Pages

Monday, July 25, 2016

NEIL ARMSTRONG BECOME THE FIRST TO STE3P ON TO LUNAR SURFACE

ജൂലൈ -21 നീല്ആംസ്ട്രോങ് ചന്ദ്രനില്കാലുകുത്തിയ  ദിനം
Apollo 11 was the first spaceflight that landed humans on the Moon. Americans Neil Armstrong and Buzz Aldrin landed onJuly 20, 1969, at 20:18 UTC. Armstrong became the first to step onto the lunar surface six hours later on July 21 at 02:56:15 UTC; Aldrin joined him about 20 minutes later.
ജൂലൈ 21,  1969 ലെ ഈ ദിനത്തിലായിരുന്നു നീല്‍ ആംസ്‌ട്രോങ് എന്ന അമേരിക്കക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായിരുന്നു അത്. അതുകൊണ്ടാണ്, ചാന്ദ്രപ്രതലത്തിലിറങ്ങിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ‘മനുഷ്യനെ സംബന്ധിച്ചിടത്തോളം കേവലം ഒരു ചെറിയ കാല്‍വെപ്പ്. മനുഷ്യരാശിക്കോ വലിയ കുതിച്ചുചാട്ടവും’.
അക്ഷരാര്‍ഥത്തില്‍തന്നെ ആ വാക്കുകള്‍ യാഥാര്‍ഥ്യമായി. ആംസ്‌ട്രോങ്ങിനുശേഷം രണ്ടുവര്‍ഷത്തിനകം മറ്റു 11 പേര്‍കൂടി ചന്ദ്രനിലിറങ്ങി. മാത്രമല്ല, കഴിഞ്ഞ 45 വര്‍ഷത്തിനിടെ നടന്ന ചാന്ദ്രപഠന യാത്രകള്‍ നിരവധിയാണ്. ഭൂമിയുടെ ഉപഗ്രഹത്തെക്കുറിച്ചുള്ള ഒട്ടേറെ പഠനങ്ങളാണ് ഈ കാലത്ത് നടന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ പഠനത്തില്‍ പങ്കാളിയായി. 2008ലെ ചാന്ദ്രയാന്‍ വിക്ഷേപണം ഉദാഹരണം. ഇതിനുപുറമെ, ബഹിരാകാശ പര്യവേക്ഷണ രംഗത്തേക്ക് കൂടുതല്‍ രാജ്യങ്ങള്‍ കടന്നുവരാന്‍ ഇടയാക്കിയത് നീല്‍ ആംസ്‌ട്രോങ്ങിന്റെ ചാന്ദ്രയാത്രയായിരുന്നു. നേരത്തേ, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ മേഖലയിലുണ്ടായിരുന്നത്. ആ സ്ഥിതി മാറി യൂറോപ്പിലേയും ഏഷ്യയിലെയും രാജ്യങ്ങള്‍ ബഹിരാകാശ ഗവേഷണത്തില്‍ വ്യാപൃതരായി. ചുരുക്കത്തില്‍, നീല്‍ ആംസ്‌ട്രോങ് ശാസ്ത്രചരിത്രത്തില്‍ ഒരുപുതുയുഗത്തിന് തുടക്കമിടുകയായിരുന്നു. അതുകൊണ്ടാണ് ഈ ദിനം ചാന്ദ്രദിനമായി ആചരിക്കുന്നത്.
നാസയുടെ അപ്പോളോ വാഹനത്തിലൂടെയാണ് മനുഷ്യര്‍ ചന്ദ്രനിലിറങ്ങിയത്. അപ്പോഴേക്ക് മുന്നോടിയായി നാസ ആവിഷ്‌കരിച്ച രണ്ട് പദ്ധതികളായിരുന്നു സര്‍വേയറും ലൂണാര്‍ ഓര്‍ബിറ്ററും. അപ്പോളോ യാത്രക്കുള്ള മുന്നൊരുക്കങ്ങളാണ് അവ നടത്തിയത്. മറ്റൊരര്‍ഥത്തില്‍, പടിപടിയായാണ് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ദൗത്യം ശാസ്ത്രലോകം സാക്ഷാത്കരിച്ചത്. ആദ്യം കൃത്രിമോപഗ്രഹങ്ങള്‍ മാത്രം അയച്ചു. പിന്നെ, കൃത്രിമോപഗ്രഹങ്ങളില്‍ ചെറു വാഹനങ്ങള്‍ ഘടിപ്പിച്ച് വിക്ഷേപിച്ചു. ആ വാഹനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ മണിക്കൂറുകളോളം ഓടി. തുടര്‍ന്ന്, ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. അതോടൊപ്പം ചന്ദ്രോപരിതലത്തിലെ മൂലകങ്ങളെയും മറ്റും കുറിച്ച് വിശദമായ പഠനം നടത്തി. അങ്ങനെ മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങാനുള്ള സ്ഥലങ്ങള്‍ നിര്‍ണയിച്ചു. ഇത്രയൊക്കെ ചെയ്ത ശേഷമാണ് ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്.
അപ്പോളോ 11 എന്ന ഉപഗ്രഹത്തിലായിരുന്നു ആംസ്‌ട്രോങ്ങിന്റെ യാത്ര. 1969 ജൂലൈ 16നാണ് വാഹനം വിക്ഷേപിച്ചത്. 20ന് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ഈഗ്ള്‍ എന്ന ചാന്ദ്രപേടകത്തില്‍ ചന്ദ്രനിലെ ‘പ്രശാന്ത സമുദ്ര’ത്തിലിറങ്ങി. ഏകദേശം 151 മി. 40 സെക്കന്‍ഡ് വാഹനത്തിനു പുറത്ത് പര്യവേക്ഷണങ്ങള്‍ നടത്തി. ഈ സമയത്ത് മാതൃപേടകത്തില്‍ മൈക്കിള്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണംവെച്ചുകൊണ്ടിരുന്നു. ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍നിന്ന് 21.5 കി.ഗ്രാം പാറകളും ധൂളികളും ശേഖരിച്ച് ഭൂമിയിലത്തെിച്ചു. ഏതാണ്ട് 21.5 മണിക്കൂര്‍ ചന്ദ്രനില്‍ ചെലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.
ലൂണയുടെ വിജയത്തോടെ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ ചാന്ദ്രയാത്രയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. അങ്ങനെയാണ് സര്‍വേയര്‍ ദൗത്യം യാഥാര്‍ഥ്യമാകുന്നത്. സര്‍വേയര്‍1 1966 ജൂണ്‍ രണ്ടിന് ചന്ദ്രനില്‍ ഇറങ്ങി. അതിനുശേഷം വിക്ഷേപിച്ച സര്‍വേയര്‍ 2 പരാജയപ്പെട്ടു. ചന്ദ്രനിലെ കോപ്പര്‍ നിക്കസ് ഗര്‍ത്തത്തില്‍ ഇടിച്ചിറിങ്ങിയ വാഹനം പിന്നെ പ്രവര്‍ത്തിച്ചില്ല. 1967 ഏപ്രിലിനും 1968 ജനുവരിക്കുമിടയില്‍ എട്ട് സര്‍വേയര്‍ വാഹനങ്ങള്‍ വിജയകരമായി ചന്ദ്രനിലിറങ്ങി.
അപ്പോളോ11ന്റെ വിജയത്തിനു ശേഷം അഞ്ച് വാഹനങ്ങള്‍ കൂടി മനുഷ്യനെയും വഹിച്ച് ചന്ദ്രനിലിറങ്ങി. അപ്പോളോ12, 14, 15, 16, 17 എന്നിവയായിരുന്നു അവ. അപ്പോളോ 13 പരാജയപ്പെടുകയും ചെയ്തു. അപ്പോളോ15ല്‍ ബാറ്ററികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന നാലുചക്രമുള്ള ഒരു ജീപ്പുമുണ്ടായിരുന്നു. ആ വാഹനം ചന്ദ്രോപരിതലത്തില്‍കൂടി ഓടി നിരവധി പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. അപ്പോളോ 17നുശേഷം, ഒരു മനുഷ്യനും ഇന്നുവരെ ചന്ദ്രനില്‍ പോയിട്ടില്ല.
അപ്പോളോ യാത്രക്കുശേഷം സോവിയറ്റ് യൂനിയന്‍ ഇതിനായി ചില ശ്രമങ്ങള്നടത്തിനോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. സോവിയറ്റ് യൂനിയന്‍ ലുനോഖോദ് എന്ന പേരില്‍ വിക്ഷേപിച്ച റോബോട്ടിക് നിയന്ത്രിത വാഹനം അതില്‍പെടും. ചാന്ദ്രപ്രതലത്തെ സംബന്ധിച്ച പഠനമായിരുന്നു ലൂനോഖോദിന്റെ മുഖ്യ ലക്ഷ്യമെങ്കിലും ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിന്റെ മുന്നൊരുക്കം എന്ന നിലയിലും ഈ പദ്ധതി ശ്രദ്ധേയമായി. ഇതിനായി, 1968ല്‍ സോവിയറ്റ് യൂനിയനിലെ സിംഫറോപോള്‍ എന്ന സ്ഥലത്ത് ചന്ദ്രോപരിതലത്തോട് സമാനമായ ഒരു പ്രതലം കൃത്രിമമായി നിര്‍മിക്കുകയും അവിടെ നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. വാഹനം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനും പരിഹാരം നിര്‍ദേശിക്കാനും വേണ്ടിയായിരുന്നു ഈ പരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍, ലുനോഖോദ് പദ്ധതി പരാജയപ്പെട്ടു; ബാക്കിയുള്ളവക്ക് അതിന്റെ അന്തിമ ലക്ഷ്യം നിറവേറ്റാനും കഴിഞ്ഞില്ല. എങ്കിലും ചന്ദ്രനെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മമായ പഠനങ്ങള്‍ നടത്തുന്നതിനുള്ള ലക്ഷക്കണക്കിന് വിഡിയോ ചിത്രങ്ങള്‍ ലൂനോഖോദ് ഭൂമിയിലേക്കയച്ചു.
ഇന്ത്യയുടെ ചാന്ദ്രയാന്‍
ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചാന്ദ്രയാന്‍. ചാന്ദ്രയാന്‍ എന്ന പദത്തിന് ചാന്ദ്രപേടകം എന്നാണര്‍ഥം. 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. മനുഷ്യനിയന്ത്രിതമല്ലാത്ത ഈ പേടകത്തിന്റെ മുഖ്യ ലക്ഷ്യം ചന്ദ്രോപരിതലത്തിന്റെ നിരീക്ഷണമായിരുന്നു. പി.എസ്.എല്‍.വി. റോക്കറ്റ് ഇ 11 എന്ന റോക്കറ്റാണ് ചാന്ദ്രയാനെയും വഹിച്ച് കുതിച്ചുയര്‍ന്നത്. നവംബര്‍ എട്ടിന് വാഹനം ചന്ദ്രന്റെ പരിക്രമണപഥത്തില്‍ പ്രവേശിക്കുകയും പഠനനിരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നവംബര്‍ 12ന് ചന്ദ്രോപരിതലത്തിന്റെ 100 കി.മീറ്റര്‍ വരെ അരികിലത്തെിയ ചാന്ദ്രയാന്‍ നവംബര്‍ 14ന്, അതിന്റെ മുഖ്യ പേലോഡായ (നിരീക്ഷണോപകരണം) മൂണ്‍ ഇംപാക്ട് പ്രോബിനെ (എം.ഐ.പി) വാഹനത്തില്‍ നിന്ന് വേര്‍പെടുത്തി ചന്ദ്രനിലിടിച്ചിറക്കി. 29 കി.ഗ്രാം ഭാരമുള്ള എം.ഐ.പി ചന്ദ്രനിലെ ഷാക്ക്ള്‍ടണ്‍ ഗര്‍ത്തത്തില്‍ കൃത്യതയോടെ പതിച്ചു. പതിക്കുന്നതിനിടയില്‍ എം.ഐ.പി എടുത്തയച്ചുതന്ന ദൃശ്യങ്ങള്‍ ചാന്ദ്രപ്രതലത്തെക്കുറിച്ചുളള വിലപ്പെട്ടവിവരങ്ങള്‍ നമുക്ക് നല്‍കി.
രണ്ടു വര്‍ഷം പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഐ.എസ്. ആര്‍.ഒ ഉദ്ദേശിച്ചിരുന്നത്. 312 ദിവസം അത് പ്രവര്‍ത്തിച്ചു. 2009 ഏപ്രിലില്‍ ചാന്ദ്രയാന്റെ ദിശാനിയന്ത്രണ സംവിധാനമായ സ്റ്റാര്‍ സെന്‍സറിന് ചന്ദ്രോപരിതലത്തില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യാതപം മൂലം കേടുപറ്റിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെയാണെങ്കിലും ചന്ദ്രയാന്‍ ഒരു വന്‍വിജയമായിത്തന്നെ വിലയിരുത്തപ്പെടുന്നു. 95 ശതമാനം ലക്ഷ്യങ്ങള്‍ കൈവരിച്ചതായി ഐ.എസ്.ആര്‍.ഒ അവകാശപ്പെടുന്നു.

Prof. John Kurakar


No comments: