ഓര്‍മയും ബുദ്ധിയും
എങ്ങനെ രൂപപ്പെടുന്നു?
ഡോ. ആര് ജയപ്രകാശ്
എന്റെ കുട്ടിക്ക് ഓര്മശേഷി ഇല്ല. എത്രതവണ പഠിച്ചാലും പിന്നീട് ചോദിച്ചാല്‍ അവള് പറയില്ല. ഞാന്‍ എന്തുചെയ്യും?” കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചും അവര്ക്കു ലഭിക്കുന്ന മാര്ക്കിനെക്കുറിച്ചും മാതാപിതാക്കള്‍ ആശങ്കാകുലരാണ്. കുട്ടി പ്ളേ സ്കൂളില്‍ പോയിത്തുടങ്ങുമ്പോള്മുതല്തന്നെ മാതാപിതാക്കളുടെ ആശങ്ക ആരംഭിക്കുന്നുവെന്നതാണ് സത്യം. കുട്ടികളും അവരുടെ ഓര്മശേഷിയെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. “പഠിക്കുന്നതൊന്നും ഓര്മനില്ക്കുന്നില്ല... ചിന്തകള്‍ മാറിപ്പോകുന്നു... എന്ത് ചെയ്യും?... ഓര്മശേഷി വര്ധിപ്പിക്കുന്നതിന് മരുന്നുകള്‍ എന്തെങ്കിലും ഉണ്ടോ?” ഇത്തരം ചോദ്യങ്ങളാണ് ഒരു കൌമാര മാനസികാരോഗ്യ ചര്‍ച്ചകളില്‍ അവര്‍ ഞങ്ങളോടു ചോദിക്കാറുള്ളത്.
കാര്യങ്ങള്‍ മനസ്സില്‍ ശേഖരിച്ചു നിലനിര്ത്തുന്നതിനും പുനരാവര്ത്തിക്കുന്നതിനുമുള്ള ശേഷിയാണ് ഓര്മശേഷി. തലച്ചോറിന്റെ ടെമ്പറല്‍ ലോബില്‍ ഹിപ്പോകാമ്പസ് എന്ന ഭാഗമാണ് ഓര്മശേഷിയെന്ന പ്രക്രിയയെ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും. ഓര്മശേഷിയെയും ബുദ്ധിശേഷിയെയും ഒന്നായി കാണുന്ന പ്രവണത അക്കാദമികരംഗത്ത് പരമ്പരാഗതമായി നിലനില്ക്കുന്നു. ഇത് അശാസ്ത്രീയമാണ്. ഓര്മശേഷി ബുദ്ധിശേഷിയുടെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ ബുദ്ധിശേഷിയെന്നാല് ഓര്മശേഷി മാത്രമല്ല. നിലവിലുള്ള സാധ്യതയും പരിമിതികളും വിലയിരുത്തി, മുന്നിലുള്ള പ്രശ്നത്തെ വിജയകരമായി നേരിടുന്നതിനു ശ്രമിക്കുന്നതിനുള്ള ശേഷിയെ ബുദ്ധിശേഷിയെന്നു പറയുന്നു. ബുദ്ധിശേഷി ഏകശിലാരൂപമായ പ്രതിഭാസമല്ല; മറിച്ച് അതിന് ബഹുമുഖ സ്വഭാവമാണുള്ളത്.
വ്യക്തിത്വത്തെപ്പോലെ ഓര്മശേഷിയെയും ബുദ്ധിശേഷിയെയും രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ജനിതക–ജനിതകേതര ഘടകങ്ങളാണ്. ഓരോ കുട്ടിയും നിശ്ചിത അളവ് ഓര്മശക്തിയും ബുദ്ധിശക്തിയുമായി ജനിക്കുകയല്ല. എന്നാല്‍ ജനിതകമായ ഒരുതലം അതിനുണ്ടാകും. ഇത് ഫലപ്രദമായരീതിയില്‍ പ്രകടമാകുന്ന കാര്യത്തില്‍ ജനിതകേതരമായ ഘടകങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
കുട്ടിയുടെ പഠനരീതിയും പരിസരവും ഓര്മശേഷിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പരീക്ഷയില്‍ ലഭിക്കുന്ന മാര്ക്ക് പ്രധാനമായും കുട്ടിയുടെ ഓര്മശേഷിയെ പ്രതിഫലിപ്പിക്കുന്നു. ഓര്മശേഷിയും ബുദ്ധിശേഷിയും വര്ധിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ ആവശ്യമാണ്.
ഓര്മശേഷി വര്ധിപ്പിക്കുന്നതിന് നിലവില്‍ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ നമുക്ക് ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. നിലവില്‍ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്ക്കൊന്നും ഓര്മശേഷി വര്ധിപ്പിക്കുന്നതിന് കഴിയുകയില്ല. ബ്രഹ്മിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
കുട്ടിയുടെ പഠനരീതി, കുടുബം, സ്കൂള്‍, മാധ്യമം എന്നിവയാണ് വര്ത്തമാനകാലത്ത് കുട്ടിയുടെ ഓര്മശേഷി നിര്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. കുട്ടിയുടെ പഠനരീതി നിര്ണായകമാണ്. പഠനത്തിന് കുട്ടി ചെലവഴിക്കുന്ന സമയം, പ്രത്യേക പഠനമുറി/പഠനമൂല, ടൈംടേബിള്‍, വിഷയങ്ങള്ക്ക് മുന്ഗണനാക്രമം നിശ്ചയിക്കല്‍, സ്കൂളില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ അന്നുതന്നെ വായിക്കുക, വായനയോടൊപ്പം ചെറിയ കുറിപ്പ് തയ്യാറാക്കുക, പ്രയാസമേറിയ വിഷയങ്ങള്‍ സ്വയം വിലയിരുത്തി അവയ്ക്ക് പ്രത്യേക ശ്രദ്ധ നല്കുക, ദിനചര്യ, പഠനപാഠ്യേതരമായ ചിട്ടയുംശീലങ്ങളും എന്നിവയാണവ.
