Pages

Wednesday, July 6, 2016

ഇസ്‌ലാമിന്റെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കണം

ഇസ്ലാമിന്റെ സമാധാന സന്ദേശം ഉയര്ത്തിപ്പിടിക്കണം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്

സങ്കുചിത ലക്ഷ്യങ്ങള്‍ക്കു വേണ്ടി മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഭീകര, വര്‍ഗീയ, വിധ്വംസക സംഘങ്ങളെ ഒറ്റപ്പെടുത്താനും ഏതുപ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമിന്റെ സമാധാന സന്ദേശം നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കാനും ഓരോ വിശ്വാസിയും ഈ പെരുന്നാള്‍ ദിനത്തില്‍ ദൃഢനിശ്ചയം ചെയ്യണം. ഭീകരവാദവും വര്‍ഗീയതയും ഇസ്‌ലാമിനു വിരുദ്ധമാണ്. മനുഷ്യകുലത്തിന്റെ വേരറുക്കുന്ന ആ വിപത്തിനെ മതത്തിന്റെ തണലില്‍ വളരാന്‍ അനുവദിച്ചുകൂടാ. സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശ വാഹകനായി മാനവ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ പവിത്രഭൂമിയില്‍ പോലും രക്തചൊരിച്ചിലിന് ഒരുമ്പെട്ടിറങ്ങുന്നവര്‍ ഏത് ഇസ്‌ലാമിന്റെ പേരിലാണ് കൊലവിളി ഉയര്‍ത്തുന്നത്. ഭീകരവാദം ഇസ്‌ലാമിന്റെ മാര്‍ഗമല്ലെന്നും ഇതിന് നേതൃത്വം നല്‍കുന്നവരുടെ ലക്ഷ്യം ഇസ്‌ലാമിനെ വളര്‍ത്തലല്ലെന്നുമുള്ളതിന് ആരാധനാവേളയില്‍ മസ്ജിദുന്നബവിക്ക് സമീപത്തുപോലും നടന്ന സ്‌ഫോടനം തെളിവാണ്. ജീവിതത്തില്‍ എന്ത് കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നാലും നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കാനും സത്യമാര്‍ഗം മുറുകെ പിടിക്കാനും വിശ്വാസികള്‍ സന്നദ്ധമാകണം.
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത സര്‍വ നന്മകളും ജീവിതമുടനീളം കാത്തുസൂക്ഷിക്കണം. മനസ്സറിഞ്ഞു നോമ്പനുഷ്ഠിച്ചവര്‍ മനുഷ്യന്റെ വേദനയും അടിസ്ഥാനാവശ്യങ്ങളും എന്താണെന്ന് തൊട്ടറിഞ്ഞിട്ടുണ്ട്. അന്നപാനീയങ്ങള്‍ വെടിഞ്ഞവരെല്ലാം വിശപ്പും ദാഹവും തിരിച്ചറിഞ്ഞു. ലോകത്തിന്റെ വലിയ പ്രശ്‌നങ്ങളിലൊന്ന് വിശപ്പ് തന്നെയാണ്. വിഭവസമൃദ്ധമായ സദ്യകളില്‍ മുഴുകുന്നവര്‍ക്ക് പട്ടിണികിടക്കുന്നവരെ കുറിച്ച് ഓര്‍മ്മിക്കാന്‍ റമസാന്‍ പകലുകള്‍ തെല്ലെങ്കിലും സഹായകമായിട്ടുണ്ടാവും.
ഓരോ വ്യക്തിയും ദൈവ മാര്‍ഗത്തില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച മാസമാണ് വിട പറയുന്നത്. ദൈവീക ചിന്തയില്‍ മനസ്സ് കേന്ദ്രീകരിക്കപ്പെട്ടു. ഭൗതിക സുഖങ്ങള്‍ വെടിഞ്ഞു. ഓരോ ചുവടിലും സൂക്ഷ്മത വര്‍ധിച്ചു. സമയക്രമങ്ങള്‍ പാലിച്ചു. ഭക്ഷണം മാത്രമല്ല വാക്കുകളും ചിന്തകളും പോലും നിയന്ത്രിച്ചു. പ്രവര്‍ത്തിക്കൊപ്പം പ്രാര്‍ത്ഥനയും ജീവിത ശീലമാക്കി. നന്മയില്‍ ഊട്ടിയെടുത്ത സമ്പൂര്‍ണ്ണ വ്യക്തിത്വമാണ് റമസാന്‍ വ്രതം വിശ്വാസിക്കു സമ്മാനിച്ചത്.
അല്ലാഹുവുമായി ഏറ്റവും അടുത്ത് നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഏകാഗ്രതയും മന:ശാന്തിയും അളവറ്റതാണ്. ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമായി സമയവും ധനവും ചെലവഴിക്കുന്നത് വ്യര്‍ത്ഥമാണെന്ന് റമസാന്‍ ബോധ്യപ്പെടുത്തി. പാവപ്പെട്ടവന്റെ ദുരിതങ്ങള്‍ തിരിച്ചറിയാനും സഹായിക്കാനും കഴിഞ്ഞു. റമസാന്‍ പകര്‍ന്നു നല്‍കിയ ഈ സമഭാവനയുടെയും സമര്‍പ്പണത്തിന്റെയും പരിശീലനം സിദ്ധിച്ച വ്യക്തികള്‍ക്ക് നല്ല കുടുംബത്തെയും നല്ല സമൂഹത്തെയും സൃഷ്ടിക്കാന്‍ കഴിയും. അതാണ് ഭാവിയുടെ സമ്പത്ത്.   രോഗവും ദാരിദ്ര്യവും കൊണ്ട് ദുരിതമനുഭവിക്കുന്നവരും അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാതെ അലയുന്നവരും നമ്മുടെ വിളിപ്പാടകലെയുണ്ടെന്നത് മറക്കരുത്. യുദ്ധവും പ്രകൃതിക്ഷോഭവും സംഘര്‍ഷങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും വഴിയാധാരമാക്കിയ അനേക ലക്ഷം സഹോദരന്മാര്‍ ആഘോഷങ്ങളുടെ സമൃദ്ധിയില്ലാത ഈ സന്തോഷ ദിനത്തിലും പലായനത്തിന്റെ വഴിയിലായും അഭയാര്‍ത്ഥി സങ്കേതങ്ങളിലായും വേദനയോടെ കഴിയുന്നുണ്ട്. അവരെ മറക്കരുത്. പെരുന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒരു കൈ സഹായം അശരണരും അഗതികളും അനാഥരുമായവര്‍ക്കായി നീക്കിവെക്കണം. അവര്‍ക്കായി പ്രാര്‍ത്ഥിക്കണം. ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ മുഴുകണം. അപരന് ആശ്രയവും ആശ്വാസവുമേകുന്നതിലാണ് ആനന്ദം കണ്ടെത്തേണ്ടത്. രാജ്യത്തിന്റെ അഖണ്ഡതയും മതമൈത്രിയും വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും ജീവകാരുണ്യ യജ്ഞങ്ങള്‍ക്ക് കരുത്തു പകരുന്നതിനും മുന്നിട്ടിറങ്ങുക. മാനവിക ഐക്യത്തിനും ദൈവീക സ്മരണ നിറഞ്ഞ ജീവിതത്തിനുമായി പ്രതിജ്ഞ പുതുക്കുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍….. അല്ലാഹു അക്ബര്‍….. വലില്ലാഹില്‍ ഹംദ്…..
Prof. John Kurakar


No comments: