Pages

Friday, July 8, 2016

കേരള കോണ്‍ഗ്രസ്; നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കാകുന്നു

 കേരള കോണ്ഗ്രസ്; നിയമസഭയില്
പ്രത്യേക ബ്ളോക്കാകുന്നു
നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകുന്ന കാര്യം കേരള കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയാകുന്നു. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അത്തരത്തിലുളള തീരുമാനം വേണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. ഇക്കാര്യത്തില്‍ ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്കുവരുമെന്നാണ് അറിയുന്നത്. ഇതോടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിര്‍ണായകമായി മാറി. അടുത്ത സ്റ്റിയറിംഗ് കമ്മിറ്റി 17നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരത്തെ ആക്കുന്നതിനും നീക്കം നടക്കുന്നുണ്ട്.
ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടും അതിന്റെ തുടര്‍ച്ചയായി ബിജുരമേശിന്റെ മകളുടെ  വിവാഹ നിശ്ചയചടങ്ങില്‍ പങ്കെടുത്തതുമാണ് കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍. കേരള കോണ്‍ഗ്രസ് എം പ്രസിദ്ധീകരണമായ പ്രതിഛായയിലെ മുഖലേഖനത്തില്‍ കോണ്‍ഗ്രസിനെ അതിരൂക്ഷമായാണ് കടന്നാക്രമിക്കുന്നത്. ഇക്കാര്യത്തില്‍ വാരികയും, യുവജന വിഭാഗം നേതാക്കളും കോണ്‍ഗ്രസിനെ അതിനിശിതമായി വിമര്‍ശിക്കുമ്പോഴും കേരള കോണ്‍ഗ്രസ് നേതൃത്വം മൗനത്തിലാണ്.  വാരികയില്‍ വിവാദ ലേഖനം വന്ന ശേഷം പ്രതികരിച്ചപ്പോഴും കെഎം.മാണി അതിനെ ന്യായീകരിച്ചിട്ടില്ല. തന്റെ നിലപാടല്ല, പാര്‍ട്ടിയില്‍ പുകയുന്ന പ്രതിഷേധമാണ് പുറത്തുവരുന്നതെന്നത് വ്യക്തമാക്കുന്നതിനാണ് ഈ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിലുളള അതൃപ്തി ജോസ്  കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെയാണ് കേരള കോണ്‍ഗ്രസ് പൂര്‍ണമായി തന്നെ കോണ്‍ഗ്രസുമായി അകന്നത്. ആഭ്യന്തരമന്ത്രിയായിരിക്കെ ബാര്‍കേസില്‍ കെ.എം മാണിയെ പ്രതികൂട്ടിലാക്കാന്‍ രമേശ് ശ്രമിച്ചുവെന്ന് നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നതാണ്. മാണിയെ മാത്രം രാജിവപ്പിക്കുകയും വിജിലന്‍സ് കേസില്‍ കുടുക്കാനും കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസിലിരുപ്പ്. തങ്ങളെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായി എന്തിനു ചങ്ങാത്തമെന്നാണ് പാര്‍ട്ടിയുടെ നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.
നിലവിലുളള രാഷ്ട്രീയസാഹചര്യത്തില്‍ നിയമസഭയില്‍ തങ്ങളുടേതായ ശബ്ദം ഉയരുന്നതാണ് നല്ലതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിന്റെ കാഴ്ച്ചപ്പാട്. ബാര്‍ കേസ് ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍  കോണ്‍ഗ്രസ് ആത്മാര്‍ഥതയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ എന്തിന് സഭയില്‍ പിന്തുണയ്ക്കുന്നു എന്നാണ് ചോദ്യം. പ്രത്യേക ബ്‌ളോക്കാവുന്നതിലൂടെ തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ കഴിയുമെന്നും ഭരണ മുന്നണിയുമായുളള അകല്‍ച്ച കുറയ്ക്കാന്‍ കഴിയുമെന്നും നേതാക്കള്‍ കരുതുന്നു. ബാര്‍കേസ് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഭരണമുന്നണിയില്‍ നിന്നുളള ആക്രമണം കുറയ്ക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. ഏറ്റുമുട്ടലിനു പകരം സമവായ നിലപാട് സ്വീകരിക്കുക വഴി അടുത്ത രാഷ്ട്രീയ കരുനീക്കത്തിനും വഴി തുറന്നിടുകയാണ് ലക്ഷ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയുമായുളള ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ബാര്‍ കോഴ ആരോപണം പൊട്ടിവീണത്. ഇടതുപാളയത്തിലേക്കുളള കെഎം. മാണിയുടെ പോക്കിന് തടയിടുകയായിരുന്നു ലക്ഷ്യം. ആ നീക്കം പൊളിച്ചതിനുളള മധുരപ്രതികാരം കൂടിയാണ് പുതിയ നീക്കത്തിലൂടെ കേരള കോണ്‍ഗ്രസ് എം  ലക്ഷ്യമിടുന്നത്.
Prof. John Kurakar


No comments: