മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി എഫ്ഐആര്
മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘമാണ് എഫ്‌ഐആര്‍ രജിസ്്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി
അടക്കം അഞ്ച് പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡോ എംഎന്‍ സോമന്‍, കെകെ മഹേശന്‍, നജീബ്, ദിലീപ് എന്നിവരാണ് മറ്റുള്ളവര്‍.
ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവു ലഭിച്ചെന്ന് അന്വേഷണ സംഘം ഇന്നലെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ തെളിവുശേഖരിക്കുന്നുണ്ടെന്നും അതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവും കോടതി അനുവദിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൈക്രോഫിനാന്സ് കേസില് എസ്.എന്.ഡി.പി യോഗത്തിനെതിരെ തെളിവില്ലെന്ന് വൈസ് പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളി പറഞ്ഞു. കേസ് സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ല. എസ്.എന്.ഡി.പി യോഗ നേതൃത്വം സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. ദേശസാത്കൃത ബാങ്കുകളില് നിന്ന് പണം മൈക്രോഫിനാന്സ് യൂണിറ്റുകളിലേക്ക് ചെക്കുമുഖേനയാണ് നല്കിയിട്ടുള്ളത്. യോഗത്തിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും വന്നിട്ടില്ല. നബാര്ഡിന്റെ പണം മാത്രമാണ് യോഗം വഴി വന്നത്. ഇതില് രണ്ടു കോടി രൂപയോളം മാത്രമാണ് തിരിച്ചടയ്ക്കാനുള്ളത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും വിജിലന്സിന് കൈമാറിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് സംഘടനാതലത്തില് അന്വേഷണം നടത്തി പലര്ക്കെതിരെയും യോഗം തന്നെ കേസ് കൊടുത്തിട്ടുള്ളതാണ്. ക്രമക്കേട് നടന്നപ്പോഴെല്ലാം കുറ്റക്കാര്ക്കെതിരെ നേതൃത്വം നടപടിയെടുത്തിട്ടുണ്ട്. ഏതെങ്കിലും പഞ്ചായത്തില് അഴിമതി നടന്നാല് മുഖ്യമന്ത്രിയെ ജയിലിടണം എന്നു പറയുന്നതുപോലെയാണ് യോഗ നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങളെന്നും തുഷാര് പറഞ്ഞു.
Prof. John Kurakar


No comments:
Post a Comment