ഈദ് ആശംസകൾ
വ്രതവിശുദ്ധിയില്‍ ചാലിച്ച ശിക്ഷണത്തിന്റെ പകലിരവുകള്ക്കു വിട. മാനത്ത് ശവ്വാലമ്പളി ദൃശ്യമായതോടെ വിശ്വാസികളുടെ മനസ്സകങ്ങളില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ പൊന്നമ്പിളി. റമദാന്‍ 30 പൂര്ത്തീകരിച്ചതിന്റെ നിറവില്‍ സംസ്ഥാനത്തെങ്ങും ഇന്ന് ഈദുല്‍ ഫിത്വ ്ര്‍. ഒമാന്‍ ഒഴികെയുള്ള വിവിധ ജി സി സി രാജ്യങ്ങളിലും ഇന്നാണ് ഫിത്വ ്ര്‍ പെരുന്നാള്‍.
സ്രഷ്ടാവിന്റെ പ്രീതിക്കായി പകലുകളില്‍ അന്നപാനീയങ്ങളുപേക്ഷിച്ച് പ്രാര്ത്ഥനാനിരതരായ വിശ്വാസികളുടെ ഹൃദയങ്ങളിലും ചുണ്ടിലും ഈണത്തില്‍ ദൈവകീര്‍ത്തനങ്ങള്‍ ഉയരുന്നു. ”ദൈവം അത്യുന്നതന്‍…അവനല്ലാതെ ആരാധനയ്ക്കര്‍ഹനില്ല…അവനത്രെ സര്‍വ സ്തുതികീര്ത്തനങ്ങളും…(അല്ലാഹു അക്ബര്‍….വലില്ലാഹില്‍ ഹംദ്). സംസ്കൃത മനസ്സുകള്ക്കിത് ആഹ്ലാദസുദിനം. ലോകര്ക്ക് നിര്വൃതിയും.
ഒരു മാസക്കാലത്തെ ഉപവാസത്തിനുശേഷം ലോകമുസ്ലിംകള്ക്ക് ആഹ്ലാദിക്കാനും ആഘോഷിക്കാനുമായി സ്രഷ്ടാവ് അനുവദിച്ച ധന്യമുഹൂര്ത്തം. അതിരാവിലെ കുളിച്ച് സുഗന്ധം പൂശി, പുതുപുത്തന്‍ പുടവയണിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്പ്പെടെ ആബാലവൃദ്ധം ജനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഈദ്ഗാഹുകളിലേക്ക്, മസ്ജിദുകളിലേക്ക് അത്യാഹ്ലാദപൂര്വ്വം തക്ബീര്ധ്വനികളുമായി നടന്നുനീങ്ങും. സ്ത്രീ പുരുഷനെന്നോ വലിപ്പ ചെറുപ്പ വ്യത്യാസമോ കൂടാതെ, ധനിക-ദരിദ്ര വിവേചനമില്ലാതെ, വര്‍ഗ വര്‍ണ വൈരങ്ങളേതുമില്ലാതെ, വിശ്വമാനവികതയുടെ സന്ദേശവുമായി മനംനിറയെ സന്തോഷവുമായി അവര്‍ സമ്മേളിക്കുകയായി. കാലാവസ്ഥ പ്രതികൂലമായാല്‍ മിക്ക സ്ഥലങ്ങളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ ഈദ്ഗാഹുകളില് നിന്ന് പള്ളികളിലേക്കു മാറ്റും.
തലേദിവസം തന്നെ ഫിത്വ ്ര്‍ സകാത്ത് വിതരണം പൂര്ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദ് പ്രാര്ത്ഥനാ കേന്ദ്രങ്ങളില്‍ സമ്മേളിക്കുക. വിശപ്പിന്റെ വിളിയാളവും പട്ടിണിയുടെ പാരവശ്യവുമറിഞ്ഞ വിശ്വാസികള്ക്കുള്ള നിര്ബന്ധിത ബാധ്യതയാണിത്. പെരുന്നാള്‍ ദിനം ഒരാള്പോലും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ, ഉള്ളവനും ഇല്ലാത്തവനുമെല്ലാം വിരുന്നൊരുക്കാണിത്. അന്തരീക്ഷമെങ്ങും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്. നാടും നഗരവുമെല്ലാം പെരുന്നാള്‍ ആഘോഷത്തിമര്‍പ്പിലാണ്.
പരിസരം മറന്ന്, അതിരുവിട്ട ആഘോഷമല്ല ഈദ്; വ്രതം സമ്മാനിച്ച അച്ചടക്കത്തിന്റെ ശീലുകള്‍ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയോടെ. നമസ്കാരശേഷം അവര്‍ പരസ്പരം ആശ്ലേഷിക്കും. ആഘോഷത്തിന്റെ ആഹ്ലാദനിമിഷങ്ങളിലും ലോകത്ത് ശാന്തിക്കും സമാധാനത്തിനുമായി കേഴുന്ന ജനപദങ്ങളെ, അശരണരെ, അഭയാര്ത്ഥികളുടെ നീതിക്കായി അവര്‍ മനസ്സറിഞ്ഞ് കൈ ഉയര്ത്തും. രോഗികള്‍, വൃദ്ധകള്‍ എന്നിവരെ സന്ദര്ശിക്കാനും കുടുംബബന്ധം ചേര്ക്കാനും ഗൃഹ-സുഹൃദ്സന്ദര്ശനത്തിനും സ്നേഹവിരുന്നുകള്ക്കും മറ്റും സമയം കണ്ടെത്തുന്നു. അങ്ങനെ മംഗളാശംസകള്‍ കൊണ്ടും കൊടുത്തും സ്നേഹബന്ധം പുതുക്കുകയാണ്. റമദാനില്‍ നേടിയെടുത്ത ആത്മീയചൈതന്യം വരുംകാല ജീവിതത്തില്‍ നിഴലിച്ചുനില്ക്കുമെന്ന തിരിച്ചറിവോടെ. സ്വന്തത്തിനുവേണ്ടി, ഒപ്പം സഹൃദയര്ക്കുവേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുകയാണ്. ദുരിതവും ദുരന്തവും പിടികൂടാത്ത ഒരു നല്ല നാളേയ്ക്കുവേണ്ടി.
ഒരായിരം നിറവുള്ള നന്മയുടെ പുണ്യ റമദാനെ വേദനയോടെയാണവര് യാത്രയാക്കിയത്. ഇനി നടന്നുതേഞ്ഞ പഴയ കാല്പാദങ്ങളുമായി ഒരു പുതുജീവിതം. അല്ല, ഒരു പുതിയ തുരുത്തിലേക്ക്. വാക്കുകള്ക്കും നോട്ടങ്ങള്ക്കും പ്രവൃത്തികള്ക്കുമെല്ലാം കടിഞ്ഞാണിട്ട പവിത്രനാളുകള്ക്കു ജീവിതം സാക്ഷ്യംവഹിക്കുമെന്ന ഉള്വിളികളോടെ. ചുറ്റിലും തണല്‍ തേടുന്നവര്‍ ഒത്തിരിയുണ്ട്. ഉണ്ണാനും ഉടുക്കാനുമില്ലാതെ തെരുവില്‍ അലയുകയാണവര്‍. ജീവിതം രണ്ടറ്റവുമെത്തിക്കാനാവാതെ പാടുപെടുന്നവന്റെ ജീവിത വിശേഷങ്ങളാരായുകയാണ്. ആഹ്ലാദനിമിഷം പങ്കുവെക്കാന്‍ പലതുകൊണ്ടും കൂട്ടിനില്ലാതെ പോയവരെക്കുറിച്ച് സ്മരിക്കുകയായി. ”അല്ലാഹു അക്ബര്‍…..വലില്ലാഹില്‍ ഹംദ്”
തിന്മയെ പ്രതിരോധിക്കാന്‍ മനുഷ്യരാശിയെ സജ്ജമാക്കുകയായിരുന്നു നോമ്പ്. ഒരു മാസത്തെ ജീവതചിട്ടകള് വരും നാളുകള്ക്ക് കരുത്തും തുണയുമാകണം. പോയകാലത്തെ പ്രവര്‍ത്തനവൈകല്യങ്ങള്‍ തിരുത്താനും വരും നാളുകള്‍ ചൈതന്യപൂര്‍ണമാക്കാനും വീണ്ടുവിചാരം കോറിയിടുകയായിരുന്നു നോമ്പ്. വിശ്വാസത്തിന്റെ കരുത്തും ഭക്തിയുടെ കവചവും മുതല്ക്കൂട്ടാക്കി വിശുദ്ധിയുടെ തീരങ്ങളിലേക്ക,് ത്യാഗസന്നദ്ധതയുടെ-സമര്പ്പണത്തിന്റെ പാതയിലൂടെ വഴിനടക്കുകയാണ്. ഒപ്പം ആദര്ശബന്ധവും പുതുക്കുന്നു. ”അല്ലാഹു അക്ബര്‍…..വലില്ലാഹില്‍ ഹംദ്”
Prof. John Kurakar
No comments:
Post a Comment