മാതാപിതാക്കളുടെ വിദ്യാഭ്യാസം, അവര്‍ അവലംബിക്കുന്ന ശിശുപരിപാലന രീതി, കുട്ടിയുടെ പഠനബോധന പ്രക്രിയയില്‍ ആരംഭഘട്ടംമുതല്‍ അമ്മ പുലര്ത്തുന്ന രീതി തുടങ്ങിയവ കുട്ടിയുടെ വ്യക്തിത്വത്തെയും ഓര്മശേഷിയെയും ബുദ്ധിശേഷിയെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഭാവിയില്കുട്ടി ഉപയോഗിക്കുന്ന പഠനരീതി രൂപപ്പെടുന്നത് പ്രധാനമായും കുട്ടിക്കാലത്ത് അമ്മയില്നിന്നു ലഭിച്ച പഠന അനുഭവങ്ങളില്നിന്നാണ്.
കുടുബത്തില്‍ കുട്ടിക്ക് പഠന അനുകൂല ശിശുസൌഹൃദ അന്തരീക്ഷം ഒരുക്കുക എന്നതാണ് കുടുബത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ ഓരോ പ്രവൃത്തിയെയും കുട്ടിയുടെ പഠനപ്രവര്ത്തനങ്ങള്ക്ക് സഹായകരമാണോ എന്ന് ചിന്തിക്കുക. നിശ്ചിത സമയത്തിനുശേഷം കുട്ടിയുമായി പഠിച്ച വിഷയങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യുന്നത് കുട്ടിയുടെ ഓര്മശേഷിയും വിശകലനശേഷിയും വര്ധിപ്പിക്കുന്നതാണ്. എന്നാല്‍ പഠിച്ചതെല്ലാം കാണാതെ പറയിപ്പിക്കുന്നതിനു ശ്രമിച്ച് കുട്ടിയെ അവഹേളിക്കുന്നത് വിപരീതഫലം ഉളവാക്കും.
വീട്ടില്‍ കുട്ടിയുടെ നിശ്ചിത പഠനസമയത്ത് ടിവി പ്രവര്ത്തിപ്പിക്കുന്നത് അവരുടെ ശ്രദ്ധാശേഷി കുറയ്ക്കുന്നതിനു കാരണമാകും. വായിക്കുമ്പോഴും അവരുടെ ശ്രദ്ധ ടിവിയിലാകും. ഇതു പഠിത്തത്തെ ബാധിക്കും. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളെ ഓര്ക്കുക. ശ്രദ്ധക്കുറവാണ് അവരില്‍ പഠനപ്രശ്നം ഉണ്ടാക്കുന്നത്.
നിശ്ചിതസമയത്തെ പഠനത്തിനുശേഷം കുടുംബാംഗങ്ങളുമായി കുറച്ചുസമയം ചെലവഴിക്കുന്നതുവഴി അവരുമായുള്ള വൈകാരികബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പഠനവുമായി ബന്ധപ്പെട്ട ഉല്ക്കണ്ഠ ലഘൂകരിക്കുന്നതിനും കഴിയും.
സ്കൂളില്നിന്നു ലഭിക്കുന്ന ദൈനംദിന പ്രോത്സാഹനം കുട്ടിയുടെ പഠനശേഷിയും ഓര്മശേഷിയും വര്ധിപ്പിക്കുന്നതാണ്. ഇത് മുമ്പിലിരിക്കുന്ന ഏതാനും കുട്ടികള്ക്കു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്നത്തെ പ്രശ്നം.
ഓര്മശേഷി, ബുദ്ധിശേഷി, പഠനരീതി എന്നിവ കുട്ടിയുടെ വളര്ച്ചാഘട്ട വ്യക്തിത്വ സവിശേഷതകള്‍, സ്വഭാവവൈകാരിക പ്രശ്നങ്ങള്‍, ശാരീരികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതുകൂടി വിലയിരുത്തി മാത്രമേ കുട്ടിയെ സംബന്ധിച്ച യഥാര്‍ഥ നിലപാടില്‍ എത്തിച്ചേരാന്‍ പാടുള്ളൂ. കൌമാരക്കാരെ സംബന്ധിച്ച് ഇത് വളരെ നിര്ണായകമാണ്.
jayaprakashdr@yahoo.com- (തിരുവനന്തപുരം മെഡി. കോളേജ് എസ്എടി ആശുപത്രിയില്‍ അഡീഷണല്‍ പ്രൊഫസര്‍ ഓഫ് പീഡിയാട്രിക്സും ചൈല്ഡ്
സൈക്യാട്രിസ്റ്റുമാണ് ലേഖകന്‍)
Prof. John Kurakar
No comments:
Post a Comment