്ങളില്‍, സമീപരാജ്യങ്ങളില്‍വരെ നിലനില്‍ക്കുന്നു എന്നത് പോലെത്തന്നെ...
കാനാന്‍ദേശത്തുതന്നെ വസിച്ച് പാരമ്പര്യങ്ങളെ പൊളിച്ചെഴുതിയ യേശു വലിയ വിപ്ളവകാരിയായിരുന്നു. “സാബത്ത് മനുഷ്യനുവേണ്ടിയാണ്. മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല’ എന്നു ധീരനായവന്‍. ഉപമകളിലൂടെയെത്തുന്ന ദൈവവചനങ്ങളെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നവരെ വിഡ്ഢികളെന്നു വിളിച്ചവന്‍. അവന്‍ അതിനാല്‍ത്തന്നെ ക്രൂശിക്കപ്പെട്ടു.അസംസ്കൃത, യുദ്ധോന്മുഖ വേദപാരമ്പര്യസ്വാധീനവും അറേബ്യന്‍ഗോത്രസംസ്കൃതിയുടെ കാഠിന്യങ്ങളുമുണ്ടായിരുന്നവരിലേക്ക് അയക്കപ്പെട്ടവനായിരുന്നു പ്രവാചകന്‍ മുഹമ്മദ്. അതിസാഹസികമായിരുന്നു ആ പ്രവാചകജീവിതവും. ആ മതത്തിലെ ഇന്നും ബാക്കിനില്‍ക്കുന്ന കാര്‍ക്കശ്യങ്ങള്‍ ഈ പാരമ്പര്യങ്ങളുടെ ബാക്കിപത്രങ്ങള്‍. ഉപമകളുടെ പ്രസക്തിയെപ്പറ്റി ഖുര്‍ആനും പ്രവാചകനും ഉദ്ബോധിപ്പിക്കുന്നുണ്ടുതാനും.
വിശ്വാസകാഠിന്യംകൊണ്ട് സ്വപുത്രനെ വധിക്കാനൊരുങ്ങുന്ന ഒരു പുതുകാലവിശ്വാസിയെ മാനവസംസ്കൃതിക്ക് ഇന്നു താങ്ങാനാകുമോ? ഇല്ലെന്നുറപ്പല്ലേ. അപ്പോള്‍ അബ്രഹാമിന്റെ ബലിസന്നദ്ധതയെ സംസ്കൃതമനുഷ്യന്‍ എങ്ങനെയാണു സമീപിക്കേണ്ടത്? ആ ജീവിതം വാസ്തവത്തില്‍ ഇളകാത്ത വിശ്വാസത്തിന്റെ പ്രതീകവല്‍ക്കരണമാണ്. ഏതു വേദനയിലും ‘ഭൌതികനഷ്ടങ്ങളിലും ജീവിതപരീക്ഷണങ്ങളിലും അചഞ്ചലമായി നില്‍ക്കുന്ന ദൈവകാരുണ്യത്തിലുള്ള വിശ്വാസം. അത്ഭുതകരമായ രീതിയില്‍ അത് ദുഃഖങ്ങളെയും പീഡകളെയും നീക്കിക്കളയുന്ന അനുഭവം. അത്യന്തം കഠിനതരങ്ങളായ അനുഭവങ്ങളെ അതിജീവിച്ച് മനുഷ്യസമൂഹം ഇത്രകാലം, ഇത്രദൂരം സഞ്ചരിച്ചെത്തിയതും അബോധത്തിലെങ്കിലും വര്‍ത്തിക്കുന്ന ഈ വിശ്വാസത്തിന്റെ ബലത്തില്‍ കൂടിയല്ലേ? അദൃശ്യമായി മുറുകെപ്പിടിക്കാവുന്ന ഒരു കൈവിരല്‍ത്തുമ്പിന്റെ സാന്നിധ്യമറിയുന്നവരല്ലേ മനുഷ്യരിലധികംപേരും? 
ബലി എന്നാല്‍ ത്യാഗംകൂടിയാണ്. ത്യാഗമെന്നാല്‍ കരുണ, ദാനം. ബലി കരുണയും ത്യാഗവുമാണെങ്കില്‍ മാനവികസംസ്കരണംതന്നെയാണത് ലക്ഷ്യമാക്കുന്നതും.
ഹജ്ജ് ദിനത്തില്‍ ലോകത്തിലെ വിവിധ സംസ്കാരങ്ങളുടെ പരിച്ഛേദം മക്കയിലെ അറഫയിലൊത്തുകൂടുന്നു. കറുത്തവനും വെളുത്തവനും ബ്രൌണ്‍നിറക്കാരനും കോടീശ്വരനും ദരിദ്രനും എല്ലാം. അമ്പരപ്പിക്കുന്ന സാംസ്കാരികവൈവിധ്യങ്ങളുടെ സംഗമം. ആ മഹാസംഗമപ്പിറ്റേന്നാണ് വലിയ പെരുന്നാള്‍. സാംസ്കാരികവൈവിധ്യങ്ങള്‍ മറന്ന് ലോകത്തെമ്പാടും മനുഷ്യര്‍ സൌഹൃദങ്ങളും ആത്മബന്ധങ്ങളും പുതുക്കേണ്ട ദിനം. സെമറ്റിക് മതവിശ്വാസികളെല്ലാം പരസ്പരം വിശ്വാസസഹോദരങ്ങളായിരിക്കുമ്പോള്‍, ഇവിടെയുള്ള വ്യത്യസ്ത, മത, സംസ്കാരങ്ങളില്‍ പെട്ടവരെല്ലാം ഇന്ത്യന്‍ മുസ്ളിമിന്റെ ജനിതകസഹോദരങ്ങളുമാണ്. പിറകോട്ട് തിരക്കിപ്പോയാല്‍ ഏതു വര്‍ണ–അവര്‍ണ സമൂഹങ്ങളിലൊക്കെയായിരിക്കും ഇന്ത്യന്‍ മുസ്ളിമിന്റെ ജനിതക കണികകള്‍ ചിതറിക്കിടക്കുന്നുണ്ടാകുക!
ആഘോഷദിനങ്ങളില്‍ അതുകൊണ്ട് നമുക്കു വിരുന്നൊരുക്കാം. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഊട്ടാം. ബന്ധങ്ങള്‍ പുതുക്കാം. ഇല്ലാത്തവന്റെ വിശപ്പകറ്റാം.  മാംസഭുക്കുകളാണ് അതിഥികളും ആതിഥേയരുമെങ്കില്‍ വിരുന്നുകളില്‍ അതിന്റെ സാന്നിധ്യവുമാകാം. അതിനപ്പുറം ജീവബലിദാനം പുണ്യമാകേണ്ടതുണ്ടോ? ജീവന്‍ മൃഗങ്ങളുടേതുതന്നെയായാലും? ബക്രീദിന് ബലിയര്‍പ്പിക്കാനൊരുക്കിനിര്‍ത്തിയ കാലിക്കൂട്ടങ്ങളുടെ പൊലിമ കാട്ടി ഊറ്റം കൊള്ളുമ്പോള്‍ അത് അമാനവികമാകുന്നില്ലേ? ചോരയും മാംസവും അതിരില്ലാത്ത ആഹ്ളാദത്തിമിര്‍പ്പുകളും സംസ്കൃതമായ വിശ്വാസത്തിന്റെ ലക്ഷണങ്ങളല്ല. ശരിയായ വിശ്വാസികളില്‍ അതു വേദനയും ആത്മനിന്ദയുമാണുണ്ടാക്കുക.
ഒരു പ്രതീകാത്മകപ്രതിഷേധമായിരുന്നു കഴിഞ്ഞവര്‍ഷം ഇന്ത്യയിലങ്ങോളമിങ്ങോളം അരങ്ങേറിയ ബീഫ് ഫെസ്റ്റുകള്‍. സാംസ്കാരികവൈവിധ്യത്തെ, ‘ക്ഷണവൈവിധ്യത്തെ സംരക്ഷിക്കുമെന്ന ഉച്ഛൈസ്തരപ്രഖ്യാപനം. അധഃസ്ഥിതന്റെ ഭക്ഷണപ്പാത്രത്തില്‍ വരെ നിയന്ത്രണത്തിന്റെ ചാരക്കണ്ണേര്‍പ്പെടുത്തുന്ന ഫാസിസ്റ്റ്മുഷ്ക്കിനെതിരെയുയര്‍ന്ന സിംബോളിക് പ്രതിരോധം. അതിന്റെ പ്രസക്തിയും അതുവരെ മാത്രം.മിതത്വം നിഷ്കര്‍ഷിക്കുന്നുണ്ട് പ്രവാചകന്‍. അമിതമാകരുത് ഒന്നിലും എന്നുണര്‍ത്തുന്നു ഖുര്‍ആന്‍ വചനങ്ങള്‍. ‘ഭക്തിയിലും ആഘോഷങ്ങളിലും എന്തിന് ദാനധര്‍മങ്ങളില്‍പ്പോലും!സ്പര്‍ധയുടെ കാലുഷ്യമില്ലാത്ത, പ്രകോപനത്തിന്റെ തീക്കനലുകളില്ലാത്ത, സൌഹാര്‍ദപൂര്‍ണമായ മിതത്വത്തിന്റെ പെരുന്നാളാകട്ടെ എല്ലാവരുടേതും. 
ഹൃദയം നിറഞ്ഞ ആശംസകള്‍ ഏവര്‍ക്കും!
Prof. John Kurakar


No comments: